Latest NewsKerala

റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഇനി മുതല്‍ 24 മണിക്കൂര്‍ സൗജന്യ ചികിത്സ : പിണറായി സര്‍ക്കാറിന്റെ പുതിയ പദ്ധതി ഇങ്ങനെ

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കു പെട്ടെന്നു വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ‘ട്രോമ കെയര്‍ പദ്ധതി’യുമായി പിണറായി സര്‍ക്കാര്‍. ആരോഗ്യ രംഗത്ത് പുതിയ കേരളാ മോഡലാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. ചികില്‍സ കിട്ടാതെ അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ മരിക്കുന്ന സംഭവങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തു. പണം ഇല്ലാത്തതിന്റെ പേരിലായിരുന്നു ഈ ചികില്‍സാ നിഷേധങ്ങള്‍. ഈ സാഹചര്യത്തിലാണ് പിണറായി സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്കു രോഗിയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ പണമൊന്നും ഈടാക്കാതെ തന്നെ ചികിത്സ ഉറപ്പാക്കാനാണ് നീക്കം. അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുള്ള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്നു സര്‍ക്കാര്‍ വഹിക്കണമെന്നാണ് മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നല്‍കുന്ന നിര്‍ദ്ദേശം.

48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സയ്ക്കുള്ള പണം സര്‍ക്കാര്‍ നല്കും. ഈ തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നു തിരിച്ചുവാങ്ങും. ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ ശേഷം ഇതിന്റെ വിശദരൂപം തയാറാക്കും. ഉന്നതതല യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ‘ട്രോമ കെയര്‍’ സജ്ജീകരണമുണ്ടാക്കാനാണ് ഉദേശിക്കുന്നത്.

അപകടത്തില്‍പ്പെടുന്നവരെ പെട്ടെന്നുതന്നെ വിദഗ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. ആംബുലന്‍സില്‍ ആധുനിക സജ്ജീകരണങ്ങളുണ്ടായിരിക്കും. സ്വകാര്യ ഏജന്‍സികളില്‍നിന്ന് ഇതിനു വേണ്ടി അപേക്ഷ ക്ഷണിക്കാനാണ് ഉദേശിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്ന ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തിരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉണ്ടാക്കും. ഒരു കേന്ദ്രീകൃത കോള്‍സെന്ററില്‍ ഇതെല്ലാം സോഫ്‌റ്റ്വെയര്‍ സഹായത്തോടെ നിയന്ത്രിക്കും.
കേരള റോഡ് സുരക്ഷാ ഫണ്ട്, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടിന്റെ (കെഎസ്ടിപി) സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് എന്നിവയും സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചു ‘ട്രോമ കെയര്‍’ പദ്ധതി നടപ്പാക്കാനാണ് ഉദേശിക്കുന്നത്. സമയബന്ധിതമായി ഇതു പ്രാവര്‍ത്തികമാക്കുന്നതിന് ആരോഗ്യം, ആഭ്യന്തരം, ധനകാര്യം, ഗതാഗതം, പിഡബ്ല്യുഡി എന്നീ വകുപ്പകളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button