Latest NewsNewsIndia

ബി.ജെ.പിയെ എതിര്‍ക്കാനായി ഒരുമിച്ച്‌​ പോരാട്ടം നടത്താം: തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറെന്ന്​ യെച്ചൂരി

നിലവില്‍ മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സജീവമാക്കുന്നത്​ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്​.

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറാണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷം ഒരുമിച്ച് പോരാടണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയതലത്തില്‍ സഹകരണമാവാമെന്നാണ്​ യെച്ചൂരിയുടെ നിലപാട്​. പശ്ചിമബംഗാൾ, ത്രിപുര സംസ്ഥാനങ്ങളില്‍ ഇരു പാര്‍ട്ടികളും പരസ്​പരം സഹകരിക്കില്ല. ദേശീയതലത്തില്‍ ബി.ജെ.പിയെ എതിര്‍ക്കാനായി ഒരുമിച്ച്‌​ പോരാട്ടം നടത്താമെന്നാണ്​ സി.പി.എം വ്യക്​തമാക്കുന്നത്​.

അതേസമയം, ഇതുമായി ബന്ധപ്പെട്ട്​ തൃണമൂല്‍ കോണ്‍ഗ്രസ്​ നിലപാട്​ വ്യക്​തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിനും ദേശീയതലത്തിലെ സഹകരണത്തിനോട്​ എതിര്‍പ്പില്ലെന്നാണ്​ സൂചന. ബി.ജെ.പിയെ എതിര്‍ക്കാന്‍ തൃണമൂലുമായി സഹകരണമാവാമെന്ന്​ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ്​ നിലപാടെടുത്തു. കേരളത്തിലെ സി.പി.എം നേതൃത്വത്തെ കുറിച്ച്‌​ തൃണമൂലിന്​ നല്ല അഭിപ്രായമാണ്​ ഉള്ളത്​. എന്നാല്‍, നിയമസഭയില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിക്കാതിരുന്ന ബംഗാള്‍ നേതൃത്വത്തോട്​ തൃണമൂലിനും വലിയ താല്‍പര്യമില്ല.

Read Also: ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി: ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

നിലവില്‍ മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സജീവമാക്കുന്നത്​ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്​. ഇതിനായി സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദേശീയതലത്തില്‍ തൃണമൂലുമായി സഹകരിക്കാമെന്ന നിലപാടിലേക്ക്​ സി.പി.എമ്മും എത്തുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button