Gulf

പൊതുമാപ്പ് കാലാവധി അവസാനിക്കുന്നു ; 6 ദിവസത്തിനുള്ളിൽ 9000ത്തോളം പേർ രാജ്യം വിടണമെന്ന് ഖത്തർ

ദോഹ: ഖത്തറില്‍ പ്രഖ്യാപിച്ച മൂന്ന്മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രം. കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 1 ആവുമ്പോഴേക്കും 9000ത്തോളം അനധികൃത താമസക്കാര്‍ രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുമാപ്പ് സേവനകേന്ദ്രമായ സെര്‍ച്ച് ആന്റ് ഫോളോ അപ് ഓഫിസ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല ജബര്‍ അല്‍ലബ്ദ പറഞ്ഞു. നിയമ നടപടികള്‍ക്ക് വിധേയമാകാതെ അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ഖത്തര്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

പൊതുമാപ്പ് ആരംഭിച്ച ഉടനെ പ്രവാസികളില്‍ നിന്ന് വലിയ പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍, കാലാവധി അവസാനിക്കാനായതോടെ നിരവധി പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2009ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നത്. പ്രവാസികളുടെ പോക്ക്, വരവ്, താമസം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പട്ട നിയമമാണ് അത്. വിസയില്ലാതെ രാജ്യത്ത് ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

നിയമാനുസൃതമല്ലാതെ ജോലി ഒഴിവാക്കുകയോ തൊഴില്‍ ദാതാവില്‍ നിന്ന് ഓടിപ്പോകുകയോ ചെയ്യുന്നവരാണ് അനധികൃത താമസക്കാരാവുന്നത്. ആളുകള്‍ ഒാടിപ്പോകുന്നതിന് പല കാരണങ്ങള്‍ ഉണ്ടാവാം.പക്ഷെ ഇവരില്‍ പലരും അധികാരികളെ സമീപിക്കാന്‍ ഭയപ്പെടുന്നതായാണ് കണ്ടുവരുന്നതെന്നും ലബ്ദ പറഞ്ഞു.

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പൊതുമാപ്പ് തേടിയെത്തുന്നവരില്‍ കൂടുതലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് 1500ലേറെ പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി കഴിഞ്ഞ ദിവസം അംബാസഡര്‍ പി കുമരന്‍ അറിയിച്ചിരുന്നു.

പൊതുമാപ്പിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് എംബസിയുടെ കീഴില്‍ പ്രത്യേക കാംപയ്‌നും ആരംഭിച്ചിരുന്നു.
അതേ സമയം, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് അവസാന ഘട്ടത്തില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആംനസ്റ്റി ഹെല്‍പ് ഡസ്‌കില്‍ നിരവധി പേര്‍ എത്തുന്നതായി കേരള ഘടകം പ്രസിഡന്റ് അബ്ദുല്‍ സലാം കുന്നുമ്മല്‍ അറിയിച്ചു. ഐസിസിയുടെയും ഐസിബിഎഫിന്റെയും സ്ഥാപക അംഗമായ ഹസ്സന്‍ ചൊഗ്ലെ കഴിഞ്ഞ ദിവസം സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്‌ക് സന്ദര്‍ശിച്ചിരുന്നു. ഹെല്‍പ് ഡസ്‌കിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വനിതകള്‍ ഉള്‍പ്പെടെ 200ഓളം പേര്‍ ഹെല്‍പ് ഡസ്‌കിന്റെ സേവനം തേടിയിരുന്നു. ഹെല്‍പ്പ് ഡസ്‌കിന്റെസേവനം ലഭ്യമാകാന്‍ 70516482 എന്ന നമ്പറിലൂം വനിതകള്‍ക്കായി 33688941 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്നും അബ്ദുസ്സലാം കുന്നുമ്മല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button