KeralaLatest NewsNews

സംസ്ഥാനത്തെ ഏറ്റവും വിപുലമായ പുഷ്പോത്സവത്തിന് തുടക്കമായി

കൊച്ചി: എറണാകുളം ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 36-ാമത് കൊച്ചി പുഷ്പോത്സവം എറണാകുളത്തപ്പന്‍ മൈതാനത്ത് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തിരക്കേറിയ ജീവിതത്തിനിടയില്‍ മനസിന് ആശ്വാസവും കുളുര്‍മയും പകരാന്‍ പുഷ്പങ്ങളുടെയും ഫലങ്ങളുടെയും വൈവിധ്യമാര്‍ന്ന കലവറയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ നഷ്ടപ്പെട്ടു പോകുകയായിരുന്ന ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ഇപ്പോഴത്തെ തലമുറ നടത്തുന്ന ശ്രമങ്ങള്‍ വളരെ വലുതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മേയര്‍ സൗമിനി ജയിന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടറും അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി പ്രസിഡന്റുമായ കെ. മുഹമ്മദ് വൈ സഫിറുള്ള, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, സൊസൈറ്റി സെക്രട്ടറി ടി.എന്‍. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. സൊസൈറ്റിയുടെ വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

സംസ്ഥാനത്തെ ഏറ്റവും വിപുലമായ പുഷ്പോത്സവങ്ങളിലൊന്നായ കൊച്ചി പുഷ്പോത്സവം ജനുവരി ഏഴു വരെ നീണ്ടുനില്‍ക്കും. അന്‍പതിനായിരത്തിലധികം പൂച്ചെടികളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. വലിയ പൂക്കള്‍ ഉണ്ടാകുന്ന റോസാച്ചെടികള്‍, തായ്ലന്‍ഡ് ഓര്‍ക്കിഡുകള്‍, അഥീനിയം, പോയിന്റ് സിറ്റിയ, പെറ്റിയൂണിയ, ഡാലിയ, ജെര്‍ബറ, സാല്‍വിയ, ജമന്തികള്‍ തുടങ്ങിയ അമ്പതോളം ഇനങ്ങളും പ്രദര്‍ശനത്തിലുണ്ട്. ബോണ്‍സായി ചെടികള്‍, ഔഷധസസ്യങ്ങള്‍, നക്ഷത്രവൃക്ഷങ്ങള്‍ തുടങ്ങിയവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. സുവര്‍ണജൂബിലി ആഘോഷിക്കുന്ന ജംഗിള്‍ ബുക്കിലെ കഥാപാത്രങ്ങളെ അണിനിരത്തിയുള്ള ഡ്രൈഫ്ളവര്‍ അലങ്കാരമാണ് മറ്റൊരിനം.

പ്രാണിപിടിയന്‍ വര്‍ഗത്തില്‍ പെട്ട പിച്ചര്‍ പ്ലാന്റ് ഈ വര്‍ഷത്തെ പ്രത്യേകതകളിലൊന്നാണ്. ഇറക്കുമതി ചെയ്ത പോര്‍ട്ടിയാ, സാന്‍സിയ, കല്ലാലില്ലി തുടങ്ങിയ കട്ട്ഫ്ളവര്‍ ഇനങ്ങള്‍, സക്കുലന്റ് ചെടികളും വെള്ളാരംകല്ലുകളും ഉപയോഗിച്ചുള്ള ഡ്രൈഗാര്‍ഡന്‍ എന്നിവയും സന്ദര്‍കരുടെ മനം കവരുന്നു. കൃഷിവകുപ്പിന്റെ അഗ്രി ക്ലിനിക്ക് എല്ലാ ദിവസവും പുഷ്പോത്സവ വേദിയില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ പുന്തോട്ടം ഒരുക്കാനാഗ്രഹിക്കുന്നവര്‍ക്ക് വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം ലഭിക്കും.

കൃഷി വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, കൃഷി വിജ്ഞാനകേന്ദ്രം, നാളികേര വികസന ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, യൂണിയന്‍ ബാങ്ക്, സ്പൈസസ് ബോര്‍ഡ്, കേരഫെഡ്, ഇന്‍ഫോപാര്‍ക്ക്, എം.പി.ഇ.ഡി.എ, കപ്പല്‍ശാല തുടങ്ങിയ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി പൂന്തോട്ട, അടുക്കളത്തോട്ട മത്സരവും പുഷ്പമേളയുടെ ഭാഗമായി നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 നഴ്സറികള്‍ പൂച്ചെടികളും ഫലവൃക്ഷത്തൈകളും വില്‍ക്കുന്നതിന് പ്രദര്‍ശന നഗരിയിലുണ്ട്.

രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഒമ്പതു വരെയാണ് പ്രദര്‍ശന സമയം. ഫ്ളവര്‍ഷോയില്‍ ആദ്യം പ്രവേശിക്കുന്ന പതിനായിരം പേര്‍ക്ക് ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈ സൗജന്യമായി നല്‍കും. ഫ്ളവര്‍ഷോയുടെ ഭാഗമായി ജനുവരി നാലിന് പുഷ്പ രാജകുമാരന്‍, രാജകുമാരി മത്സരം സംഘടിപ്പിക്കും. നാലു മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്ക് വിവിധ പ്രായഗ്രൂപ്പുകളിലായാണ് മത്സരം. താല്‍പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി ഒന്നിനകം 04842362738, 9995829448 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button