Latest NewsNewsIndia

പുകഞ്ഞ് പുകഞ്ഞ് ഒടുവില്‍ രണ്ടായി; സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നു

ലക്‌നോ: ഒരു വര്‍ഷത്തോളം നീണ്ട പടലപിണക്കങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമൊടുവില്‍ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)പിളര്‍ന്നു. സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായംസിംഗ് യാദവിന്റെ സഹോദരനും മുന്‍ പാര്‍ട്ടി അധ്യക്ഷനുമായ ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. സമാജ്‌വാദി സെക്യുലര്‍ മോര്‍ച്ച എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെ പിന്തുണ തനിക്കുണ്ടെന്ന് ശിവപാല്‍ യാദവ് പറഞ്ഞു. ശിവപാലും മുലായമിന്റെ മകന്‍ അഖിലേഷ് യാദവും രണ്ടു ധ്രുവങ്ങളിലായി നിന്ന് ആരംഭിച്ച കലഹത്തില്‍ മുലായം, സഹോദരനായ ശിവപാലിനൊപ്പം ആയിരുന്നു നിലകൊണ്ടത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം തനിക്കൊപ്പമുണ്ടാകുമെന്നും മുലായം സിംഗ് യാദവിനോട് ഉള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടാണ് പാര്‍ട്ടി രൂപീകരിച്ചതെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു. എന്നാല്‍ പുതിയ പാര്‍ട്ടിയില്‍ മുലായം, ശിവപാലിനൊപ്പമുണ്ടാകുമോ എന്ന് വ്യക്തമല്ല.

ഒരുവര്‍ഷത്തോളമായി എസ്.പിയുടെ തലപ്പത്ത് തുടരുന്ന തര്‍ക്കമാണ് പിളര്‍പ്പിലെത്തിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ പിളര്‍പ്പിന്റെ സൂചനകള്‍ വന്നെങ്കിലും തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മുലായവും അഖിലേഷും വിട്ടുവീഴ്ചകള്‍ക്ക് തയാറാകുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍തിരിച്ചടി നേരിട്ടതോടെ പ്രതീക്ഷിച്ചതുപോലെ ശിവപാല്‍ പുതിയ ലാവണം തേടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button