Latest NewsNewsIndia

‘പരീക്ഷയില്ലാതെ വിജയിക്കുമെന്ന് കരുതിക്കാണും, ഹിജാബുമായി അതിന് ബന്ധമില്ല’: കർണാടക വിദ്യാഭ്യാസ മന്ത്രി

ബംഗളൂരു: പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബോർഡ് പരീക്ഷകൾ 28 നാണ് കർണാടകയിൽ ആരംഭിച്ചത്. ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി വന്നതിന് ശേഷമുള്ള ആദ്യ പരീക്ഷ എഴുതാൻ, കോടതി വിധി പാലിച്ച് നിരവധി വിദ്യാർത്ഥിനികളെത്തി. എന്നാൽ, ഹിജാബാണ് വലുതെന്നും, ഹിജാബ് അഴിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി നിരവധി വിദ്യാർത്ഥിനികൾ പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങിയിരുന്നു. 20,994 വിദ്യാർത്ഥികൾ ആണ് ഇത്തവണ പരീക്ഷ എഴുതാതിരുന്നത്. ഹിജാബ് വിവാദമാണ് കാരണമെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും, അതല്ലെന്ന് പറയുകയാണ് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്.

വിദ്യാർത്ഥികൾ പരീക്ഷയെഴുതാൻ വരാതിരുന്നതും ഹിജാബ് വിവാദവും തമ്മിൽ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെപ്പോലെ പരീക്ഷയില്ലാതെ വിജയിക്കുമെന്ന് കരുതിയാണ് കൂടുതൽ വിദ്യാർത്ഥികൾ എൻറോൾ ചെയ്തതെന്നും അദ്ദേഹം ന്യായീകരിച്ചു. എന്നാൽ, എന്തുകൊണ്ടാണ് എൻറോൾ ചെയ്തിട്ടും ഇത്രയും കുട്ടികൾ പരീക്ഷയ്ക്കെത്താതിരുന്നത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, അതിന് മറ്റ് പല കാരണങ്ങളുമാണ് ഉള്ളതെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.

Also Read:മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് മസ്തിഷ്ക ക്യാൻസർ ഉണ്ടാകുമോ?: പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ

കർണാടക സെക്കണ്ടറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡിന്റെ (കെഎസ്ഇഇബി) കണക്കനുസരിച്ച് 8.69 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എൻറോൾ ചെയ്തിരുന്നു. എന്നാൽ, 20,994 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷയെഴുതിയില്ല. കഴിഞ്ഞ വർഷം 3769 പേർ മാത്രമായിരുന്നു ഹാജരാകാതിരുന്നത്. ഹിജാബ് വിവാദത്തെ തുടർന്നാണ് ഇത്രയധികം കുട്ടികൾ പരീക്ഷയെഴുതാത്തത് എന്നാണ് വിവരം. കഴിഞ്ഞ വർഷം 99.54% ആയിരുന്ന ഹാജർ ഈ വർഷം 97.59% ആയി കുറഞ്ഞതായി കെ.എസ്.ഇ.ഇ.ബി അറിയിച്ചു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസത്തിന് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള കർണാടക മന്ത്രിസഭയിലെ മന്ത്രിമാർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button