India

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യം മുസ്‌ളീങ്ങള്‍ മാത്രമാണെന്ന് യെച്ചൂരി പറഞ്ഞു. ആലപ്പുഴ ടൗണ്‍ഹാളില്‍ പുന്നപ്ര വയലാര്‍ സമരത്തിന്റെ 70-ാമത് വാര്‍ഷിക വാരാചരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം സമുദായത്തില്‍ നിലവിലുള്ള മുത്തലാക്ക് സമ്പ്രദായം ഭരണഘടനയ്‌ക്കെതിരാണ്. ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇത് അംഗീകരിക്കുന്നില്ല. മുസ്ലീം സമൂഹത്തിലെ പരിഷ്‌കാരത്തിനൊപ്പം ഹിന്ദു സമൂഹത്തിലും മാറ്റങ്ങള്‍ വേണം. ക്ഷേത്ര പ്രവേശനത്തില്‍ ഹൈന്ദവ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യഅവകാശമില്ല. മുത്തലാക്കും സര്‍ജിക്കല്‍ സ്‌ട്രൈക്കും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും യച്ചൂരി പറഞ്ഞു. ജനങ്ങളുടെ അവകാശമാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. എന്നാല്‍ നാനാവിധത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ ദളിത് വിഭാഗങ്ങളെ കയ്യേറ്റം ചെയ്യുന്നു. രാജ്യത്തെ കലാപഭൂമിയാക്കാന്‍ ബോധപൂര്‍വമായ പരിശ്രമങ്ങളാണ് നടക്കുന്നത്.

ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണര്‍ ആക്കാനാണ് മോദിയുടെ ശ്രമം. ഏതു വിധത്തിലുള്ള ഭീകരതയെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എതിര്‍ക്കും. എന്നാല്‍ ഇത്തരം വികാരങ്ങളെ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായി ദുരുപയോഗിക്കുന്നു. മോദി ഉള്ളതുകൊണ്ടാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലൊരു സൈനിക നീക്കം നടന്നതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചത്. ഇത്തരം മിന്നലാക്രമണം ആദ്യമായിട്ടല്ല. പക്ഷേ, സൈന്യത്തെ വോട്ടിനായി ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇതാദ്യമാണെന്ന് യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button