Latest NewsNewsInternational

ലോകത്തെ ഭയപ്പെടുത്തി നിഗൂഢ ശബ്ദവീചി ആക്രമണം

വാഷിങ്ടണ്‍ : അരനൂറ്റാണ്ടിലേറെക്കാലത്തിനു ശേഷം പുനഃസ്ഥാപിച്ച യുഎസ്-ക്യൂബ നയതന്ത്ര ബന്ധം വീണ്ടും ഉലയുന്നു. ക്യൂബയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ‘നിഗൂഢ ശബ്ദവീചി’ ആക്രമണത്തെത്തുടര്‍ന്ന് ഇരുപതിലേറെപ്പേരുടെ ആരോഗ്യനില വഷളായതിനു പിന്നാലെയാണ് നടപടി. എംബസികളിലെ 60 ശതമാനം വരുന്ന സ്റ്റാഫംഗങ്ങളെയും പിന്‍വലിക്കാനാണു തീരുമാനം.

എംബസിയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഉദ്യോഗസ്ഥരൊഴികെ ബാക്കിയെല്ലാവരും കുടുംബാംഗങ്ങള്‍ സഹിതം തിരിച്ചു പോരണമെന്ന് നിര്‍ദേശം നല്‍കിയതായും വാര്‍ത്താ ഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്തു. ക്യൂബയിലെ വീസാസംബന്ധിയായ നടപടിക്രമങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്.

നയതന്ത്രജ്ഞര്‍ക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നേരെയുണ്ടായ നിഗൂഢ ആക്രമണത്തെത്തുടര്‍ന്നാണ് നടപടിയെന്നും എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കുന്നതു വരെ ഇത് തുടരുമെന്നും യുഎസ് വ്യക്തമാക്കി.

അതേസമയം 2016 അവസാനം മുതല്‍ ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായിട്ടുള്ള ശബ്ദവീചി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നതിന്റെ ഉത്തരം ഇപ്പോഴും അവ്യക്തമാണ്. സംഭവത്തെത്തുടര്‍ന്ന് ഹവാനയിലെ യുഎസ് എംബസി അടച്ചുപൂട്ടുന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വ്യക്തമാക്കി.

ക്യൂബയിലേക്ക് സന്ദര്‍ശനം നടത്തരുതെന്ന് ജനങ്ങളോടും യുഎസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ആക്രമണങ്ങള്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു സംഭവിച്ചതാണ് ഇതിനു കാരണം. എന്നാല്‍ എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെ ഉണ്ടായ ആക്രമണങ്ങളില്‍ പങ്കില്ലെന്ന നിലപാടിലാണ് ക്യൂബ.

എംബസി ഉദ്യോഗസ്ഥരെ അജ്ഞാത ഉപകരണം കൊണ്ട് മാസങ്ങളോളം ആക്രമിച്ചിട്ടുണ്ടാവാമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറയുന്നത്. ഇതിനോടകം 19 പേര്‍ക്ക് ഇതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലരുടെ തലച്ചോറിനു നേരിയ ക്ഷതമേറ്റതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. കേള്‍വിക്കുറവും പൂര്‍ണ ബധിരതയും കടുത്ത തലവേദനയും തലച്ചോറിലെ നീര്‍ക്കെട്ടും ഏതാനും പേരില്‍ കണ്ടെത്തി.

നിഗൂഢ ശബ്ദോപകരണം ഉപയോഗിച്ചുള്ള ആക്രമണം കഴിഞ്ഞവര്‍ഷം അവസാനം മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ നീണ്ടെന്നായിരുന്നു ആദ്യവിലയിരുത്തല്‍. എന്നാല്‍, കഴിഞ്ഞ മാസം വീണ്ടും ഒരാക്രമണം കൂടി ഉണ്ടായതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ താമസസ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്നു കരുതുന്നു. എന്നാല്‍, സംശയാസ്പദമായ ഉപകരണങ്ങളൊന്നും എവിടെയും കണ്ടെത്തിയിട്ടില്ല.

കാനഡക്കാരായ രണ്ടു പേരും സമാന ആക്രമണത്തിനിരയായതായി അവിടത്തെ സര്‍ക്കാര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് എഫ്ബിഐയ്‌ക്കൊപ്പം കനേഡിയന്‍ പൊലീസും അന്വേഷണത്തില്‍ പങ്കാളിയായി. സമാന്തരമായി ക്യൂബയുടെ അന്വേഷണവും നടക്കുന്നുണ്ട്.

നയതന്ത്രബന്ധം വേണ്ടെന്നുവച്ച് അര നൂറ്റാണ്ടോളം വിരുദ്ധ ധ്രുവങ്ങളില്‍ കഴിഞ്ഞ യുഎസിനെയും ക്യൂബയെയും വീണ്ടുമടുപ്പിച്ചതു മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സൗഹൃദഹസ്തമാണ്. 2015ല്‍ ഇരു രാജ്യങ്ങളും ബന്ധം പുനഃസ്ഥാപിച്ചു. എന്നാല്‍, ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായശേഷം ബന്ധം മോശമായി. ഇതിനിടെയാണു ശബ്ദവീചി ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button