Latest NewsNewsIndia

ചൈനയെ പിന്തള്ളി ഇന്ത്യ വൻ മുന്നേറ്റപാതയിൽ; ലോകോത്തര ബ്രാൻഡുകൾ ഇന്ത്യയിലേക്ക്

മുംബൈ: ചൈനയെ പിന്തള്ളി ഇന്ത്യ ചെറുകിട വ്യാപാര രംഗത്ത് മുന്നേറുന്നതായി അവലോകന റിപ്പോർട്ട്. ചെറുകിട വ്യാപാര രംഗത്തെ ചൈനയുടെ മേധാവിത്തം അവസാനിപ്പിച്ച് ഇന്ത്യ മുന്നിലെത്തിയതായി വ്യക്തമാക്കിയിട്ടുള്ളത് രാജ്യാന്തര ചെറുകിട വ്യാപാര വികസന സൂചികയുടെ 2017ലെ റിപ്പോർട്ടിലാണ്. ഇക്കാര്യം യുഎസ് മാനേജ്മെന്റ് കൺസള്‍ട്ടിങ് സ്ഥാപനമായ ‘എ.ടി. കേർണി’യുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സുബേന്ദു റോയിയാണ് വ്യക്തമാക്കിയത്. മുംബൈയിൽ നടന്ന ദ്വിദിന ‘ഇന്ത്യ റീട്ടെയിൽ ഫോറം 2017’ സെമിനാറിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട വ്യാപാര രംഗത്തെ പണം ചെലവഴിക്കുന്ന കാര്യത്തിൽ ഉപഭോക്താക്കൾക്കുള്ള വർധിത താൽപര്യം, വർധിച്ചു വരുന്ന മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം, വിദേശനിക്ഷേപത്തിന് അനുകൂലമായ സാഹചര്യം, ജിഎസ്ടിയും പണരഹിത സാമ്പത്തിക ഇടപാടും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കർശന നടപടി തുടങ്ങിയവയാണ് രാജ്യാന്തര ബ്രാൻഡുകൾക്കിടയിൽ ഇന്ത്യയുടെ പേരിന് തിളക്കമേറ്റിയതെന്ന് റോയി അഭിപ്രായപ്പെട്ടു.

രാജ്യാന്തര ബ്രാൻഡുകൾക്ക് ഇത്തരത്തിൽ അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞു വന്നതോടെ ഏറ്റവും സുതാര്യമായും അനായാസമായും ഇന്ത്യയിലേക്കു പ്രവേശിക്കാമെന്ന സ്ഥിതി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഇന്ത്യയെ ലക്ഷ്യമിട്ടെത്തിയവരാണ് ‘ക്യാഷ് ആൻഡ് കാരി’ രംഗത്തെ അതികായരായ മെട്രോ, വാൾമാർട്ട്, ബൂക്കർ തുടങ്ങിയ കമ്പനികൾ. ഈ രംഗത്ത് ഏറ്റവും ഒടുവിൽ ഇന്ത്യയിലെത്തിയത് തായ്‌ലൻഡിൽ‌ നിന്നുള്ള സിയാം മാക്രോയാണ്.

ഇന്ത്യയിൽ സ്വന്തം വ്യാപാര കേന്ദ്രങ്ങൾ തുറക്കാൻ സ്വീഡിഷ് ഫർണിച്ചർ നിർമാതാക്കളായ ഐക്കിയയും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലാകെ 25 ഷോപ്പുകൾ തുറക്കുന്നതിനായി 150 കോടി ഡോളറാണ് കമ്പനി വകയിരുത്തിയിരിക്കുന്നത്. വൻകിട ബ്രാൻഡുകള്‍ക്കു പുറമെ ഇടത്തര ബ്രാൻഡുകളായ കോറെസ്, മിഗാത്തോ, എവീസു, മൊണാസില, യോഗർട്ട് ലാബ്, മെൽറ്റിങ് പോട്ട്, ലഷ് അഡിക്‌ഷൻ, വാൾസ്ട്രീറ്റ് ഇംഗ്ലിഷ്, പാസ്ത മാനിയ തുടങ്ങിവയും ഇന്ത്യയിലേക്കു കണ്ണും നട്ടിരിക്കുന്നവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button