KeralaNews

സംസ്ഥാനചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ റെയില്‍വെ പദ്ധതി

കൊച്ചി : സംസ്ഥാന ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ റെയില്‍ പദ്ധതി ഒരുങ്ങുന്നു. അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിയാണ് ഇനി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാകാന്‍ പോകുന്നത്. . പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പ്രഗതി പദ്ധതിയിലാണ് ശബരി റെയില്‍ പാത നിര്‍മാണത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു പദ്ധതി പ്രഗതിയില്‍ ഉള്‍പ്പെടുത്തുന്നത്. എല്ലാമാസവുമുള്ള വിലയിരുത്തലും പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധിയും ഇനിയുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കുന്ന പ്രോ ആക്ടീവ് ഗവേണന്‍സ് ആന്‍ഡ് ടൈംലി ഇംപ്ലിമെന്റേഷന്‍ പദ്ധയിലാണ് ശബരി റെയില്‍പാതയെ ഉള്‍പ്പെടുത്തിയത്. ഇതിനു ശേഷം പദ്ധതി പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തുന്ന യോഗവും നടന്നു. പദ്ധതി വേഗത്തിലാക്കാന്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് കുറയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. പാതയുടെ ഇരുഭാഗത്തായി മൂന്നു മീറ്റര്‍ സ്ഥലമെടുക്കുന്നതു ശബരി പദ്ധതിയ്ക്കു ഒന്നര മീറ്ററായി കുറയ്ക്കും.
ഇതനുസരിച്ചു കാലടി മുതല്‍ പെരുമ്പാവൂര്‍ വരെ പുതിയ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കും. പദ്ധതിയുടെ പ്രത്യേക നടത്തിപ്പ് സംവിധാനം രൂപീകരിക്കാനുള്ള നടപടി വേഗത്തിലാക്കും. പ്രഗതിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്ന ജോലികള്‍ റെയില്‍വേ വേഗത്തിലാക്കി. എസ്റ്റിമേറ്റ് അംഗീകരിപ്പിക്കാനായി നിര്‍മാണ വിഭാഗം ,അക്കൗണ്ട്‌സ് വിഭാഗത്തിന്റെ പിന്നാലെ നടക്കുകയാണു പതിവ്. എന്നാല്‍ റെയില്‍വേ ബോര്‍ഡില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരം 2600 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാനുള്ള അന്തിമ നടപടികള്‍ നടക്കുന്നതായാണ് സൂചന. അങ്കമാലിശബരി പാത പുനലൂര്‍ വരെ നീട്ടുന്നതും സജീവ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും ഈ വിഷയം ചര്‍ച്ച ചെയ്തു. ശബരിപാത പൂനലൂരില്‍ എത്തിച്ചു കൊല്ലം ചെങ്കോട്ട പാതയില്‍ കൂട്ടിമുട്ടിക്കുന്നതോടെ അങ്കമാലിയില്‍ നിന്നു തിരുവനന്തപുരത്തിനുള്ള രണ്ടാം പാതയായി ഇത് മാറിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button