Latest NewsKerala

‘ടൂറിസ്റ്റ് ബസിനുള്ളിലെ ലൈറ്റ് സംവിധാനങ്ങള്‍ക്കും ഡിജെ സൗണ്ട് സിസ്റ്റങ്ങള്‍ക്കും ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: ‘ടൂറിസ്റ്റ് ബസിനുള്ളിലെ ലൈറ്റ് സംവിധാനങ്ങള്‍ക്കും ഡിജെ സൗണ്ട് സിസ്റ്റങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. . ബസുകളില്‍ ചട്ടപ്രകാരമല്ലാത്ത എല്‍ഇഡി ലൈറ്റുകളും ബോഡിയില്‍ കൂറ്റന്‍ ചിത്രങ്ങളും എഴുത്തുകളും ഹൈക്കോടതി വിലക്കി. മോട്ടോര്‍ വാഹന നിയമവും ചട്ടവും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ബസിനുള്ളില്‍ ലൈറ്റ് സംവിധാനങ്ങള്‍ക്കൊപ്പം കരോക്കെ സിസ്റ്റവും മറ്റും ഉള്‍പ്പെട്ട ഡിജെ സൗണ്ട് സിസ്റ്റങ്ങളും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ ശല്യവും അപകടവും അസൗകര്യവും ഉണ്ടാക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.തീവ്രതയേറിയ ദൃശ്യ, ശ്രാവ്യ സംവിധാനം ഘടിപ്പിച്ചതിനു റോഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ നോട്ടിസ് നല്‍കിയതിനെതിരെ വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്.

വാഹനത്തിലേക്കു പൊതുജനശ്രദ്ധ ആകര്‍ഷിക്കാനും വാഹനസര്‍വീസിനു പ്രചാരണം കിട്ടാനും കൂറ്റന്‍ വരകളും എഴുത്തുകളും ഗ്രാഫിക്സും വാഹനങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഫീസ് ഈടാക്കി പോലും ഇതനുവദിക്കരുത്. മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രകാരം വെടിപ്പായ പെയ്ന്റിങ് മാത്രമേ പാടുള്ളൂ. സര്‍വീസ് ഓപ്പറേറ്ററുടെ പേരും വിവരങ്ങളും ചട്ടപ്രകാരം പ്രദര്‍ശിപ്പിക്കണം.സുരക്ഷാ ഗ്ലാസുകള്‍ മറച്ചുള്ള എഴുത്തുകളും വരകളും ടിന്റഡ് ഫിലിമുകളും തുണികൊണ്ടുള്ള കര്‍ട്ടനുകളും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നീക്കണം.

രജിസ്ട്രേഷന്‍ നമ്പര്‍/ രജിസ്ട്രേഷന്‍ മാര്‍ക്ക് അതിനായി നിഷ്‌കര്‍ഷിച്ച സ്ഥലത്ത്, വ്യക്തമായി കാണാവുന്ന തരത്തില്‍ കേന്ദ്ര മോട്ടോര്‍വാഹന ചട്ടവും മോട്ടോര്‍വാഹന (ഡ്രൈവിങ്) ചട്ടവും പ്രകാരം പ്രദര്‍ശിപ്പിക്കണം. ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button