Prathikarana Vedhi

ലോ അക്കാദമി സമരം തീരുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഇവിടെ തുടങ്ങുകയാണ്; വി.എസിന്റെ നീക്കം സര്‍ക്കാര്‍ വീണ്ടും പരാജയപ്പെടുത്തി ഭൂമി കൈയേറ്റങ്ങള്‍ അവഗണിക്കുമ്പോള്‍ സംഭവിക്കുന്നത് ; മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസിന്റെ കണ്ടെത്തലുകള്‍

 

തിരുവനന്തപുരത്തെ ലോ അക്കാഡമി പ്രശ്നത്തിലും ഇടതുമുന്നണി സർക്കാർ വിഎസ് അച്യുതാനന്ദനെ മലർത്തിയടിച്ചു. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് വിഎസ് ഉയർത്തിയ കുറെ വിഷയങ്ങളുണ്ട്. ബിജെപിയും സിപിഐയും കോൺഗ്രസും അത് ഉന്നയിച്ചിരുന്നു എന്നാണ് തോന്നുന്നത്. ലോ അക്കാദമിക്ക് സർക്കാർ നൽകിയ ഭൂമിയിൽ അധികമുള്ളത് തിരിച്ചുപിടിക്കുക, കോളേജിന് നൽകിയ ആ ഭൂമി നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്മേൽ വേണ്ടുന്ന നിയമ നടപടി എടുക്കുക തുടങ്ങിയത് ………. എന്താവശ്യത്തിനായിട്ടാണോ ഭൂമി അനുവദിച്ചത്, അതിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കാൻ വ്യവസ്ഥയുണ്ട് എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഎസ് നൽകിയ കത്തിന്റെ വെളിച്ചത്തിലാണ് റവന്യൂ വകുപ്പ് ഭൂമി വിഷയം അന്വേഷിച്ചതും മറ്റും. സിപിഐയുടെ ‘ജനയുഗം’ പത്രത്തെ വിശ്വസിക്കാമെങ്കിൽ അവിടെ നടന്നത് പലതും ചട്ടവിരുദ്ധമായിട്ടാണ്. അത് റവന്യൂ അധികൃതർ കണ്ടെത്തിയെന്നും റവന്യൂ മന്ത്രിയുടെ പാർട്ടിയുടെ പത്രം പറഞ്ഞിരുന്നു.

കോളേജ് ക്യാമ്പസിൽ കെട്ടിടങ്ങൾ പണിത്‌ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചത്, ഹോട്ടൽ നിർമ്മിച്ചതും അത് അവിടെ പ്രവർത്തിക്കുന്നതും, സർക്കാർ നൽകിയ പന്ത്രണ്ടു ഏക്കറിൽ വെറും മൂന്നോ നാലോ ഏക്കറിൽ മാത്രമാണ് കോളേജ് പ്രവർത്തിക്കുന്നത് തുടങ്ങിയവ ആർക്കും മനസിലാവും.

അതൊക്കെ മുക്കി എന്നുവേണം ഇന്ന് സമരം തീരുമ്പോൾ കരുതാൻ. ആ റിപ്പോർട്ട് ഇനി റെവന്യൂ സെക്രട്ടറി സർക്കാരിന് സമർപ്പിക്കുമോ, വിഎസും സിപിഐയും ബിജെപിയും ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കും എന്നതൊക്കെ കാണേണ്ടിയിരിക്കുന്നു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹൃതമായി എങ്കിലും അതിനെത്തുടർന്ന് ഉയർന്നുവന്ന വിഷയങ്ങൾ കെട്ടടങ്ങി എന്ന് പറയാനാവുമോ?

യഥാർഥത്തിൽ ഒട്ടനവധി കോളേജുകൾക്ക് സംസ്ഥാന സർക്കാർ ഭൂമി നൽകിയിട്ടുണ്ട്. ഒരു കോളേജിന് നാലോ അഞ്ചോ ഏക്കർ മതി എങ്കിലും പലരും അതിന്റെ പേരിൽ കൈവശപ്പെടുത്തിയത് ഇരുപതും ഇരുപത്തിയഞ്ചും മറ്റും ഏക്കറാണ്. ആ ഭൂമി കോളേജ് ആവശ്യത്തിനപ്പുറം പലതിനുമായി പ്രയോജനപ്പെടുത്തിയവരുമുണ്ട്. വാണിജ്യ താല്പര്യങ്ങൾക്കും മത താല്പര്യങ്ങൾക്കും അതൊക്കെ ഉപയോഗിച്ചവരെയും കാണാനാവും. അതൊക്കെ പരിശോധിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നു. അതാണ് ഇന്നിപ്പോൾ അട്ടിമറിക്കപ്പെട്ടത്‌ . ഇത്തരത്തിൽ അതൊക്കെ ചർച്ചചെയ്യപ്പെടാൻ സർക്കാർ അനുവദിക്കാനിടയിള്ള എന്ന് ഞാൻ നേരത്തെ ഒരു ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതാണ്. അതുകൊണ്ടുതന്നെ ബിജെപിയും മറ്റും കൂടുതൽ ജാഗ്രത പുലർത്തണമെന്ന സൂചനയും നൽകിയിരുന്നു. അതാണ് ഇന്നിപ്പോൾ ആവർത്തിക്കാനുള്ളത്. ഞാൻ മനസിലാക്കുന്നത് ( എന്റെ ധാരണയാണ് ; ശരിയല്ലെങ്കിൽ മറന്നേക്കൂ) , അടുത്തിടെ നടന്ന ബിജെപി നേതൃ യോഗം ഈ വിഷയം പരിഗണിക്കുകയും സംസ്ഥാനത്തെ വിവിധ കോളേജുകളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ ശ്രദ്ധിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിനായിട്ടാണ് എന്ന് കേൾക്കുന്നു, വി മുരളീധരൻ, എ എൻ രാധാകൃഷ്ണൻ, എംടി രമേശ് എന്നിവരെ ചുമതലപ്പെടുത്തിയെന്നും കേട്ടിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യം മുന്നോട്ടു കൊണ്ടുപോകാൻ ബിജെപി തയ്യാറാവും എന്ന് കരുതാം.

ലോ അക്കാദമിയിലെ അധിക ഭൂമി സംബന്ധിച്ചും മറ്റും സംസ്ഥാന റവന്യൂ വകുപ്പ് അടുത്തിടെ ഒരു പഠനം നടത്തിയിരുന്നുവെന്ന് പറഞ്ഞുവല്ലോ . അന്വേഷണം പൂർത്തിയാക്കി; റിപ്പോർട്ട് ഏറെക്കുറെ തയ്യാറായി എന്നാണ് മനസിലാക്കുന്നത്. ഇന്നലെ റവന്യൂ സെക്രട്ടറി കോളേജ് ക്യാമ്പസ് സന്ദർശിക്കും എന്നും കേട്ടിരുന്നു. അത്രയൊക്കെയായ സ്ഥിതിക്ക് ഒരു റിപ്പോർട്ട് തയ്യാറായിരിക്കണം. അങ്ങനെയൊന്ന് രൂപമെടുത്തിട്ടുണ്ട് എങ്കിൽ തീർച്ചയായും അതിൽ ഒരു തീരുമാനം സർക്കാർ എടുക്കേണ്ടതുണ്ട്‌. തീരുമാനം എന്തുമാവട്ടെ; ഒരു തീരുമാനം ഉണ്ടായല്ലേ തീരൂ. ഈ റിപ്പോർട്ട് പൂഴ്ത്താൻ സർക്കാരിന് ഇന്നത്തെ നിലക്ക് എളുപ്പമല്ല. റെവന്യൂ മന്ത്രി തന്നെ അത്തരമൊരു അന്വേഷണം നടക്കുന്ന കാര്യം തുറന്നു പറഞ്ഞിരുന്നു എന്നതും ഓർക്കുക. അതുകൊണ്ട്‌ , പ്രശ്നം തീരുകയല്ല ; വിഎസിന് മുന്നിൽ ഇനിയും അവസരണങ്ങളുണ്ട് ; ബിജെപിക്കും. അത് അവരൊക്കെ വേണ്ടവിധം പ്രയോജനപ്പെടുത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button