Latest NewsNewsInternational

ഏപ്രിൽ ഫൂൾ വാർത്ത ഏറ്റുപിടിച്ചു: പുലിവാലുപിടിച്ച്  മുൻ പാക്ക് ആഭ്യന്തരമന്ത്രി

ഇസ്ലാമാബാദ് : ഏപ്രിൽ ഫൂളിനോട് അനുബന്ധിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദ് എക്സ്പ്രസ് ട്രിബ്യൂൺ പ്രസിദ്ധീകരിച്ച വാർത്ത വിശ്വസിച്ച് പ്രതികരണം രേഖപ്പെടുത്തിയ രാഷ്ട്രീയ നേതാവ് പുലിവാല് പിടിച്ചു. പാക്കിസ്ഥാനിലെ പ്രമുഖ പ്രതിപക്ഷ പാർട്ടിയായ ‘പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി’ (പിപിപി) നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ റഹ്മാൻ മാലിക്കിനാണ് അമളി പറ്റിയത്.

പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ പണിയുന്ന പുതിയ വിമാനത്താവളത്തിന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങിന്റെ പേരു നൽകുന്നുവെന്നും പാക്ക് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കുന്നതിന് നൽകിയ സംഭാവനകളുടെ പേരിലാണ് ആദരസൂചകമായുള്ള ഈ നടപടിയെന്നും ദ് എക്സ്പ്രസ് ട്രിബ്യൂൺ ഏപ്രിൽ ഒന്നിന് വാർത്ത നൽകിയിരുന്നു. ചൈനീസ് പ്രസിഡന്റിന്റെ നാമം വിമാനത്താവളത്തിനു നൽകുന്നത് വളരെ മഹത്തരമായ കാര്യമാണെന്നാണ് ഭരണകക്ഷി നേതാക്കൾ കരുതുന്നതെന്നും എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇതിനെതിരെ പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ റഹ്മാൻ മാലിക്ക് രംഗത്തെത്തി. അന്തരിച്ച പിപിപി നേതാവ് ബേനസീൽ ഭൂട്ടോയുടെ നാമധേയത്തിലുള്ള വിമാനത്താവളത്തിന്റെ പേരുമാറ്റാനുള്ള ശ്രമത്തെ എന്തു വിലകൊടുത്തും തടയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പൊതുജന വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കം പാക്ക് സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിക്കിന് പുറമെ പ്രതിഷേധവുമായി പാക്കിസ്ഥാൻ പൗരൻമാരും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button