South IndiaWeekened GetawaysWildlifePilgrimageHill StationsAdventureIndia Tourism Spots

ചോലമരങ്ങള്‍ തിങ്ങിയ വഴികളിലൂടെ അഗസ്ത്യാര്‍കൂടത്തിലേക്ക് ഒരു യാത്ര

യാത്രകള്‍ എന്നും സഞ്ചാരികള്‍ക്ക് ഹരമാണ്. പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി സന്ദര്‍ശിക്കുവാന്‍ അത്യുത്സാഹം ഉള്ളവരാണ് നമ്മളില്‍ ഓരോരുത്തര്‍ക്കും. യാത്രകൾ പലതുണ്ട് സാഹസികതയും തീർത്ഥാടനവും ഒക്കെ യാത്രകളുടെ പട്ടികയിൽ ഉൾപ്പെടുത്താം. തീർത്തും വ്യത്യതമായി പ്രകൃതി ഭംഗി ആസ്വദിക്കാനും ഒപ്പം തീർത്ഥാടനവും ലക്ഷ്യം വയ്ക്കുന്ന ഒരു യാത്രയെക്കുറിച്ചറിയാം.

കേരളത്തിന്റെ സ്വന്തം അഗസ്ത്യാര്‍കൂടം

തിരുവനന്തപുരത്തുനിന്നും 62 കിലോമീറ്റർ അകലെയാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തുനിന്നും പഴയ തേയില ഫാക്ടറിക്ക് മുന്നില്‍ ബസ്സിറങ്ങി അവിടെനിന്നും മണ്‍പാതവഴി ഏകദേശം രണ്ടു കിലോമീറ്റര്‍ നടന്ന് ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ എത്താം. ഇരുചക്രവാഹനത്തിലോ കാറിലോ മറ്റോ വരുന്നവര്‍ക്ക് ബോണക്കാട് പിക്കറ്റ് സ്റ്റേഷന്‍ വരെ ഡ്രൈവ് ചെയ്തു പോകാന്‍ കഴിയും.

Image result for agasthyakoodam

ബോണക്കാടുനിന്നും രാവിലെ ഒന്‍പതു മണിക്ക് ആരംഭിക്കുന്ന ആദ്യദിവസത്തെ യാത്ര ഏകദേശം 18 കിലോമീറ്റര്‍ കാല്‍നടയായി കരമനയാര്‍ , അട്ടയാര്‍ , കുട്ടിയാര്‍ എന്നിവയുടെ കൈവഴികള്‍ പിന്നിട്ട് ഏഴുമടക്കന്‍ മലയും മുട്ടിടിച്ചാന്‍മലയും കടന്നു അഗസ്ത്യമലയുടെ താഴ്ഭാഗമായ അതിരുമലയിലെ വിശ്രമകേന്ദ്രത്തില്‍ വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി എത്തുന്നു.

അടുത്ത ദിവസം രാവിലെ തന്നെ അഗസ്ത്യമലയുടെ മുടിയിലേക്കുള്ള യാത്ര ആരംഭിക്കുകയായി

പൊതിഗമലൈയില്‍ ഉത്ഭവിച്ച് തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയെ സമ്പല്‍സമൃദ്ധമാക്കിയൊഴുകുന്ന താമ്രപര്‍ണിനദിയുടെ ഏതാണ്ട് ഉദ്ഭവസ്ഥാനത്ത് പ്രകൃതിരമണീയമായ പാറയുടെ മുകളില്‍ തീര്‍ക്കപ്പെട്ട തടാകത്തിലെ സ്ഫടികംപോലെ ക്ലിയറായ തണുത്ത വെള്ളത്തില്‍ കുളിച്ച് കൊടുമുടിയിലേക്കുള്ള കയറ്റം തുടങ്ങുകയായി.

Image result for agasthyakoodam

അഗസ്ത്യമുടിയുടെ നെറുകയിലുളള ചോലവനത്തിലാണ് അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളത്. അഗസ്ത്യന്റെ പൂര്‍ണ്ണകായ പ്രതിമ. അവിടം പ്രകൃതി സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്ന ചോലമരങ്ങള്‍ കാറ്റിന്റെ ഗതിയെ തടഞ്ഞ് അഗസ്ത്യന്റെ മുന്നിലെ വിളക്ക് കെടാതെ സൂക്ഷിക്കുന്നു. തീര്‍ത്ഥാടകര്‍ അവരവര്‍ തന്നെ പൂജനടത്തി മലയിറങ്ങുകയാണ് പിന്നെ.

Image result for agasthyakoodam

നെയ്യാര്‍ഡാം-കൊമ്പൈ-മീന്‍മുട്ടി-ഉണ്ണിക്കടവ് വഴിയും അതിരുമലയിലെത്താം. എന്നാല്‍ ഈ പാത അതി ദുര്‍ഘടമാണ്. തമിഴകത്ത് നിന്ന് മൂങ്ങന്‍തുറൈ റിസര്‍വ് വനത്തിലൂടെയും അംബാസമുദ്രം – കളക്കാട് – ഇഞ്ചിക്കുന്ന് വഴിയും ശിവരാത്രി ഉത്സവകാലത്ത് ഇവിടെ തീര്‍ത്ഥാടകരെത്തുന്നതായി പറയപ്പെടുന്നു.

 

അഗസ്ത്യവനത്തിലൂടെയുള്ള യാത്ര പ്രകൃതിയുമായുള്ള ഇഴുകിച്ചേരലാണ്. യാത്രയുടെ തുടക്കത്തില്‍ തന്നെ മലദൈവങ്ങളെ വണങ്ങിയുള്ള യാത്രയില്‍ സാഹസികതയും പ്രകൃതിസൗന്ദര്യവും ആത്മീയതയും സമ്മേളിക്കുന്നു. പ്രകൃതി നമ്മെ മാറോടണയ്ക്കുന്ന ഒരു യാത്ര! ഔഷധസസ്യങ്ങളുടെ കലവറയിലൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള യാത്ര. യാത്രയില്‍ അപൂര്‍വ്വയിനം പക്ഷികള്‍, പുഷ്പങ്ങള്‍, ശലഭങ്ങള്‍, മലയണ്ണാന്‍ തുടങ്ങിയവയെയൊക്കെ കാണാം. മാത്രവുമല്ല പ്രകൃതി തീര്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങള്‍! അസുലഭമായി ലഭിക്കുന്ന മഴവില്ലുകള്‍! ആന, കാട്ടുപോത്ത്, പാമ്പ്‌, കുളയട്ട തുടങ്ങിയവയും ഈ വനത്തില്‍ സുലഭം!

Image result for agasthyakoodam

വഴിയരികിലുള്ള ചാത്തന്‍ അപ്പ്, കരടി അപ്പ് എന്നീ പാറയിടുക്കുകള്‍ വിശ്രമകേന്ദ്രങ്ങളാണ്. പുല്‍മേടുകള്‍ ‍‍, നിത്യഹരിത വനം, ഇലപൊഴിയും വനം, ചോലക്കാടുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥയിലൂടെയാണീ മനംമയക്കുന്ന നിത്യസത്യം തേടിയുള്ള ഈ യാത്ര. പ്രകൃതിയില്‍ ശില്പങ്ങളായി പാറകള്‍ നിരന്ന് കിടക്കുന്ന വിഗ്രഹപ്പാറ മറ്റൊരു കൗതുകമാണ്. ഒന്നാം ദിവസത്തെ യാത്ര അവസാനിക്കുന്നത് അതിരുമലയിലാണ്. അവിടെ വനം വകുപ്പിന്റെ വിശ്രമകേന്ദ്രവും ക്യാന്‍റീനും ഒരുക്കിയിട്ടുണ്ട്.

മലദേവനായ കറുപ്പസ്വാമിയുടെ നടയില്‍ തിരിതെളിയിച്ചാണ് രണ്ടാം ദിവസം യാത്ര തുടങ്ങുക. ആനച്ചൂരുള്ള ഈറ്റക്കാടുകളും കാട്ടുപോത്തുകള്‍ വിഹരിക്കുന്ന കുറ്റിക്കാടുകളും കടന്ന് പൊങ്കാലപ്പാറയിലെത്തുന്നു. പൂക്കള്‍ നിറഞ്ഞ സസ്യലതാദികളുടെ വൈവിദ്ധ്യവും സമൃദ്ധിയും വിശുദ്ധിയും അവര്‍ണ്ണനീയം തന്നെ. അവിടെ അഗസ്ത്യഗീതയില്‍ നിന്ന് ഉത്ഭവിച്ച് തമിഴകത്തേക്ക് ഒഴുകുന്ന “താമ്രപര്‍ണ്ണി’ തീര്‍ക്കുന്ന തടാകം. ഇവിടെ മുങ്ങിക്കുളിച്ചാണ് യാത്ര തുടരുക. അവിടെ പൊങ്കാലപ്പാറയില്‍ പൊങ്കാല അര്‍പ്പിക്കുന്നവരും പൂജനടത്തുന്നവരും യാത്രക്കാരില്‍ അപൂര്‍വ്വമല്ല.

ഇവിടം മുതലുള്ള യാത്ര ദുര്‍ഘടവും എന്നാല്‍ സാഹസികതയും പ്രകൃതിയുടെ ലയഭാവങ്ങള്‍ ഒത്തുചേരുന്നതുമാണ്. വീശിയടിക്കുന്ന തണുത്ത കാറ്റും അടുത്തുനില്‍ക്കുന്നവരെപ്പോലും മറയ്ക്കുന്ന കോടമഞ്ഞും സഹിച്ച് വഴുക്കലുള്ള കുത്തനെയുള്ള പാറകളില്‍ കയറിപ്പറ്റുക എന്നത് അതിസാഹസികമാണ്, എന്നാല്‍ ആ യാത്ര പകര്‍ന്നുനല്‍കുന്ന സംതൃപ്തി അനുഭവിച്ചറിയേണ്ടതുതന്നെയാണ്. വൃക്ഷനിബിഡമായ ഇരുണ്ട കാനനപാതയും, ചെളിയും വഴുക്കലുമുള്ള ഇടുങ്ങിയ വഴികളും പിന്നിട്ട് കുത്തനെയുള്ള പാറ കയറിയെത്തുമ്പോള്‍ അഗസ്ത്യകൂടം ആയി. അഗസ്തമുനിയുടെ ഒരു വിഗ്രഹം അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഭക്തര്‍ തന്നെ അര്‍ച്ചനയും അഭിഷേകവും നടത്തുന്നു. മഞ്ഞുകണങ്ങള്‍ തലോടി പുളകം കൊള്ളിക്കുന്നു. അവിടെനിന്നും നോക്കിയാല്‍ പച്ച പുതച്ച മലനിരകളം അതിസുന്ദരമായ പ്രകൃതി ദൃശ്യങ്ങളും, പേപ്പാറ – നെയ്യാര്‍ ജലസംഭരണികളും അവിടെയെത്തിച്ചേരുന്ന നദികളും ഒക്കെ ദൃശ്യമാകും.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close