Latest NewsKeralaNews

സംസ്ഥാനത്ത് 11,695 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : സംസ്ഥാനത്ത് 11,695 പേരുടെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശാനുസരണം തുടങ്ങിയ ‘ഓപ്പറേഷന്‍ സുരക്ഷ’ പദ്ധതിപ്രകാരമാണ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തത്. ജൂലായ് മുതല്‍ ഓഗസ്റ്റ് വരെയുള്ള രണ്ടുമാസക്കാലയളവിലാണ് കേരളത്തിലെ നിരത്തുകളില്‍നിന്ന് ഇത്രയുംപേര്‍ക്ക് ലൈസന്‍സ് നഷ്ടമായത്.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് 471 പേരും എറണാകുളത്ത് 376 പേരും പിടിക്കപ്പെട്ടു. കഴിഞ്ഞമാസംമാത്രം 2,908 ലൈസന്‍സുകളാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് സസ്‌പെന്‍ഡ് ചെയ്തത്. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് കഴിഞ്ഞമാസം കൂടുതല്‍ പേര്‍ക്കും ലൈസന്‍സ് നഷ്ടമായത്. രജിസ്റ്റര്‍ചെയ്ത 511 കേസുകളില്‍ 432 പേര്‍ക്ക് ലൈസന്‍സ് നഷ്ടമായി.

റോഡില്‍ അപകടമുണ്ടാക്കിയതിന് 235 പേരുടെയും അമിതവേഗത്തില്‍ വണ്ടിയോടിച്ചതിന് 226 പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ആദ്യം മൂന്നുമാസത്തേക്കും വീണ്ടും പിടിക്കപ്പെട്ടാല്‍ ആറുമാസത്തേക്കും പിന്നീട് ഒരു വര്‍ഷത്തേക്കുമാണ് സസ്‌പെന്‍ഷന്‍ ഉണ്ടാവുക. അതിനുശേഷവും പിടിക്കപ്പെട്ടാല്‍ എന്നെന്നേക്കുമായി ലൈസന്‍സ് റദ്ദ്‌ചെയ്യുന്ന രീതിയിലാണ് ഓപ്പറേഷന്‍ സുരക്ഷയുടെ നടപടികള്‍.

അടുത്തഘട്ടംമുതല്‍ പോലീസിനെക്കൂടി പദ്ധതിയുടെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്. അതിനായി സംസ്ഥാന പോലീസ് മേധാവിയുമായി ഉടന്‍ ചര്‍ച്ച നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button