Latest NewsDevotional

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

കാഞ്ചീപുരത്തെ കാമാക്ഷിയമ്മന്‍ പരാശക്തിയാണ്-ദേവതകളുടെ ദേവി. ശ്രീ കാഞ്ചികാമാക്ഷീ ദേവിയെ സരസ്വതി ദേവിയേയും ലക്ഷ്മീദേവിയേയും പാര്‍വതീ ദേവി സ്വന്തം കണ്ണുകളാക്കിയിരിക്കുന്നു. കാ എന്നാല്‍ വിദ്യാദേവതയായ സരസ്വതി, മാ എന്നാല്‍ സമ്പത്തിന്റെ അധിദേവതയായ ലക്ഷ്മി-അക്ഷി എന്നതിനര്‍ത്ഥം കണ്ണുകള്‍ എന്നും. സരസ്വതിയേയും ലക്ഷ്മിയേയും കണ്ണുകളായി ധരിച്ചവള്‍ ദേവി കാമാക്ഷി. സപ്തമോക്ഷപുരികളില്‍ ഒന്നത്രെ ഈ ക്ഷേത്രം. നാഭിസ്ഥാന ഒഡ്യാണപീഠം എന്നാണ് ദേവി നില്‍ക്കുന്ന സ്ഥലം അറിയപ്പെടുന്നത്. സുമാര്‍ അഞ്ച് ഏക്കര്‍ വരും ക്ഷേത്രഭൂമി. നാല് വശത്തും ഗോപുരങ്ങളുമുണ്ട്.

ഗായത്രി മണ്ഡപത്തിന് മധ്യത്തിലായുള്ള ശ്രീകോവില്‍ തെക്ക് കിഴക്കോട്ട് അഭിമുഖമായാണ്. ഇന്ന് ഗായത്രീ മണ്ഡപം എന്നറിയപ്പെടുന്ന ആദ്യകാലത്തെ പ്രധാന ക്ഷേത്രത്തിന്റെ ചുറ്റും ചെമ്പകമരക്കാടുകളായിരുന്നു. ദേവന്മാര്‍ തത്തകളുടെ രൂപമെടുത്ത് ഇവിടത്തെ ശ്രീദേവിയെ ഉപാസിച്ചുപോന്നു. അര്‍ച്ചനകളും പൂജകളും മുഴുവന്‍ ഇവിടെയാണ് ചെയ്യാറുള്ളത്. ദേവന്മാര്‍ക്ക് മുഴുവന്‍ പൂര്‍ണസംരക്ഷണം നല്‍കിയശേഷം സൂക്ഷ്മരൂപം പൂണ്ട ദേവി ശ്രീചക്രത്തില്‍ ലയിച്ചു എന്നാണ് സങ്കല്‍പം. ശ്രീദേവിയുടെ വലതുഭാഗത്ത് അകവളവുള്ളതായി കാണാം. അസുരന്മാരില്‍ നിന്ന് ദേവന്മാരെ രക്ഷിക്കാന്‍ ബിലാകാശം എന്നറിയപ്പെടുന്ന ഈ വലിയ വളവിലൂടെയാണ് ദേവി പ്രത്യക്ഷപ്പെട്ടതുപോല്‍. കാമദേവന് വരം നല്‍കാന്‍ മറ്റ് ശക്തികളെ മുഴുവന്‍ ദേവിക്ക് ആവാഹിക്കേണ്ടി വന്നതാണ് ഇതിനു കാരണം എന്നും പറയുന്നു.

പത്മാസനത്തിലിരിക്കുന്ന രൂപത്തില്‍ യോഗാവസ്ഥയിലാണ് ദേവി ഇവിടെ. പ്രാര്‍ത്ഥിച്ചാല്‍ സമാധാനവും ഐശ്വര്യവും ഉറപ്പ്. ദേവിയുടെ താഴെയുള്ള കൈകളില്‍ കരിമ്പു വില്ലും പൂക്കുലയുമാണ്. മുകളില്‍ ഉയര്‍ത്തിപ്പിടിച്ച കൈകളില്‍ പാശവും അങ്കുശവുമാണ്. പൂക്കുലക്കരികെ ഒരു തത്തയുമുണ്ട്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യര്‍ ജീവിതാവസാനം ഇവിടെയാണ് ചെലവഴിച്ചതെന്ന് പറയപ്പെടുന്നു. ശങ്കരാചാര്യ പ്രതിഷ്ഠയുണ്ട് ക്ഷേത്രത്തില്‍. ആദിവരാഹ പെരുമാളിന്റെ പ്രതിഷ്ഠയുമുണ്ട് ഇവിടെ. കവാടത്തില്‍ ഇടതുവശത്ത് കാലഭൈരവരുടെയും വലതുവശത്ത് മഹിഷാസുരമര്‍ദ്ദിനിയുടെയും പ്രതിഷ്ഠയും കാണാം. തീര്‍ത്ഥക്കുളം പഞ്ചഗംഗ എന്നറിയപ്പെടുന്നു. പാലാര്‍ നഗരത്തിന് സമീപത്തിലൂടെയാണ് ഒഴുകുന്നത്.കാലടിയില്‍നിന്ന് കാഞ്ചീപുരത്ത് എത്തിയ ആദിശങ്കരന്‍ ക്ഷേത്രത്തിലെത്തി ദേവിയെ കാണുമ്പോള്‍ ദേവി അതീവ കോപിഷ്ഠയായിരുന്നു. ദേവിയുടെ കോപത്താല്‍ ശ്രീകോവിലില്‍ ശക്തിയായ ചൂട് അനുഭവപ്പെടുകയുണ്ടായി. ദേവിയുടെ കോപം ശമിപ്പിച്ച് സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിനായി ദേവിയെ സ്തുതിച്ച് നിരവധി ശ്ലോകങ്ങള്‍ ചൊല്ലി.

അങ്ങനെ ദേവിയെ സന്തോഷിപ്പിക്കുന്നതിനായി സ്തുതിച്ചെഴുതിയതാണ് ‘സൗന്ദര്യലഹരി.’ ദേവീ പ്രതിഷ്ഠയ്ക്കു മുന്‍പില്‍ ശ്രീചക്രം പ്രതിഷ്ഠിച്ചതും ശങ്കരാചാര്യരത്രെ. മൂകന്‍ എന്നുപേരുള്ള മൂകനായ ഒരു ഭക്തന്‍ പതിവായി ദേവീദര്‍ശനത്തിനെത്തുമായിരുന്നു. ദേവി കനിഞ്ഞ് അവന്റെ സംസാരശേഷി ഇല്ലായ്മ മാറ്റിക്കൊടുക്കണമേ എന്ന് ഭക്തരും പ്രദേശവാസികളും ദേവിയോട് പ്രാര്‍ത്ഥിച്ചുപോന്നു. മൂകന് സംസാരശേഷിയും കവിത്വവും നല്‍കി ദേവി അനുഗ്രഹിച്ചു. അത്യാഹ്ലാദവാനായ ആ ഭക്തന്‍ ‘മൂകപഞ്ചരതി’ എന്ന സ്തുതി രചിച്ച് പാടി ദേവിയോടുള്ള കൃതജ്ഞത അര്‍പ്പിച്ചു. സമ്പത്തും ആരോഗ്യവുമാണ് ദേവീ ദര്‍ശനഫലം. ദുഷ്ടനിഗ്രഹകയും ശിഷ്ട രക്ഷകയുമാണ് ദേവി. തമിഴ് മാസമായ മാശി (ഫെബ്രുവരി-മാര്‍ച്ച്)യിലാണ് പ്രധാന ഉത്സവമായ ബ്രഹ്മോത്സവം.

ഒമ്പതാം ദിവസം ദേവിയെ വെള്ളിത്തേരില്‍ എഴുന്നള്ളിക്കുന്നു. നവരാത്രി ദിവസങ്ങളും പൗര്‍ണമി നാളുകളും ദേവിക്ക് പ്രത്യേകതയുള്ള ദിവസങ്ങളാണ് ഈ ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഗുണാനുഭവങ്ങള്‍ക്ക് വഴിയൊരുക്കും. തമിഴിലെ ഐപ്പശി (ഒക്ടോബര്‍-നവംബര്‍)മാസത്തിലെ പൂരം നക്ഷത്രത്തില്‍ ദേവിയുടെ പിറന്നാള്‍ പ്രമാണിച്ച് പ്രത്യേക അഭിഷേകങ്ങള്‍ നടത്താറുണ്ട്. ശങ്കരജയന്തി, വൈകാശി മാസത്തിലെ വസന്തോത്സവം എന്നിവയും പ്രധാനമാണ്. രാവിലെ 5.30 ന് നട തുറക്കും, ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കും. ഉച്ചതിരിഞ്ഞ് 3.30 ന് നട തുറന്ന് രാത്രി 8.30 ന് അടയ്ക്കും.നിത്യവും രാവിലെ 9 നും 10 നും ഇടയില്‍ സഹസ്രനാമാര്‍ച്ചന നടത്താം. ബുധന്‍, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 ന് ചന്ദന ദര്‍ശനം.

ലക്ഷ്മി അഷ്ടോത്തരാര്‍ച്ചന രാവിലെ 7 തൊട്ട് ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 6 തൊട്ട് 8 വരെയും. എല്ലാമാസവും പൗര്‍ണമി നാളില്‍ രാത്രി 9.30 ന് പൗര്‍ണമി പൂജയും പതിവാണ്. ചില പ്രത്യേക ദിവസങ്ങളില്‍ സ്വര്‍ണവാഹനത്തിലോ വെള്ളി വാഹനത്തിലോ ദേവിയെ എഴുന്നള്ളിക്കുന്ന വഴിപാടുമുണ്ട്. മൂന്ന് നേരം അഭിഷേകം പതിവാണ്. രാവിലെ 5.30 നും 10.30 നും വൈകിട്ട് 4.30 നും. മൂന്ന് പ്രധാന ശക്തിപീഠങ്ങളില്‍ ഒന്നത്രെ കാഞ്ചിയിലേത്, മറ്റു രണ്ടെണ്ണം മധുരമീനാക്ഷി ക്ഷേത്രവും കാശി വിശാലാക്ഷീ ക്ഷേത്രവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button