Latest NewsLife StyleMenWomenYouth

നല്ല വ്യക്തികള്‍ക്ക് വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

മറ്റുളളവര്‍ നിങ്ങളെ സ്നേഹിക്കണമെന്നും അംഗീകരിക്കണമെന്നും ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. നല്ല വ്യക്തിയായി സമൂഹത്തില്‍ അംഗികരിക്കപ്പെടാനുളള മാര്‍ഗ്ഗങ്ങള്‍ ഇവയാണ്,

മറ്റുളളവരെ ബഹുമാനിക്കാന്‍ ശീലിക്കുക- എല്ലാത്തിനോടും പുച്ഛഭാവം വെച്ചുപുലര്‍ത്തുന്ന സ്വഭാവം ഉളളവരെ മറ്റുളളവര്‍ ഇഷ്ടപ്പെടില്ല. മാത്രമല്ല നിങ്ങളെ നെഗറ്റിവ് വ്യക്തിത്വത്തിന് ഉടമയായി കണക്കാക്കപ്പെടുകയും ചെയ്യും. വലിപ്പച്ചെറുപ്പം വെച്ചുപുലര്‍ത്താതെയും ഞാനെന്ന ഭാവത്തെ കളഞ്ഞും ആളുകളോടെ ഇടപഴകുമ്പോള്‍ നിങ്ങളെ മറ്റുളളവരും അംഗീകരിക്കും.

നിങ്ങളായി തന്നെ ഇരിക്കുക- മറ്റുളളവരെ സന്താഷിപ്പിക്കാനായി മനസിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതല്ല. ഇത് നിങ്ങള്‍ക്ക് പിന്നീട് ബാധ്യതയായി തീരും. നിങ്ങളുടെ ജീവിതത്തിന് അര്‍ത്ഥം നല്കുന്നതെന്തും മന:സാക്ഷിക്കു ശരിയെന്നു തോന്നുന്നതുമായ കാര്യങ്ങള്‍ മാത്രം ചെയ്യുക.സത്യസന്ധത പാലിക്കുക.

തുറന്ന മനസും ശ്രദ്ധയും- ചിന്തകള്‍ വിശാലമായാല്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാം. അനന്തരഫലം നോക്കാതെ ആരോടും എന്തും എടുത്തടിച്ചതു പോലെ പറയുമ്പോള്‍ അവരുടെ ഭാഗം കൂടി നോക്കണം. മോശം വാക്കുകള്‍ മറ്റുളളവരെ നിങ്ങളുടെ ശത്രുക്കളാക്കും. പറയുന്നതും ചെയ്യുന്നതും എന്താണെന്ന ബോധ്യം ഉണ്ടാവണം. മതപരമായ അസഹിഷ്ണത, എതിര്‍ ലിംഗത്തില്‍പ്പെട്ടവരോടുളള മതിപ്പു കുറവ്, വംശിയ,വര്‍ഗ്ഗിയ അധിക്ഷേപം, വെറുപ്പ് എന്നിവ ഒഴിവാക്കുക. മറ്റുളളവരുടെ പ്രശ്‌നങ്ങള്‍ക്ക് ക്ഷമയോടെ ചെവികൊടുക്കുക. നല്ലൊരു ശ്രോതാവായാല്‍ നിങ്ങളെ മറ്റുളളവര്‍ നല്ല സുഹ്യത്തായി അംഗികരിക്കും.

മനസു തുറന്ന് ചിരിക്കുക- ചിരിക്കാന്‍ പിശുക്കു കാട്ടേണ്ട. മനസു തുറന്നു തന്നെ വേണം ചിരിക്കേണ്ടത്. നല്ലൊരു ചിരി നിങ്ങളെ മറ്റുളളവരിലേക്ക് അടുപ്പിക്കും. ഒരു ചിരി രണ്ടു പേര്‍ക്കിടയില്‍ സ്യഷ്ടിക്കുക സ്‌നേഹവും സൗഹ്യദവുമാണ്.

അമിത വിമര്‍ശനം വേണ്ട- ചെറിയ കാര്യങ്ങള്‍ക്കു പോലും മറ്റുളളവരെ വിമര്‍ശ്ശിക്കുന്ന സ്വഭാവം നിങ്ങളെ ഒറ്റപ്പെടുത്തും. ആരും പൂര്‍ണ്ണരല്ല. ഓരോരുത്തരും വ്യത്യസ്തരാണ് എന്നു മനസിലാക്കുക. എന്തിനും ഏതിനും കുറ്റംപറയുന്നത് നെഗറ്റിവ് സ്വഭാവത്തിന്റെ ഭാഗമാണ്. എതിരന്‍ എന്ന പേരിലാവും നിങ്ങള്‍ കാലക്രമേണ അറിയപ്പെടുക.

പരദൂഷണവും ഏഷണിയും വേണ്ടേ,വേണ്ട- നല്ലൊരു വ്യക്തി ആകാന്‍ ആദ്യം ഒഴിവാക്കേണ്ടത് ഗോസിപ്പുകളാണ്. കെട്ടുകഥകള്‍ കൊണ്ട് മറ്റുളളവരുടെ സമാധാനം കെടുത്തുന്നവരെ എല്ലാവരും വെറുക്കും. കെട്ടു കഥകള്‍ കേള്‍ക്കുന്നവര്‍ പോലും നിങ്ങളെ ഉളളിന്‍റെ ഉളളില്‍ ഭയപ്പെടുന്നു എന്നതാണ് വാസ്തവം. ഒരാളെ വൈകാരികമായി അവഹേളിക്കുകയാണ് കെട്ടുകഥകളിലൂടെ ചെയ്യുന്നത്. മറ്റുളളവരെ അപമാനിച്ച് താല്ക്കാലികമായി ആനന്ദം കണ്ടെത്താം എന്നതിനപ്പുറം റൂമറുകള്‍ കൊണ്ട് ആര്‍ക്കും ഒരു ലാഭവും ഇല്ല.

സ്‌നേഹവും സഹായവും- എല്ലാവരോടും തുറന്ന മനസോടെ ഇടപഴകുക. ആവശ്യമെങ്കില്‍ കഴിയുന്ന സഹായവും ചെയ്യുക. നിങ്ങളെ വേദനിപ്പിച്ചവരോടും സ്‌നേഹത്തോടു പെരുമാറാന്‍ ശ്രമിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതം കൂടുതല്‍ തെളിച്ചമുളളതായി അനുഭവപ്പെടും. മനസില്‍ നിന്നും വെറുപ്പും ദേഷ്യവും എടുത്തു മാറ്റുന്നതോടെ ഹ്യദയാരോഗ്യം മെച്ചപ്പെടും. പക മനസില്‍ കിടന്നു വളരുന്നത് പല ശാരീരിക അസുഖങ്ങള്‍ക്കും കാരണമാകും. ക്ഷമിച്ചാല്‍ ആയുസു കൂടും എന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

മുന്‍ധാരണ വേണ്ട- മുന്‍ പരിചയത്തിന്‍റെ പേരില്‍ പലരും പലരെയും പറ്റി മോശം അഭിപ്രായം പറയുന്നത് അപ്പടി വിശ്വസിക്കരുത്. ഓരോരുത്തര്‍ക്കും ഒരേ വ്യക്തിയില്‍ നിന്നു തന്നെ വ്യത്യസ്ത അനുഭവങ്ങളാവാം ഉണ്ടാകുക. ചിലര്‍ തമ്മിലുളള ആശയപരമായ വൈരുദ്ധ്യവും ഇതിനു കാരണമാണ്. സുഹ്യത്തുക്കളെ പൂര്‍ണ്ണമായും അവഗണിക്കാതെ തന്നെ മറ്റുളളവരെപ്പറ്റി കേട്ട മുന്‍ധാരണയെ മാറ്റിവെക്കണം. അസൂയ കൊണ്ടും മുന്‍വൈരാഗ്യം കൊണ്ടും ഒരാളെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നതാണെങ്കില്‍ ആ കെണിയില്‍ നമ്മളും സ്വയം തലവെക്കേണ്ട കാര്യമില്ല. സ്വന്തം അനുഭവം കൂടി മുന്‍നിര്‍ത്തി വേണം ഒരാളെ വിലയിരുത്താന്‍.

ഉത്തരവാദിത്വം വേണം കോപം അരുത്- ഏറ്റെടുക്കുന്ന ജോലികള്‍ ആത്മാര്‍ത്ഥതയോടെ തന്നെ തീര്‍ക്കണം. ചെറിയ ജോലിയാണെങ്കില്‍കൂടി ഭംഗിയായി തന്നെ ചെയ്യണം. കോപം കഴിവതും ഒഴിവാക്കാനും ശ്രമിക്കണം. കോപം നിങ്ങള്‍ക്ക് ചീത്തപ്പേരാവും നേടിത്തരുക. പിന്നീട് അതുകൊണ്ടുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിയും വരും.

ജീവിതത്തെ സ്‌നേഹിക്കുക- ജീവിതത്തില്‍ ഉയര്‍ച്ച പോലെ താഴ്ചകളും ഉണ്ടാകാം. അപ്പോഴും ജീവിതത്തെ സ്‌നേഹിക്കണം. നമ്മുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ മറ്റുളളവരെ ബോറടിപ്പിക്കരുത്. ക്രമേണ ആളുകള്‍ അകന്നു പോകും. സ്ഥിമായി നെഗറ്റിവ് കാര്യങ്ങളും പ്രശ്‌നങ്ങളും പറയുന്നവരെ ആളുകള്‍ അകറ്റി നിര്‍ത്തും. സന്തോഷമായി ഇരുന്നാല്‍ മറ്റുളളവര്‍ നിങ്ങളിലേക്ക് അടുക്കും. ‘അവരോട് എപ്പോള്‍ സംസാരിച്ചാലും നല്ലതൊന്നും പറയില്ല അതുകൊണ്ടു സംസാരിക്കാനേ തോന്നില്ല’ എന്നു ചിലരെപ്പറ്റി പറയുന്നത് നിത്യജീവിതത്തില്‍ നമ്മളൊക്കെ കേള്‍ക്കാറുളളതാണ്. കഴിവതും മറ്റുളളവരോട് സദാസമയവും കഷ്ടപ്പാടുകള്‍ മാത്രം പറഞ്ഞ് കംപ്ലയന്‍റ് ബോക്‌സെന്ന പേരുണ്ടാക്കാതിരിക്കാനായി ശ്രദ്ധിക്കുക. നല്ല വ്യക്തിത്വം ഉളളവര്‍ പ്രശ്‌നങ്ങളെ പോസിറ്റിവ് ആറ്റിറ്റ്യൂഡില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തി ഉളളവരായിരിക്കും.

Tags

Post Your Comments


Back to top button
Close
Close