KeralaLatest News

കവയത്രിയും എഴുത്തുകാരിയുമായ ദീപ.ടി.മോഹന്‍ അന്തരിച്ചു, അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സോഷ്യൽ മീഡിയ

കവിതകളിലൂടെ പുതുകാലത്തുകൂടി സഞ്ചരിച്ച ദീപ.ടി.മോഹന്‍ കവിതക്കൂടുവിട്ട് പറന്നുപോയിരിക്കുന്നു.

കൊല്ലം: സോഷ്യൽ മീഡിയയിലെയും വിവിധ മാധ്യമങ്ങളിലെയും നിറസാന്നിധ്യമായിരുന്നു ദീപ ടി മോഹൻ. ദീപയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയയും സുഹൃത്തുക്കളും. വേദനയുടെ രോഗാവശതകളിലും അക്ഷരങ്ങളില്‍ മധുരം ചേര്‍ത്തെഴുതാന്‍ ശീലിച്ചുവെങ്കിലും മരണം പെട്ടെന്ന് കൂടെക്കൂട്ടുമെന്ന് ആരും കരുതിയില്ല. അപ്രതീക്ഷിതമായി കവയത്രിയെ നഷ്ടപ്പെട്ട ആരാധകരുടെ സങ്കടക്കുറിപ്പുകളാണ് രാവിലെ മുതല്‍ നവമാദ്ധ്യമങ്ങളില്‍ നിറഞ്ഞത്. കവിതകളിലൂടെ പുതുകാലത്തുകൂടി സഞ്ചരിച്ച ദീപ.ടി.മോഹന്‍ കവിതക്കൂടുവിട്ട് പറന്നുപോയിരിക്കുന്നു.

ദീപ ഈസ്റ്റ് കോസ്റ്റിന് വേണ്ടിയെഴുതിയ കവിത കാണാം:       വിരസത പടരുന്ന വാക്കുകള്‍

പ്രണയവും വിരഹവും ഹരിതവും എത്രയെഴുതിയിട്ടും മതിയായിരുന്നില്ല ദീപയ്ക്ക്. ദീപ.ടി.മോഹനെ രാവിലെ മരണം കൂട്ടിക്കൊണ്ടുപോയ വാര്‍ത്ത നൊമ്പരത്തോടെയാണ് പലരും അറിഞ്ഞത്. ചെറുതും വലുതുമായ കവിതകളിലൂടെ ഇത്രകാലവും ദീപ സഞ്ചരിച്ചപ്പോഴെല്ലാം തോളോട് തോള്‍ ചേര്‍ന്നവരാണ് നവമാദ്ധ്യമങ്ങളിലെ കൂട്ടുകാര്‍. പക്ഷെ, ശരീരം കാര്‍ന്നുതിന്നുന്ന കാന്‍സറിന്റെ ചിത്രം അവര്‍ക്കാര്‍ക്കും കാട്ടിക്കൊടുക്കാന്‍ ദീപ മനസുകാട്ടിയില്ല. ചിരിച്ചും പറഞ്ഞും കവിതകള്‍ ചൊല്ലിയും പോകുംവരെയും ആഘോഷമാക്കുവാന്‍ പ്രത്യേകം ദീപ ശ്രദ്ധിച്ചിരുന്നുവെന്ന് ഇപ്പോഴാണ് എല്ലാവരും ഓര്‍ക്കുന്നത്.

ദുബായില്‍ ഭര്‍ത്താവ് മോഹനൊപ്പം താമസിക്കുന്ന സമയത്തായിരുന്നു നിരവധി എഴുത്തുകൾ ദീപയുടെ തൂലികയിൽ വിരിഞ്ഞത്. ഇന്ന് മകന്റെ പോസ്റ്റ് കണ്ടപ്പോഴാണ് ദീപയുടെ വിയോഗം പലരും അറിഞ്ഞത്. ഇരുന്നൂറില്‍പ്പരം കവിതകള്‍ ബ്ളോഗിലെഴുതി. ഫേസ്ബുക്കിലും അത് നിറഞ്ഞു. നാട്ടിലേക്കുള്ള മടക്കയാത്രപോലും കവിതയായി. എഴുതിക്കൂട്ടിയത് ചേര്‍ത്ത് മോഹവള്ളി എന്ന പേരില്‍ പുസ്തകവുമിറക്കി.

തിരുവനന്തപുരത്തെ വാടക വീട്ടിലിരുന്ന് എഴുത്തിന്റെ ലോകത്ത് സജീവമാകാനൊരുങ്ങിയപ്പോഴാണ് രോഗത്തിന്റെ തീവ്ര വേദനകള്‍ ശരീരമാകെ പടര്‍ന്നത്. മൃതദേഹം ഉച്ചയോടെ തേവലപ്പുറത്തെ വീട്ടിലെത്തിച്ചു. വിദേശത്തായ ഭര്‍ത്താവിന് നാട്ടിലേക്കെത്താന്‍ കൊവിഡിന്റെ അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ വൈകിട്ടോടെ സംസ്കരിച്ചു. മകന്‍: ഡിമിന്‍ മോഹന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button