India

ഇന്ത്യന്‍ നാവികസേനയുടെ വിമാനത്തിന്റെ ഇന്ധനടാങ്ക് തകര്‍ന്നു വീണു

വിശാഖപട്ടണം : ഇന്ത്യന്‍ നാവികസേനയുടെ വിമാനത്തിന്റെ ഇന്ധനടാങ്ക് തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെയാണ് ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29കെ വിമാനത്തിന്റെ ഇന്ധനടാങ്ക് തകര്‍ന്നു വീണത്. വിശാഖപട്ടണത്തെ ഐ.എന്‍.എസ് ദേഗയില്‍ തിങ്കളാഴ്ച രാവിലയോടെ സാധാരാണ നടത്തുന്ന പരിശീലന പരിപാടിക്കായി പറന്ന് പൊങ്ങിയ വിമാനത്തിനാണ് അപകടമുണ്ടായത്.

വിമാനത്തിന്റെ ഭാരം നിയന്ത്രിക്കാനായി കയറ്റിയ കാലിയായ ടാങ്കാണ് തകര്‍ന്ന് വീണത്. വിമാനം പറന്ന് പൊങ്ങുന്നതിന് മുമ്പെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് കാലിയായ ഇന്ധനടാങ്ക് വിമാനത്തില്‍ കയറ്റിയത്. ഇതാണ് എച്ച്.പി.സി.എല്‍ ക്വാര്‍ട്ടേഴ്‌സിനടുത്ത് തകര്‍ന്ന് വീണത്. സംഭവമറിഞ്ഞ പ്രദേശവാസികളാണ് ഉടന്‍ സ്ഥലത്തെത്തി ഇന്ധനടാങ്ക് കണ്ടെത്തിയത്. പിന്നീട് നാവികസേനാ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. 400 ലിറ്റര്‍ ഇന്ധനശേഷിയുള്ളതാണ് ടാങ്ക്.

സംഭവത്തിന് ശേഷം വളരെ ചെറിയ തീപിടിത്തമുണ്ടായെങ്കിലും ഉടന്‍ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനത്തിന് മറ്റ് തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്നും നാവികസേനാ അധികൃതര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് നാവികസേനാ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button