Latest NewsKeralaNews

ദിലീപിന്റെ ജാമ്യം : വാദഗതികളും ഉപാധികളും ഇങ്ങനെ

കൊച്ചി: അങ്ങനെ അഞ്ചാം ശ്രമത്തില്‍ നടന്‍ ദിലീപിന് കോടതിയില്‍ നിന്നും ജാമ്യം നേടി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിമാന്‍ഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. കഴിഞ്ഞ മാസം 27 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നീണ്ട 86 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. പാസ്പോര്‍പ്പട്ട് കെട്ടിവെയ്ക്കണം, തെളിവ് നശിപ്പിക്കരുത്, ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവെയ്ക്കണം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് ഉപാധികള്‍. ജസ്റ്റീസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു.നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നത്.

ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍ ഇത്തവണ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ ലാലിന്റെ മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ വാദങ്ങള്‍. മൊഴിപ്പകര്‍പ്പ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് പൊലീസ് നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ആരാധകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന കോടതി വിധിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button