Latest NewsInternationalGulf

ഈത്തപ്പഴത്തിന്റെ വൈവിധ്യം ഒരുക്കി തമര്‍ സൂഖിന് തുടക്കം

ബുറൈദ: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴമേളകള്‍ക്കാണ് അല്‍ഖസീമിലെ വിവിധ നഗരങ്ങളില്‍ തുടക്കമായത്. ബുറൈദ, ഉനൈസ, ബുകൈരിയ ,മിദ്‌നബ് എന്നിവിടങ്ങലില്‍ മേള ആരംഭിച്ചു. ഗുണമേനമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിവിധയിനം ഈത്തപ്പഴങ്ങള്‍ മേളയില്‍ ലഭ്യമാണ്. ഇവയുടെയെല്ലാം പ്രദര്‍ശനവും വില്പനയുമാണ് മേളയുടെ പ്രധാന ലക്ഷ്യം.

ഈ വര്‍ഷം മുതലാണ് ഉനൈസ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ ഈത്തപ്പഴത്തിനായി ‘തമര്‍ സുഖ് ‘ എന്ന പേരില്‍ മേള സംഘടിപ്പിച്ചത്. വിവിധയിടങ്ങളില്‍ നിന്നും ധാരാളം ഉത്പാദകര്‍ ഈത്തപ്പഴം മേളയില്‍ എത്തിക്കും. പ്രത്യേകിച്ച് ഇപ്പോള്‍ ഈത്തപ്പഴങ്ങളുടെ വിളവെടുപ്പ് നടക്കുന്ന സമയം കൂടിയാണ്. അതുകൊണ്ടു തന്നെ കര്‍ഷകരും , കച്ചവടക്കാരും ഒരുപോലെ ആവേശത്തിലാണ്. മേളയിലേക്ക് ഈത്തപ്പഴം എത്തിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളില്‍ എത്തിക്കുന്ന ഈത്തപ്പഴം ട്രേളികളില്‍ മാറ്റി മേളയില്‍ പ്രദര്‍ശിപ്പിക്കാം.

2000 ത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബുറൈദ മാര്‍ക്കറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഈത്തപ്പഴവുമായി മേളയില്‍ എത്തുന്നത്. ഏറ്റവും അധികം ആവശ്യക്കാരുള്ള സുക്കരി എന്നയിനം ഈത്തപ്പഴമാണ് കൂടുതല്‍ എത്തുന്നത്. ഈ വിഭാഗത്തില്‍ തന്നെ സ്വര്‍ണ നിറത്തിലുള്ള ഈത്തപ്പഴത്തിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ശനി ,ഞായര്‍ ദിവസങ്ങളില്‍ ജനത്തിരക്ക് കൂടുതലായി കാണുന്നത്. മേള ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ എട്ട് ദശലക്ഷം റിയാലിന്റെ കച്ചവടമാണ് നടന്നത്.

പ്രദര്‍ശനത്തിനും വിപണനത്തിനും പുറമേ ഈത്തപ്പഴ കൃഷി രീതികളെക്കുറിച്ചും വിപണനത്തെക്കുറിച്ചുമുള്ള ക്ലാസുകളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സൗദ് അല്‍ ഉവൈസ് ഗ്രൂപ്പാണ് ബൂറൈദ ഈത്തപ്പഴ മേളക്ക് മേല്‍നോട്ടം വഹിക്കുന്നത്. കൃഷി രീതികളെക്കുറിച്ച് മനസ്സിലാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഗ്രൂപ്പിന്റെ മാതൃകാ തോട്ടങ്ങളള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബുറൈദ മുനിസിപ്പാലിറ്റിയുടെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെയാണ് ഒന്നര മാസം നീണ്ടു നില്‍ക്കുന്ന മേള സംഘടിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button