Latest NewsIndia

ഡൽഹി കലാപം: ഐബി ഓഫീസർ അങ്കിത് ശർമ കൊലക്കേസ് പ്രതി മുൻതാജിം  2 വർഷത്തിന് ശേഷം തെലങ്കാനയിൽ അറസ്റ്റിലായി

ഹൈദരാബാദ്: ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ എന്ന തരത്തിൽ നടന്ന കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ. തെലങ്കാനയിലെ മീർപേട്ടിൽ നിന്ന് മുൻതാജിം എന്ന മൂസ ഖുറേഷി എന്ന പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം, മുൻതാജിമിന്റെ തലയ്ക്ക് 50,000 രൂപ റിവാർഡ് പ്രഖ്യാപിച്ചിരുന്നു.

ഒക്‌ടോബർ 10-ന് മുൻതാജിമിനെ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. 2020-ൽ റിയാസത്ത്, ഷാനവാസ്, സൽമാൻ എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. മുൻ എഎപി നേതാവ് താഹിർ ഹുസൈനും സഹോദരനും കേസിൽ പ്രതികളാണ്. ഇപ്പോൾ അറസ്റ്റിലായ മൂസയും ആം ആദ്മി പ്രവർത്തകനാണെന്നാണ് സൂചനകൾ. കെജ്രിവാളിനൊപ്പമുള്ള ഇയാളുടെ ചിത്രങ്ങൾ ചില മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ തട്ടിക്കൊണ്ടുപോയി ചിത്രവധം ചെയ്തതിനു ശേഷമാണ് മൃതദേഹം അഴുക്കു ചാലിൽ തള്ളിയത്. ഫെബ്രുവരി 25 ന് ഖജൂരി ഖാസ് ഏരിയയിലെ താഹിർ ഹുസൈന്റെ വസതിക്ക് പുറത്ത് അങ്കിത് ശർമയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. താഹിർ ഹുസൈന്റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം അങ്കിത് ശർമ്മയെ പ്രത്യേകമായി ലക്ഷ്യമിട്ടിരുന്നതായി ഡൽഹി പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഇവർ ആരോപിച്ചിരുന്നു. ശർമ്മയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. മറ്റു പ്രതികൾ പിടിക്കപ്പെട്ടെങ്കിലും മൂസ ഒളിവിലായിരുന്നു. ഇയാളെ ആണ് കഴിഞ്ഞ ദിവസം പോലീസ് തെലങ്കാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button