KeralaLatest News

ശബരിമല വിഷയം : ഒരു വ്യത്യസ്ത പ്രതിഷേധം ; “വില്ലുവണ്ടിയാത്ര” ഒരുങ്ങുന്നു

വില്ലുവണ്ടി സമരത്തെക്കുറിച്ച് സംഘടനയുടെ എഫ്. ബി പോസ്റ്റിന്‍റെ വിശദമായ രൂപം....

ബരിമലയിലെ അവകാശങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്തമായ ഒരു പ്രതിഷേധ മാര്‍ഗ്ഗത്തിന് ഒരുങ്ങുകയാണ് ഒരു സംഘടന. സംഘടനയുടെ ഫെയ്സ്ബുക്ക് പ്രൊഫെെലിലൂടെയാണ് ഈ കാര്യം പൊതുജന സമക്ഷം അവതരിപ്പിച്ചത്. ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയാണ് അവകാശ സംരക്ഷണത്തിനായി കേരളത്തിലെ വിവിധ നവോത്ഥാന കേന്ദ്രങ്ങളില്‍ നിന്നും എരുമേലിയിലേക്ക് വില്ലുവണ്ടിയാത്ര സംഘടിപ്പിക്കുന്നത്. ഡിസംബർ 16നാണ് ഈ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറാന്‍ ഒരുങ്ങുന്നത്. സവര്‍ണ്ണാധിപത്യം പൊളിച്ചെഴുതുക, ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുക, ലിംഗസമത്വം ഉറപ്പാക്കുക എന്നിവയാണ് വില്ലുവണ്ടി പ്രതിഷേധം ഉയര്‍ത്തിപ്പിടിക്കുന്നത്.

വില്ലുവണ്ടി സമരത്തെക്കുറിച്ച് സംഘടനയുടെ എഫ്. ബി പോസ്റ്റിന്‍റെ വിശദമായ രൂപം….

സുഹൃത്തേ,

മാതൃത്വത്തിന്റെയും മാനവരാശിയുടെയും നിലനിൽപ്പിനു ആധാരമായ ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് സവർണ്ണ വർഗ്ഗീയത ശക്തിപ്പെടുത്താനുള്ള ബ്രാഹ്മണ്യ ശക്തികളുടെ നീക്കം ശബരിമലയെ സംഘർഷ ഭൂമി ആക്കിയിരിക്കുകയാണ്. ശബരിമലയിൽ എത്തുന്ന സ്ത്രീകളെയും അവരെ പിന്തുണക്കുന്നവരെയും ജനിച്ച മണ്ണിൽ നിന്ന് തുരത്തുന്ന തരത്തിൽ ഈ സംഘർഷം വളർത്തുകയാണ്. സ്ത്രീകൾക്കും, ആദിവാസി, ദലിത് പാർശ്വവത്കൃതർക്കുമേൽ സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ജാതിവാദികളുടെ താല്പര്യമാണ് ഇതിനു പിന്നിലുള്ളത്.

തദ്ദേശീയരായ ജനങ്ങളുടെ സാംസ്കാരിക ബഹുസ്വരതയെയും വിശ്വാസധാരയെയും ലിംഗസമത്വത്തെയും ജനാധിപത്യ വ്യവസ്ഥയെയും അട്ടിമറിച്ചുകൊണ്ടാണ് ഈ ജാതിമേൽക്കോയ്മ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ മനുഷ്യരുടെ ആത്മീയ ജീവിതത്തിനു വഴികാട്ടിയാകാൻ ശേഷിയില്ലാത്ത ഇടുങ്ങിയ മനസ്സുള്ള പുരോഹിതവർഗ്ഗങ്ങളാണ് വർഗ്ഗീയത ആളിക്കത്തിക്കുവാനുള്ള ഇന്ധനം പകരുന്നവർ. ശബരിമലയിൽ അത് നിർവ്വഹിക്കുന്നവർ തന്ത്രി സമൂഹമാണ്. ആർത്തവം അശുദ്ധമാണെന്നും അയ്യപ്പപ്രതിഷ്ഠയുടെ താലപര്യം അതാണെന്നും അവർ വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നു. വിശ്വാസികളെ വിഭജിച്ച് രാഷ്ട്രീയത്തിൽ ബ്രാഹ്മണ്യമേൽക്കോയ്മ സ്ഥാപിച്ചെടുക്കാൻ ചില രാഷ്ട്രീയ പാർട്ടികൾ ഇത് ഉപയോഗപ്പെടുത്തുകയാണ്. ശബരിമലയിൽ അവസാന വാക്ക് താന്ത്രിയുടേതാണെന്ന കള്ളക്കഥയാണ് ഇതിനായി പ്രചരിപ്പിക്കുന്നത്. ഈ നാടിന്റെ വൈവിധ്യമാർന്ന വിശ്വാസധാരകളെയും ജനവർഗ്ഗ – സാംസ്കാരിക വിഭാഗങ്ങളെയും ഇവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

പ്രാചീനകാലം മുതൽ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉൾപ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാർത്ഥ ഉടമകളായിരുന്ന മലഅരയരെയും ഊരാളി, മലപണ്ടാരം എന്നീ ആദിവാസി ജനങ്ങളെയും തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് താന്ത്രിസമൂഹവും സവർണ്ണ ജനങ്ങളും മറ്റ് അധികാര വർഗ്ഗങ്ങളും മാറ്റി നിർത്തുകയായിരുന്നു. പകരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിച്ചേല്പിച്ചു. മാനവരാശിയുടെ പകുതിയായ സ്ത്രീകളെ അയിത്തം ആരോപിച്ച് മാറ്റി നിർത്തി. ആദിവാസി ദലിത് പിന്നോക്ക പാർശ്വവത്കൃത സമൂഹങ്ങളുടെമേൽ ജാതിമേൽക്കോയ്മയുള്ള സവർണ്ണ ഫാസിസം അടിച്ചേല്പിക്കുവാനുള്ള ഒരു വിശ്വാസ സ്ഥാപനമായി ശബരിമലയെ തരംതാഴ്ത്തുകയും ഭരണഘടനയെ വെല്ലുവിളിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ആദിവാസി ദലിത് ജനതയുടെ കാവുകളും ഗോത്രാരാധന കേന്ദ്രങ്ങളും അവരുടെ സംസ്കാരത്തിന് അന്യമായ ബ്രാഹ്മണാചാരം അടിച്ചേൽപ്പിച്ച് തട്ടിയെടുക്കുകയാണ് തന്ത്രി സമൂഹവും ജാതിവാദികളും ചെയ്യുന്നത്. സവർണ്ണ ഫാസിസത്തിന്റെ തന്ത്രമാണിത്. വനാവകാശവും ഭൂമിയും വിഭവങ്ങളും പൊതുവിടങ്ങളും തട്ടിയെടുക്കപ്പെട്ട ആദിവാസി ദലിത് സമൂഹങ്ങളെ വംശീയമായും സാംസ്കാരികമായും തുടച്ച് നീക്കുന്ന മേൽപ്പറഞ്ഞ പദ്ധതിയുടെ ഭാഗമാണ് ശബരിമലയിലും കാണുന്നത്. ശബരിമലയിൽ വനാവകാശമുള്ള ആദിവാസികളെ ശബരിമലയിലെ വിഭവങ്ങളിൽ നിന്നും വരുമാനത്തിൽ നിന്നും ബഹിഷ്കൃതരാക്കിയിട്ടുണ്ട് എന്നതും വസ്തുതയാണ്.

രാജ്യത്തെമ്പാടും ജനാധിപത്യ സമൂഹങ്ങൾക്ക് വെല്ലുവിളിയായി മാറിയിരിക്കുന്ന സവർണ്ണ ഫാസിസത്തെ പ്രതിരോധിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനും ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും ശബരിമലയിലെ ആദിവാസികളുടെ വിഭവാധികാരവും വനാവകാശങ്ങളും ആചാരങ്ങളും പുനഃസ്ഥാപിക്കുന്നത് സുപ്രധാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘തന്ത്രികൾ പടിയിറങ്ങുക’, ‘ശബരിമല ആദിവാസികൾക്ക്’, ‘ലിംഗസമത്വം ഉറപ്പാക്കാൻ ഭരണഘടന ഉയർത്തിപ്പിടിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് ഡിസംബർ 16 നു എരുമേലിയിൽ കൺവെൻഷനും കേരളത്തിന്റെ വിവിധ നവോത്ഥാന കേന്ദ്രങ്ങളിൽ നിന്ന് എരുമേലിയിലേക്ക് വില്ലുവണ്ടി യാത്രയും സാംസ്കാരിക കലാജാഥയും നടത്തുന്നത്.

ശബരിമലയുടെ മറവിൽ നടക്കുന്ന നവബ്രാഹ്മണിക്യൽ – ശൂദ്രകലാപത്തെ പ്രതിരോധിക്കുന്നതിനും ആദിവാസികളുടെ അവകാശത്തെ പുനഃസ്ഥാപിക്കുന്നതിനും കേരളത്തിലെ മുഴുവൻ ജനാധിപത്യവാദികളും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി.

 

സുഹൃത്തേ, മാതൃത്വത്തിന്റെയും മാനവരാശിയുടെയും നിലനിൽപ്പിനു ആധാരമായ ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് സവർണ്ണ വർഗ്ഗീയത…

Posted by വില്ലുവണ്ടി യാത്ര on Friday, November 23, 2018

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button