Latest NewsNewsFootballSports

ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് 81-ാം പിറന്നാൾ

ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ഇന്ന് 81-ാം പിറന്നാൾ. പന്ത് കൊണ്ട് ഇന്ദ്രജാലം തീർത്ത് കളി മൈതാനത്ത് വിസ്മയം തീർക്കുന്ന പെലെ ബ്രസീലിലെ വീട്ടിൽ പിറന്നാൾ ആഘോഷിക്കും. എഡ്സൺ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെ മൂന്ന് ലോകകപ്പുകൾ നേടിയ ഏകതാരമാണ്. ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട കരിയറിലുടനീളം ഗോളുകളടിക്കുന്നത് ഹരമാക്കി. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോറർ.

92 മത്സരങ്ങളിൽ 77 ഗോളുകൾ. ക്ലബ്ബ് കരിയറിൽ ബ്രസീലിലെ സാന്റോസ്, ന്യൂയോർക്ക് കോസ്മോസ് ടീമുകൾക്കുവേണ്ടി 1363 കളികളിൽ 1281 ഗോളുകൾ. മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം. 1940 ഒക്ടോബർ 23-ന് ബ്രസീലിലെ ട്രെസ് കൊറാക്കോസിൽ പെലെ ജനിച്ചു . ഫ്ളുമിനെൻസ് ക്ലബ്ബിന്റെ ഫുട്ബോൾ താരമായിരുന്ന ഡോൺഡീന്യോയുടെയും സെലസ്റ്റി അരാന്റസിന്റെയും മാന്ത്രികൻ. പിൽക്കാലത്ത് അവൻ ഫുട്ബോൾ ലോകത്തിനു മുഴുവൻ പ്രകാശം ചൊരിഞ്ഞു.

1957-ൽ ബ്രസീലിനുവേണ്ടി ആദ്യമത്സരം കളിച്ചു. 1971-ൽ ദേശീയടീമിൽനിന്ന് വിരമിച്ചു. 1956-1974 കാലത്താണ് സാന്റോസ് ക്ലബ്ബിൽ കളിച്ചത്. 1975 മുതൽ രണ്ട് വർഷം ന്യൂയോർക്ക് കോസ്മോസിൽ. ബൂട്ടഴിച്ചശേഷവും പൊതുരംഗങ്ങളിൽ സജീവം. ദരിദ്രനായി ജനിച്ചു. വർണവിവേചനത്തിന്റെ ചുറ്റുപാടുകളിൽ പരിഹാസങ്ങൾ കേട്ടു വളർന്നു. സോക്സിൽ തുണിയും കടലാസുകളും നിറച്ചുണ്ടാക്കിയ പന്തുതട്ടി കളിച്ചു.

Read Also:- ലോകകപ്പ് രണ്ട് കൊല്ലത്തിലെന്ന നിർദേശം യൂറോപ്യൻ ലീഗുകൾ തള്ളി, തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ഫിഫ

കുട്ടിത്തം മാറുംമുമ്പേ, അസാമാന്യ പ്രതിഭ തെളിഞ്ഞു. കൗമാരത്തിൽ ആദ്യ ലോകകിരീടം സ്വന്തമാക്കി. ഭൂമിയിലെ ഏറ്റവും പ്രസിദ്ധനായ മനുഷ്യനായി. ബ്രസീലിൽ വിശ്രമത്തിലാണിപ്പോൾ പെലെ. വൻകുടലിൽ ട്യൂമർ വന്നതിനെത്തുടർന്ന് ബ്രസീലിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന പെലെ ഈയിടെയാണ് രോഗമുക്തി നേടിയത്. ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്ത പെലെ ആരോഗ്യം വീണ്ടെടുത്തു.

shortlink

Post Your Comments


Back to top button