Kerala

മൂന്നാംമുറയ്‌ക്കെതിരെ ഡിജിപി രംഗത്ത്

തിരുവനന്തപുരം : വാഹനപരിശോധനയ്ക്കിടെ ജനങ്ങളോട് മോശമായി പെരുമാറിയാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ ബഹ്‌റ. തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഡിജിപി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിപറയാനെത്തുന്നവരോടും പൊതുജനങ്ങളോടുമുള്ള പോലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

കൊല്ലത്ത് ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് നിര്‍ത്താന്‍ താമസിച്ച യുവാവിനെ വയര്‍ലെസ് സെറ്റ് കൊണ്ട് പോലീസുകാരന്‍ തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. യുവാവ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഭാര്യയും മകളുമായി യാത്രചെയ്യുമ്പോഴാണ് പോലീസുകാരന്റെ മര്‍ദ്ദനത്തിനിരയായത്. സംഭവം വിവാദമായത്തോടെ പോലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്.

കൊല്ലത്ത് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ ക്രിമിനല്‍ കേസെടുക്കാനും വകുപ്പതല നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ഇത്തരമൊരു പെരുമാറ്റം ഒരു പോലീസ് സേനാംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായതില്‍ സംസ്ഥാന പോലീസ് മേധാവി എന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡിജിപി പറഞ്ഞു.

കുറ്റാന്വേഷണങ്ങളുടെയും പരാതികളുടെയും ഭാഗമായി കസ്റ്റഡിയിലെടുക്കുന്നവരോട് മൂന്നാം മുറ പാടില്ല. ഇത് സിവില്‍പോലീസ് ഉദ്യോഗസ്ഥന്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ പാലിക്കണം. ജനങ്ങളോട് മാന്യമായി ഇടപെടണം. ഇക്കാര്യം ഡിജിപി ആയി ചുമതലേയറ്റ അന്ന് തന്നെ വ്യക്തമാക്കിയതാണെന്നും ലോക്‌നാഥ് ബഹ്‌റ പറയുന്നു. എന്നാല്‍ ഇപ്പോഴും ചില ഉദ്യോഗസ്ഥര്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ട്. കൊല്ലത്തെ സംഭവും അതാണ് സൂചിപ്പിക്കുന്നത്.

മൂന്നാം മുറയ്‌ക്കെതിര ശക്തമായ നടപടിയെടുക്കണമെന്ന് ഡിജിപി റേഞ്ച് ഐജിമാര്‍ക്കും സോണല്‍ എഡിജിപിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പോലീസുകാര്‍ക്ക് പൊതുജനങ്ങളോടുള്ള സമീപനം മെച്ചപ്പെടുത്തുന്നതിനും വൈകാരിക മനോഭാവം ആശയവിനിമയ ശേഷി, മറ്റുള്ളവരോടുള്ള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഒരു സോഫ്റ്റ് സ്‌കില്‍ പരിശീലന പരിപാടി ഈ മാസം മുതല്‍ നടപ്പാക്കുമെന്നും ഡിജിപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button