USAInternational

സത്യപ്രതിജ്ഞക്ക് എബ്രഹാം ലിങ്കന്റെ ബൈബിള്‍; ട്രംപ് ഇന്ന് അധികാരമേല്‍ക്കും

വാഷിംഗ്‌ടൺ : അമേരിക്കയുടെ നാൽപ്പത്തഞ്ചാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. അമേരിക്കൻ കോൺഗ്രസിന്റെ ആസ്ഥാനമായ കാപ്പിറ്റോൾ മന്ദിരത്തിന്റെ പടിഞ്ഞാറേ പടവിൽ അമേരിക്കൻ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ( ഇന്ത്യൻ സമയം രാത്രി 10:30ന് ) അമേരിക്കൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് ട്രംപ് സ്ഥാനാരോഹണ പ്രസംഗം നടത്തും.

എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955ൽ അമ്മ സമ്മാനിച്ച ബൈബിളും സാക്ഷി നിര്‍ത്തിയായിരിക്കും ട്രംപ് സ്ഥാനമേല്‍ക്കുക. ലിങ്കണിന്റെ ബൈബിൾ അദ്ദേഹത്തിന് ശേഷം ഒബാമ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ചിട്ടുള്ളൂ. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപായി മൈക്ക് പെൻസ് വൈസ് പ്രസിഡന്റായി അധികാരമേൽക്കും. അസോസിയേറ്റ് ചീഫ് ജസ്റ്റിസ് ക്ലാരൻസ് തോമസായിരിക്കും അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുക. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഇതേ ചടങ്ങിൽ യാത്ര അയപ്പും നൽകും.

ചടങ്ങിന് ശേഷം അമേരിക്കൻ കോൺഗ്രസിന്റെ ഉച്ചവിരുന്നിലും തുടർന്ന് നടക്കുന്ന പരേഡിലും ട്രംപ് പങ്കെടുക്കും. കാപ്പിറ്റോൾ മന്ദിരത്തിലെ ചടങ്ങുകൾക്ക് ശേഷം ട്രംപ് പരിവാരസമേതനായി പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിലേക്ക് പോകും. അവിടെ ഓവൽ ഓഫീസിൽ സ്ഥാനമേൽക്കും. രാജ്യത്തെമ്പാടും നിന്ന് ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിന്റെ ഭാഗമാകാൻ ഇന്ന് വാഷിംഗ്ടണിൽ തടിച്ചുകൂടും.

ട്രംപിനെതിരെ പ്രതിഷേധക്കാർ വൻ പ്രകടനങ്ങൾ നടത്തുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞയ്ക്ക് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ഡസൻ സുരക്ഷാ ഏജൻസികളാണ് സന്നാഹങ്ങൾ ഏകോപിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7500 ഗാർഡുകളെയും 3000 പൊലീസ് ഓഫീസർമാരെയും വിന്യസിക്കും.

മുൻപ്രസിഡന്റ്മാരായ ജോർജ് ഡബ്ലിയു ബുഷ്, ബിൽ ക്ലിന്റൺ, ജിമ്മി കാർട്ടർ എന്നിവർ ഭാര്യമാർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും. മുൻ പ്രസിഡന്റ് ജോർജ് എച്ച്. ഡബ്ലിയു. ബുഷ് രോഗബാധിതനായി ഹൂസ്റ്റനിലെ ആസുപത്രിയിലാണ്. അദ്ദേഹത്തിന്റെ ഭാര്യ ബാബറാ ബുഷിനെയും കഴിഞ്ഞ ദിവസം അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button