Latest NewsNewsSports

ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ ഫൈനലില്‍

ഡര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഹര്‍മന്‍ പ്രീത് കൗറിന്റെ ഉജ്ജ്വല സെഞ്ചുറി മികവിലാണ് വനിതാ ക്രിക്കറ്റിലെ അതിശക്തരെ ഇന്ത്യ മലര്‍ത്തിയടിച്ചത്. ഇന്ത്യ കുറിച്ച 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 40.1 ഓവറില്‍ 245 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് 36 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. സ്കോര്‍: ഇന്ത്യ- 281/4 (42 ov), ഓസ്ട്രേലിയ- 245 (40.1 ov).

2005-ല്‍ ഫൈനലിലെ ഓസീസിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യക്ക് ഇത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. 115 പന്തില്‍ ഹര്‍മന്‍പ്രീത് 171 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മയ്‌ക്കൊപ്പം ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്ത 137 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. ആറു പന്തില്‍നിന്ന് ആറു റണ്‍സ് മാത്രമാണ് മന്ദാനക്ക് എടുക്കാന്‍ സാധിച്ചത്. സ്‌കോര്‍ 35ല്‍ എത്തിയപ്പോള്‍ പുനം റൗട്ടും പുറത്തായി. തുടര്‍ന്ന് ഒന്നിച്ച ഹര്‍മന്‍പ്രീത് -മിതാലി രാജ് സഖ്യം ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയെങ്കിലും തൊട്ടുപിന്നാലെ മിതാലി പുറത്തായി.

പിന്നീടായിരുന്നു ഹര്‍മന്‍പ്രീതിന്റെ വെടിക്കെട്ട് ബാറ്റിങ്. ഓസീസ് ബോളര്‍മാരെ അനായാസം നേരിട്ട ഹര്‍മന്‍പ്രീത് സിക്‌സുകളും ഫോറുകളുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം 200 കടന്നു. സ്‌കോര്‍ 238ല്‍ നില്‍ക്കെ ദീപ്തി ശര്‍മ്മ പുറത്തായെങ്കിലും വേദ കൃഷ്ണമൂര്‍ത്തിയെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചു. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ ഫൈനലില്‍ നേരിടും. ഇതിന് മുമ്പ് 2005ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button