Prathikarana Vedhi

പട്ടാമ്പിയില്‍ ഒരു ദളിതനെ സാമൂഹ്യദ്രോഹികള്‍ തല്ലിക്കൊന്നിട്ട് ഒരു വര്‍ഷം തികയുന്നു

അനീഷ് കുറുവട്ടൂര്‍

ഫെബ്രുവരി 16, പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കുലുക്കല്ലൂരില്‍ വിപ്ലവം തലയ്ക്കുകയറിയ സാമൂഹ്യദ്രോഹികള്‍ പ്രഭാകരന്‍ എന്ന ഒരു പട്ടികജാതിക്കാരനെ തല്ലിക്കൊന്നിട്ട് ഒരുവര്‍ഷം തികയുന്നു. ഉത്തരേന്ത്യയിലെ ആത്മഹത്യകള്‍ക്കുവരെ ജാതിപരിവേഷം നല്‍കി ഇരയുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്ക്, പ്രഭാകരനെ തല്ലിക്കൊന്നതില്‍ പ്രതികരിക്കാന്‍ സാധിക്കാതെ പോയതിന് പ്രതികളുടെ രാഷ്ട്രീയം ആയിരിക്കാം കാരണം. രാജ്യത്തെ അസഹിഷ്ണുതക്കെതിരെ സമരം നടത്തുമ്പോഴും തങ്ങളുടെ പ്രവര്‍ത്തകരുടെ അസഹിഷ്ണുതയില്‍ ഒരു പാവപ്പെട്ട കുടുംബം വഴിയാധാരമായത് ഓര്‍ക്കാന്‍ സമയം ലഭിച്ചുകാണില്ല. ഹരിയാനയിലെ ദളിതന്‍റെ വീട്ടില്‍ ഫോട്ടോസെഷനു മത്സരിച്ചവരും രാഹുല്‍ വെമുലയുടെ ആത്മഹത്യയെ കൊലപാതകമാക്കി മാറ്റാന്‍ തൂലികയും മൈക്കുമെടുത്തവരും ഇന്നുവരെ ഈ ഈ കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആ പടികയറി ചെല്ലാതിരുന്നത് കുറ്റബോധം കൊണ്ടായിരിക്കാം.

മരണം നടന്നതിന്‍റെ അടുത്ത ദിവസം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഈ കുടുംബത്തിനു ലഭിക്കാതെ പോയത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. കോഴിക്കോട്ടെ നൗഷാദിന്‍റെ കുടുംബത്തിന് ഒരു മാസത്തിനുള്ളില്‍ ധനസഹായം നല്‍കിയതും ഇതേ സര്‍ക്കാര്‍ തന്നെയാണ് (ആ കുടുംബത്തിന് ലഭിച്ചത് തെറ്റാണ് എന്നല്ല, ഈ കുടുംബത്തിന് ഇതുവരെ ലഭിച്ചില്ല എന്ന ഉദ്ദേശത്തോടെ സൂചിപ്പിച്ചുവെന്ന് മാത്രം.) പ്രഭാകരന്‍റെ മകന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ബന്ധപ്പെട്ടവര്‍ക്ക് ഓര്‍മ്മപോലുമില്ല ഈ സമയത്ത് . കൊലപാതകം നടത്തിയ പ്രതികള്‍ ജാമ്യത്തിലിറങ്ങി നെഞ്ചും വിരിച്ചു നടക്കുന്നത് നീതിപീഠത്തിന്‍റെ അനാസ്ഥയോ നിയമനടപടികളുടെ സ്വാഭാവിക കാലതാമസമോ ആയിരിക്കാം. അതിനേക്കാള്‍ വലിയ കേസുകളാണല്ലൊ മന്ത്രിമാരുടെ അഴിമതിയും പെണ്‍വാണിഭവുമെല്ലാം, ആ തിരക്കുകള്‍ക്കിടയില്‍ ഒരു പാവപ്പെട്ട മനുഷ്യനെയും അയാളുടെ കുടുംബത്തെയും ആരു പരിഗണിക്കാന്‍?. മരണങ്ങളെ ആഘോഷിക്കാനും രാഷ്ട്രീയമുതലെടുപ്പ് നടത്തിയശേഷം അടുത്ത ഇരയുടെ പിറകെയോടാനും മാത്രമേ പലര്‍ക്കും സമയമുള്ളു. അതിനിടയില്‍ ഇതുപോലുള്ള ചരമവാര്‍ഷികങ്ങള്‍ ആരുമറിയാതെ കടന്നുപോയേക്കാം. പക്ഷെ ഇത്തരം ഇരകളുടെ ശാപവും അവരുടെ ഉറ്റവരുടെ കണ്ണീരും ഒരുദിവസം ആളിക്കത്തുക തന്നെചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button