Latest NewsSaudi ArabiaGulf

നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാൾ: അലാദ് ജുബൈലും, ഫ്രണ്ട്‌സ് ഓഫ് നേപ്പാളും സെമിഫൈനലിൽ കടന്നു

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം സംഘടിപ്പിച്ച സഫിയ അജിത്ത് സ്മാരക വോളിബാൾ ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ, ആവേശകരമായ ക്വാർട്ടർ മത്സരങ്ങൾക്ക് ഒടുവിൽ അലാദ് ജുബൈൽ, ഫ്രണ്ട്‌സ് ഓഫ് നേപ്പാൾ എന്നീ ടീമുകൾ വിജയികളായി സെമി ഫൈനലിൽ കടന്നു.

ആദ്യമത്സരത്തിൽ അലാദ് ജുബൈൽ ടീം 25-22, 23-25, 25-18, 25-12 എന്ന സ്‌കോറിന് കാസ്‌ക്ക് ദമ്മാം ടീമിനെ പരാജയപ്പെടുത്തി. അഞ്ചു സെറ്റ് നീണ്ടു നിന്ന വാശിയേറിയ രണ്ടാം മത്സരത്തിൽ ഫ്രണ്ട്‌സ് ഓഫ് നേപ്പാൾ ടീം, 25-23, 16-25, 20-25, 25-22, 25-20 എന്ന സ്‌കോറിന്
സി.എഫ്.സി കോബാർ ടീമിനെ പരാജയപ്പെടുത്തി. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ, തുല്യശക്തികള്‍ തമ്മില്‍ നടന്ന, ആവേശം നിറഞ്ഞ രണ്ടു മത്സരങ്ങളും, അൽ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാൾ കോർട്ടിൽ തടിച്ചു കൂടിയ നൂറുകണക്കിന് കായിക പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു മത്സരരാവ് സമ്മാനിച്ചു. ശക്തിയേറിയ സ്മാഷുകളും, മികച്ച ബ്ലോക്കുകളും, നീണ്ട വോളികളും വഴി ഓരോ ടീമും മത്സരിച്ചു കളിച്ചപ്പോള്‍, മികച്ച പ്രൊഫെഷണല്‍ വോളിബാള്‍ മത്സരങ്ങൾക്ക് കിഴക്കന്‍ പ്രവിശ്യ സാക്ഷിയായി.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പല പ്രമുഖരു൦ മത്സരം വീക്ഷിയ്ക്കാൻ എത്തിയിരുന്നു. മത്സരത്തിന് മുൻപ് ഗ്രൗണ്ടിൽ അണിനിരന്ന ടീമംഗങ്ങളെ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ്‌ ബെന്‍സി മോഹന്‍, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, കേന്ദ്രനേതാക്കളായ ജമാൽ വല്യാപ്പള്ളി, ഉണ്ണി പൂചെടിയല്‍, ശ്രീകുമാർ വെള്ളല്ലൂർ, ബിജു വർക്കി, ദാസൻ രാഘവൻ, ലത്തീഫ്മൈനാഗപ്പള്ളി, രതീഷ് രാമചന്ദ്രൻ, സുശീൽ കുമാർ, ഇ.എസ് റഹീം എന്നിവർ പരിചയപ്പെട്ടു. സക്കീർ ഹുസൈൻ ആയിരുന്നു കളിയുടെ മുഖ്യറഫറി. നവയുഗം കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, സനു മഠത്തിൽ, മിനി ഷാജി, നിസാമുദ്ദീൻ, തമ്പാന്‍ നടരാജന്‍, സഹീര്ഷ, മണിക്കുട്ടൻ, നവാസ്, ബിനുകുഞ്ഞു, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, രതീഷ് ജെ മാർട്ടിൻ എന്നിവർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി. 

വോളിബാള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങൾ ദമ്മാം അൽ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാൾ കോർട്ടിൽ, ജനുവരി 3 വ്യാഴാഴ്ച , രാത്രി 8.30 മുതല്‍ ആരംഭിക്കും. ആദ്യസെമിഫൈനൽ മത്സരത്തിൽ അലാദ് ജുബൈൽ ടീമും ഫ്രണ്ട്‌സ് ഓഫ് നേപ്പാൾ ടീമും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് നടക്കുന്ന രണ്ടാമത്തെ സെമിഫൈനൽ മത്സരത്തിൽ അറബ്‌കോ റിയാദ് ടീമും ഫ്രണ്ട്‌സ് ഓഫ് ദമ്മാം ടീമും തമ്മിൽ ഏറ്റുമുട്ടും.

Tags

Post Your Comments


Back to top button
Close
Close