Latest NewsSpiritualityഭക്തിപരമായ

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ രണ്ടു പ്രതിഷ്ഠകളുടെ രഹസ്യം

സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് കൊടുങ്ങല്ലൂരിൽ ശ്രീകോവിലിനകത്ത് രണ്ടു പ്രതിഷ്ഠകൾക്ക് പൂജ നടക്കുന്നത് ഭക്തരിൽ പലർക്കും സംശയമുണ്ടാക്കാറുണ്ട്.

കേരളത്തിലെ കാളീക്ഷേത്രങ്ങളുടെയെല്ലാം മൂലസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കൊടുങ്ങല്ലൂർ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാളീക്ഷേത്രം എന്നതിനോടൊപ്പം തന്നെ, ആചാരവൈവിധ്യങ്ങളുടെ കേളീഗൃഹം കൂടിയാണ് കൊടുങ്ങല്ലൂർ. സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് കൊടുങ്ങല്ലൂരിൽ ശ്രീകോവിലിനകത്ത് രണ്ടു പ്രതിഷ്ഠകൾക്ക് പൂജ നടക്കുന്നത് ഭക്തരിൽ പലർക്കും സംശയമുണ്ടാക്കാറുണ്ട്. കൊടുങ്ങല്ലൂർ അടക്കം കേരളത്തിലെ പതിമൂന്നു കാവുകളിൽ അവലംബിക്കപ്പെട്ടിട്ടുള്ള രുരുജിത് വിധാനം എന്ന താന്ത്രിക പൂജാക്രമം ആണ് അതിനു കാരണം.

രുരുജിത്, ദക്ഷജിത്, ദാരികജിത്, മഹിഷജിത് എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിലുള്ള കാളീ പ്രതിഷ്ഠകൾ ഭാരതത്തിലുണ്ട്. പക്ഷെ കേരളത്തിൽ കാണപ്പെടുന്ന താന്ത്രികവിധാനം കാശ്മീരി താന്ത്രിക ശൈലിയിലുള്ള രുരുജിത് ആണ്. രുരു എന്ന അസുരനെ വധിച്ച ദേവീഭാവത്തിലുള്ള പ്രതിഷ്ഠാ വിധാനം ആണ് രുരുജിത്. അതീവപ്രഭാവമുള്ള ഇത്തരം ക്ഷേത്രങ്ങളിൽ, തട്ടകത്തമ്മയായ ശ്രീ ഭദ്രകാളിക്കൊപ്പം ശ്രീകോവിലിൽ , രൗദ്രസ്വരൂപിണിയായ ചാമുണ്ഡിയെയും ശ്രീകോവിലിനോട് ചേർന്ന് തന്നെ സപ്തമാതാക്കളെയും പ്രതിഷ്ഠ നടത്തിയിരിക്കുന്നു. സപ്തമാതൃക്കൾക്കൊപ്പം തന്നെ വീരഭദ്രൻ, ഗണപതി എന്നീ പ്രതിഷ്ഠകളും ഉണ്ടാകും. ക്ഷേത്രത്തിന് പുറത്ത് ക്ഷേത്രപാലക പ്രതിഷ്ഠയും ഉണ്ടാകും. രുരുജിത് വിധാന പ്രകാരം പ്രതിഷ്ഠ നടത്തപ്പെട്ടിട്ടുള്ള ശാക്തേയ കാവുകളിൽ എല്ലാം പ്രധാനമൂർത്തി ഭൈരവസ്വരൂപനായ മഹാദേവനാണ്.

നേദ്യം മുതലായ പൂജകൾ എല്ലാം ശിവന് നടത്തിയ ശേഷം മാത്രമേ മറ്റു മൂർത്തികൾക്ക് നടത്തപ്പെടുകയുള്ളൂ. കാസർഗോഡ് നിലേശ്വരത്തെ മന്നുംപുറത്തു കാവ്, കണ്ണൂരിലെ മാടായിക്കാവ്, കളരിവാതുക്കല്‍ കാവ്, മാമനിക്കുന്നു കാവ്, തിരുവഞ്ചേരിക്കാവ്, കളിയാംവള്ളിക്കാവ്, കോഴിക്കോട് പിഷാരിക്കാവ്,തിരുവളയനാട്ടുകാവ്, പാലക്കാട് കൊടിക്കുന്നത്തുകാവ്, മലപ്പുറം അങ്ങാടിപ്പുറത്തുളള തിരുമാന്ധാംകുന്നത്തുകാവ്, പത്തനംതിട്ട പനയന്നാര്‍ കാവ്, തിരുവല്ല മുത്തൂറ്റ് കാവ് എന്നീ ക്ഷേത്രങ്ങളിൽ രുരുജിത് വിധാനപ്രകാരം പ്രതിഷ്ഠ നടത്തപ്പെട്ടിട്ടുണ്ട്.

ഉഗ്രസ്വരൂപിണിയായ ചാമുണ്ഡിക്ക് വിഗ്രഹം പതിവില്ല. പകരം പീഠം മാത്രമേ ഉണ്ടാകാറുള്ളൂ. പ്രതിഷ്ഠയുടെ രൗദ്രഭാവം മൂലം ഭക്തർക്ക് നട തുറന്നു ദർശനവും സാധ്യമല്ല. കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാനോ, തമ്പുരാട്ടിയോ ദർശനം നടത്തുമ്പോൾ മാത്രം ഈ നടയുടെ ഒരു വാതിൽ തുറക്കുമെങ്കിലും, അവർ ആ സമയം സാഷ്ടാംഗ നമസ്കാരം ചെയ്യുകയായിരിക്കും. നമസ്കരിച്ച് എഴുന്നേൽക്കുന്നതിനു മുൻപ് നട അടയ്ക്കുകയും ചെയ്യും.

വാമാചാര വിധിപ്രകാരം പൂജ നടന്നിരുന്ന മേൽപ്പറഞ്ഞ ക്ഷേത്രങ്ങളിൽ എല്ലാം പൂജാരിമാർക്ക് ശ്രീകോവിലിലേയ്ക്ക് പോകുവാനായി രഹസ്യഗുഹാമാർഗം കൂടി ഉണ്ടായിരുന്നു. കൊടുങ്ങല്ലൂരിൽ മീനമാസത്തിലെ അശ്വതിപൂജയും കാവുതീണ്ടലും കഴിഞ്ഞ് നടയടച്ചുകഴിഞ്ഞാല്‍ നട തുറക്കുന്നത് വരെയുള്ള ആറ് യാമങ്ങളിലായി ശ്രീകോവിലിനുള്ളില്‍ പൂജ ചെയ്യാൻ ഓരോ യാമങ്ങളിലും അടികള്‍മാര്‍ എത്തിക്കൊണ്ടിരുന്നത് ഈ ഗുഹാമാര്‍ഗ്ഗമായിരുന്നു. ആദിശങ്കരന്റെ വരവോടെ പൂജാവിധാനങ്ങളില്‍ വന്ന വ്യത്യാസമാണ് ഗുഹാമാര്‍ഗ്ഗത്തിലൂടെയുള്ള അടികള്‍മാരുടെ സഞ്ചാരം നിന്നുപോകാന്‍ കാരണം.

പ്രസാദ് 

 

shortlink

Related Articles

Post Your Comments


Back to top button