Latest NewsSaudi Arabia

നവയുഗവും എംബസ്സിയും തുണച്ചു: ദുരിതപർവ്വം താണ്ടി ഷഹനാസ് ബീഗം നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•സ്പോൺസർ നിയമവിരുദ്ധമായി ജോലിയ്ക്ക് കൊണ്ടുവന്ന ഇന്ത്യക്കാരിയായ ഹൌസ്മെയ്ഡ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന ഹൈദരാബാദ് സ്വദേശിനിയായ ഷഹനാസ് ബീഗമാണ് ദുരിതപർവ്വം താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസങ്ങൾക്ക് മുൻപാണ് ഷഹനാസ് സൗദിയിൽ ഒരു വീട്ടിൽ ജോലിയ്ക്ക് എത്തിയത്. ആദ്യം ദുബായിൽ വിസിറ്റിങ് വിസയിൽ കൊണ്ട് വന്ന ശേഷം, ഷഹനാസിനെ നിയമവിരുദ്ധമായി സൗദിയിലേക്ക് കടത്തി കൊണ്ട് വരികയായിരുന്നു. അബ്‌ഖേക്കിൽ ഉള്ള ആ വീട്ടിൽ നാല് മാസം ജോലി ചെയ്തിട്ടും സ്പോൺസർ ഇക്കാമയോ, ശമ്പളമോ ഒന്നും നൽകിയില്ല. ആകെ കുഴപ്പത്തിലായ ഷഹനാസിന്റെ അവസ്ഥ അറിഞ്ഞ നാട്ടിലെ ബന്ധുക്കൾ, വിദേശകാര്യവകുപ്പിനും മറ്റു അധികാരികൾക്കും പരാതി നൽകി. തുടർന്ന് വിദേശകാര്യവകുപ്പ് സൗദിയിലെ ഇന്ത്യൻ എംബസ്സിയ്ക്ക് പരാതി കൈമാറി. ഇന്ത്യൻ എംബസ്സി ഈ കേസിന്റെ കാര്യത്തിൽ ഇടപെടാൻ നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ ചുമതലപ്പെടുത്തി അധികാരപത്രം നൽകി.

തുടർന്ന് മഞ്ജു മണിക്കുട്ടൻ നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഷാജി മതിലകത്തിനും, പദ്മനാഭൻ മണിക്കുട്ടനും ഒപ്പം അബ്‌ഖേക്കിൽ പോയി ഷഹനാസിനെ കണ്ടു പിടിച്ചു കാര്യങ്ങൾ മനസ്സിലാക്കി. സൗദി പോലീസിന്റെ സഹായത്തോടെ അവർ ഷഹനാസിനെ ലേബർ കോടതിയിൽ ഹാജരാക്കി. സ്പോണ്സർക്കെതിരെ കേസെടുത്ത കോടതി, മഞ്ജു മണിക്കുട്ടന്റെ ഉത്തരവാദിത്വത്തിൽ ഷഹനാസിനെ ദമ്മാം വനിത അഭയകേന്ദ്രത്തിലേയ്ക്ക് അയച്ചു.

ഷഹനാസിന് എക്സിറ്റും, കുടിശ്ശിക ശമ്പളവും നൽകാൻ കോടതി വിധിച്ചു. എന്നാൽ,നിയമവിരുദ്ധമായി സൗദിയിൽ തങ്ങിയതിന് ഷഹനാസിന് ഫൈൻ അടയ്ക്കണമായിരുന്നു. അത് നൽകാത്ത സ്‌പോൺസറുടെ നിസ്സഹരണം കാരണം മൂന്നു മാസത്തോളം ഷഹനാസിന് അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്നു.

മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച്, ഇന്ത്യൻ എംബസ്സി ദമ്മാം വോളന്റീർ ടീം കൺവീനർ മിർസ ബൈഗ് ഷഹനാസിന്റെ ഫൈൻ അടയ്ക്കുകയും, നാട്ടിലേയേക്ക് പോകാനുള്ള വിമാനടിക്കറ്റ് നൽകുകയും ചെയ്തു.

മഞ്ജു അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഷഹനാസിന് ഫൈനൽ എക്സിറ്റ് അടിച്ചു നൽകി.

തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവര്ക്കും നന്ദി പറഞ്ഞു ഷഹനാസ് നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button