Latest NewsNewsIndia

കയറ്റുമതി പ്രതിസന്ധിയിൽ; ചരക്കുവിമാന സർവീസിന് അനുമതി തേടി എംപിമാർ

കേരളത്തിൽനിന്ന് ഇന്ത്യൻ ചരക്കു വിമാനങ്ങളില്ലാത്തതിനാൽ കയറ്റുമതി പൂർണമായി നിലച്ച സ്ഥിതിയാണ്.

ന്യൂഡൽഹി: കേരളത്തിൽ ചരക്കുവിമാന സർവീസിന് കേന്ദ്രത്തിനോട് അനുമതി തേടി എംപിമാർ. വിദേശ ചരക്കു വിമാനങ്ങൾക്കു കേരളത്തിൽ സർവീസ് നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംസ്ഥാനത്തെ എംപിമാരും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചു. വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയെ കഴിഞ്ഞ ദിവസം സന്ദർശിച്ച മുരളീധരൻ, കൊച്ചിയിൽനിന്ന് സർവീസിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടു.

Read Also: ജെഇഇ പരീക്ഷയിൽ ഒന്നാം റാങ്ക്; അച്ഛനും മകനും അറസ്റ്റിൽ

എന്നാൽ ചരക്കു വിമാനങ്ങൾക്കുള്ള വിലക്കു മൂലം കേരളത്തിൽനിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലായെന്നും സർവീസിന് അടിയന്തരമായി അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് എംപിമാരായ കെ. മുരളീധരൻ, ശശി തരൂർ, ഹൈബി ഈഡൻ എന്നിവർ പുരിക്കു കത്തയച്ചു. സംസ്ഥാനത്ത് നിന്നുള്ള പഴം, പച്ചക്കറികൾ കയറ്റുമതിക്കായി റോഡ് മാർഗം ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലെത്തിക്കേണ്ട അവസ്ഥയാണെന്നും ഇതു കച്ചവടക്കാർക്കു വൻ നഷ്ടമുണ്ടാക്കുമെന്നും എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അഡ്ഹോക്, നോൺ ഷെഡ്യൂൾഡ് ചാർട്ടർ‌ വിമാനങ്ങൾ ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ വിമാനത്താവളങ്ങളിൽനിന്ന് സർവീസ് നടത്തിയാൽ മതിയെന്നു ചൂണ്ടിക്കാട്ടി സെപ്റ്റംബർ 15നാണു വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയിൽ നിന്നുള്ള ചരക്കു വിമാന സർവീസുകൾക്കും തുല്യ അവസരം ലഭ്യമാക്കാനെന്ന പേരിലായിരുന്നു ഇത്.

അതേസമയം ഇന്ത്യൻ ചരക്കു വിമാനങ്ങൾക്കു കേരളത്തിൽ നിന്നടക്കം രാജ്യത്തെവിടെനിന്നും സർവീസ് നടത്താൻ അനുമതിയുണ്ടെന്നാണു മന്ത്രാലയത്തിന്റെ വാദം. എന്നാൽ, കേരളത്തിൽനിന്ന് ഇന്ത്യൻ ചരക്കു വിമാനങ്ങളില്ലാത്തതിനാൽ കയറ്റുമതി പൂർണമായി നിലച്ച സ്ഥിതിയാണ്. എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് എന്നിവയുടെ ചരക്കു വിമാനങ്ങൾ മുൻപ് ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button