Latest NewsKerala

അദ്ധ്യാപികയെ സ്ഥലം മാറ്റി; സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിക്ഷേധം

തൊടുപുഴ: അദ്ധ്യാപികയെ സ്ഥലം മാറ്റിയതില്‍ പ്രതിക്ഷേധിച്ച് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രതിക്ഷേധം. അരിക്കുഴ ഗവ ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപികയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പഠന സമയം കഴിഞ്ഞിട്ടും സ്‌കൂളില്‍ നിന്നും പുറത്തിറങ്ങാതെ വ്യത്യസ്തമായ പ്രതിക്ഷേധം നടത്തിയത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് അധികം നാളുകള്‍ ഇല്ലാതിരിക്കെ അധ്യാപികയെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വ്യക്തമാക്കി രക്ഷിതാക്കളും ഇവര്‍ക്ക് പിന്തുണയുമായി എത്തി.

ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടതു മുതല്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി വരുന്ന സ്‌കൂളാണ് അരിക്കുഴ ഗവ. ഹൈസ്‌കൂള്‍. ഈ വര്‍ഷം 26 കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ നൂറു ശതമാനം വിജയം നേടാനുള്ള കഠിന പരിശ്രമത്തിലാണ്. ഇതിനിടെയാണ് ഗണിത ശാസ്ത്രം അധ്യാപികയെ കാഞ്ഞിരമറ്റം ഹൈസ്‌കൂളിലേക്ക് മാറ്റി കഴിഞ്ഞ അഞ്ചിന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്‌കൂളില്‍ അധ്യയന സമയത്തിനു ശേഷവും പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ ക്ലാസില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ ഇവിടെ തുടര്‍ന്നത്. കുട്ടികള്‍ പഠനത്തിനായി രാത്രി സ്‌കൂളില്‍ തങ്ങുന്ന വിവരമറിഞ്ഞ് തൊടുപുഴ വനിത പോലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങില്ലെന്ന് അറിയിച്ചതോടെ തിരികെ പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button