Latest NewsKeralaNews

പാലക്കാട് മെഡിക്കല്‍ കോളെജ് അധ്യാപക തസ്തിക ക്യാബിനറ്റ് പരിഗണനയിലെന്ന് മന്ത്രി എ.കെ. ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളെജ് അധ്യാപക തസ്തിക ക്യാബിനറ്റ് പരിഗണനയിലാണെന്ന് പിന്നാക്ക ക്ഷേമ നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളെജില്‍ പുതുതായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമന സുതാര്യത ഉറപ്പാക്കി വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഫയല്‍ ഒപ്പിട്ട് ക്യാബിനറ്റിന്‍റെ അംഗീകാരത്തിന് അയച്ചിട്ടുണ്ട്. അടുത്ത ക്യാബിനറ്റില്‍ അധ്യാപക നിയമനത്തിന് അംഗീകാരം ലഭിക്കും.

ബഡ്ജറ്ററി സപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പട്ടികജാതി വികസന ഫണ്ട് മാത്രം ഉപയോഗിച്ചാണ് മെഡിക്കല്‍ കോളെജിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 325 കോടിയാണ് മെഡിക്കല്‍ കോളെജിന് മാത്രമായി മാറ്റിവെച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടങ്കിലും സ്ഥപാനനത്തിന്‍റെ വികസനത്തിനാവശ്യമായ ഫണ്ട് കണ്ടെത്തും. പട്ടികജാതി വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളെജ് ഭാവിയില്‍ ആരോഗ്യ വകുപ്പിന് കൈമാറാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നാക്ക വിഭാഗങ്ങളിലുള്ളവരുടെ ആരോഗ്യമേഖലയിലെ അക്കാദമിക് വികസനത്തിന് രാജ്യത്തിനുതന്നെ മാതൃകയാണ് പാലക്കാട് മെഡിക്കല്‍ കോളെജ്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വീടുകളോട് ചേര്‍ന്ന് രണ്ട് ലക്ഷം രൂപ ചെലവിട്ട് പഠനമുറി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കും. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഊരുകള്‍ കേന്ദ്രീകരിച്ച് കമ്മ്യുനിറ്റി പഠനമുറിയാണ് നിര്‍മിക്കുക. മെഡിക്കല്‍ കോളെജിനോട് ചേര്‍ന്ന് മോഡല്‍ റസിഡന്‍ഷല്‍ സ്പോര്‍ട്സ് സ്കൂള്‍ തുടങ്ങും. 40 കോടി ചെലവില്‍ സാംസ്കാരിക വകുപ്പ് നിര്‍മിക്കുന്ന വി.റ്റി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത് മെഡിക്കല്‍ കോളെജിനോട് ചേര്‍ന്നാണ്. ഭാവിയില്‍ ആരോഗ്യ-കായിക-സാംസ്കാരിക കേന്ദ്രമായി ഈ പ്രദേശം മാറും. സ്വകാര്യ മെഡിക്കല്‍ കോളെജുകളില്‍ എം.ബി..ബി.എസ്.പ്രവേശനത്തിന് കോടികള്‍ മുടക്കുമ്പോള്‍ ഗവ. മെഡിക്കല്‍ കോളെജുകളില്‍ സൗജന്യ വിദ്യാഭ്യാസമാണ് ലഭിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഈ സൗകര്യത്തിന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സമൂഹത്തോട് കടപ്പെട്ടവരാകണം. രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കിയാണ് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി, നഗരസഭാ അംഗം വി.മോഹന്‍, പട്ടികജാതി-വര്‍ഗ വികസനവകുപ്പ് സെക്രട്ടറിയും മെഡിക്കല്‍ കോളെജ് സ്പെഷല്‍ ഓഫീസറുമായ ഡോ: വി.വേണു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.പി. റീത്ത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: കെ. രമാദേവി, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനിയര്‍ ജി.എസ്. ദിലീപ് ലാല്‍, പ്രിന്‍സിപ്പല്‍ (ഇന്‍ചാര്‍ജ്) ഡോ: എം.എ. രവീന്ദ്രന്‍, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ ജി.അജിത് എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button