Latest NewsNewsBusiness

രാജ്യത്ത് പുതിയ വിപ്ലവത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ : സാധാരണക്കാര്‍ക്ക് ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഒരുക്കി കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി : രാജ്യത്ത് ഒരു പുതിയ തരംഗം സൃഷ്ടിയ്ക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. സാധാരണക്കാരെ ലക്ഷ്യമിട്ട് ബൈക്കുകള്‍ ടാക്സികളായി അവതരിപ്പിക്കുന്നതിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബൈക്ക് ടാക്‌സികള്‍ക്കും മറ്റ് യാത്രാ മാര്‍ഗ്ഗങ്ങള്‍ക്കുമായി മൊബൈല്‍ ആപ്പും അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.നഗരങ്ങളിലെ ഗതാഗതക്കുരുക്കുകള്‍ക്കിടയിലൂടെ കടന്നുപോകുന്നതിന് ഇരുചക്ര വാഹനങ്ങള്‍ക്ക് എളുപ്പം കഴിയുമെന്നും, വിദൂരങ്ങളായ ഗ്രാമപ്രദേശങ്ങളിലേക്ക് പോലും ചെലവുകുറഞ്ഞ യാത്രാസൗകര്യമൊരുക്കാന്‍ ബൈക്ക് ടാക്‌സികള്‍ക്ക് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മാത്രമല്ല, ബൈക്ക് ടാക്‌സികള്‍ ഉള്‍പ്പെടെ എല്ലാത്തരം ഗതാഗത മാര്‍ഗ്ഗങ്ങളും തെരഞ്ഞെടുക്കുന്നതിന് മൊബൈല്‍ ആപ്പും കൊണ്ടുവരും.
രാജ്യത്തെ വലിയ പ്രശ്‌നങ്ങളിലൊന്ന് തൊഴിലില്ലായ്മയാണെന്നും, ധാരാളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും നിധിന്‍ ഗഡ്കരി പറഞ്ഞു.

നിലവില്‍ 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവാണ് രാജ്യത്ത് നേരിടുന്നത്. അതിനാല്‍തന്നെ, ബൈക്ക് ടാക്‌സികള്‍ സാധാരണക്കാര്‍ക്ക് ചെലവുകുറഞ്ഞ യാത്രാ മാര്‍ഗ്ഗമാകുമെന്ന് മാത്രമല്ല, ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ, ആവശ്യമായ പരിശീലനം നല്‍കി യുവാക്കളെ ബൈക്ക് ടാക്‌സി ഡ്രൈവിംഗ് ഒരു പ്രൊഫഷനായി സ്വീകരിക്കാനാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

ഗ്രാമപ്രദേശങ്ങളില്‍ സാധാരണക്കാര്‍ വലിയ യാത്രാപ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇത്തരക്കാര്‍ക്ക് സമീപത്തെ ബൈക്ക് ടാക്‌സി മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യാം. നല്ല സേവനം കാഴ്ച്ചവെയ്ക്കുന്നതിന് സേവനദാതാക്കള്‍ക്കിടയില്‍ മത്സരമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ജിപിഎസ് വഴി ഈ ടാക്‌സികളുടെ നീക്കം നിരീക്ഷിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തും.

രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കുന്ന കാര്യവും നിതിന്‍ ഗഡ്കരി സൂചിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ 1.8 ലക്ഷം ബസ്സുകള്‍ക്ക് പകരം ആഢംബര ബസ്സുകള്‍ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മാതൃകയില്‍ പൊതു ഗതാഗത സംവിധാനം നടപ്പാക്കുന്നതിന് ലോക ബാങ്കുമായും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കുമായും ചര്‍ച്ച നടത്തിവരികയാണെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button