Latest NewsTravel

“ദിഗംബരന്‍റെ മണ്ണിലേക്കൊരു യാത്ര” ജൈന ചരിത്രത്തിന്‍റെ കഥകളുറങ്ങുന്ന “ചിതറാൽ ക്ഷേത്രം” !

ജീവിതത്തിലെ കയ്പേറിയ ജീവീതാനുഭവങ്ങളില്‍ നിന്ന് വിട്ട് ഒരല്‍പ്പനേരം ഏകാന്തമായി ശാന്തമായി ഇരിക്കാന്‍ കൊതിക്കാത്തവരുണ്ടാകില്ല. ഒരു പക്ഷേ ഈ ജീവിത ഓട്ടത്തിനിടയില്‍ ഒരിത്തിരി നേരം അതിനൊക്കെ സമയം കണ്ടെത്തുന്നത് മനസിനും ശരീരത്തിനും വല്ലാത്ത അനുഭൂതി നിറക്കുമെന്നതില്‍ സംശയമില്ല. ആത്മാവിനെ അറിയണമെങ്കില്‍ മൂകമായ കുളിര്‍ കാറ്റ് ചൂടുന്ന താപസികളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഒരിടം അത്യാവശ്യമാണ്.

സ്വന്തം ആത്മാവിനെ തിരിച്ചറിയുമ്പോളുളള ആ അനുഭൂതി അത് മറ്റൊന്ന് തന്നെയാണ്. സ്വന്തം മനസിനെ ശാന്തമാക്കാന്‍. ഓരോരുത്തരുടേയും ഉളളിന്‍റെ ഉളളിലുളള ആ ആത്മാവിനെ തിരിച്ചറിയാനോരിടം. അതാണിവിടെ വിഷയമാകുന്നത്. വിവിധ യിടങ്ങളില്‍ യാത്രചെയ്ത് അവിടുത്തെ അനുഭവങ്ങള്‍ വ്യക്തമായി വിവരിച്ച് തരുന്ന ഒരു സഞ്ചാരപ്രിയനായ എഴുത്തുകാരനാണ് നിങ്ങള്‍ ക്കായി ഈ ഇടം ആ വ്യക്തിയുടെ സഞ്ചാരാനുഭവങ്ങള്‍ എഴുത്തിലൂടെ പരിചയപ്പെടുത്തുന്നത്.

ഇനി അല്‍പ്പനേരം ആ സ‍ഞ്ചാരപ്രിയനായ എഴുത്തുകാരനായ വി‍ജിത്ത് ഉഴമലക്കലിന്‍റെ അക്ഷരങ്ങളിലൂടെ ദിഗംബരന്‍റെ മണ്ണിലേക്കൊരു യാത്ര പോകാം. വായിച്ചു കഴിയുമ്പോള്‍ നിങ്ങളും തയ്യാറെടുക്കും ചിതറാല്‍ എന്ന ജെെനചരിത്രത്തിന്‍റെ കഥകളുറങ്ങുന്ന മണ്ണിലേക്ക് യാത്രയാകുവാനായ്…..

യാത്രകളോരോന്നും ചരിത്രത്തിലേയ്ക്കുള്ള സഞ്ചാരങ്ങളാണ്.  ഓരോ ദേശത്തിനും കാലത്തിനും നമ്മോടു സംവദിക്കുവാന്‍ ഒരുപാടുണ്ടാവും;  കേള്‍ക്കാന്‍ നാം ചെവി കൂര്‍പ്പിക്കുമെങ്കില്‍..!!

ഒന്‍പതാം നൂറ്റാണ്ടിനു മുന്‍പ് നിര്‍മിക്കപ്പെട്ടിരുന്നത് എന്ന് കരുതപ്പെടുന്ന ഒരു ചരിത്ര സ്മാരക സൗധത്തിലേക്കായിരുന്നു ഞങ്ങളുടെ ഇപ്രാവശ്യത്തെ യാത്ര. കന്യാകുമാരി ജില്ലയില്‍ നാഗര്‍കോവിലിനടുത്തു മാര്‍ത്താണ്ഡം എന്ന ചെറു പട്ടണത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ, ചിതറാല്‍ എന്ന ഗ്രാമത്തിലാണ് അതിപുരാതനമായ ഈ ജൈന ക്ഷേത്രം.

1960’കളില്‍ ചൈനയില്‍ നിന്നെത്തിയ ഒരു പ്രതിനിധിയോട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ത്യയില്‍ ഏതു സ്ഥലം സന്ദര്‍ശിക്കാനാണ് താല്‍പ്പര്യമെന്ന് ചോദിച്ചപ്പോള്‍ ‘ചിതറാല്‍’ സന്ദര്‍ശിക്കണമെന്ന് പറഞ്ഞതായും അതുവരെ കേട്ടിട്ടില്ലാത്ത സ്ഥലനാമം കേട്ട് നെഹ്‌റു അതിശയിച്ചു പോയി എന്നുമുള്ള ഒരു ലേഖനം കണ്ടപ്പോഴാണ് ചിതറാല്‍ കാണണമെന്ന താല്‍പ്പര്യം തോന്നുന്നത്. എന്തായാലും ആ സംഭവത്തിന് ശേഷം ചിതറാല്‍ ദേശീയ പൈതൃകലിസ്റ്റില്‍ സ്ഥാനം നേടി.

ചിതറാൽ മലയുടെ താഴ്‌വാരത്തു നിന്ന് ഒന്നര കിലോമീറ്റർ മുകളിലേക്ക് നടന്നാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ഈ ക്ഷേത്രത്തിൽ എത്തിച്ചേരും. വസന്തവും ഗ്രീഷ്മവും കടന്നുപോയ നൂറ്റാണ്ടുകളുടെ സമയച്ചൂരിൽ, “അഹിംസാ പരമോ ധർമ്മമെന്ന” സദ്വാക്യവുമായി ധ്യാന നിരതരായ അസംഖ്യം തീർഥങ്കരന്മാരുടെ കാൽപാദം പതിഞ്ഞ മണ്ണിൽ, ശില്പങ്ങളുടെയും കൊത്തുപണികളുടെയും നിറഭൂവാണ് കാലം നമുക്കുവേണ്ടി ഇവിടെ കാത്തു വച്ചിരിക്കുന്നത്.

കരിങ്കൽ പാകിയ പടവുകൾ കയറി വേണം മുകളിലെക്കെത്താൻ. കുന്നു കയറി ചെല്ലുന്നത് ഒരു വലിയ പേരാൽ മരത്തിന്റെ ചുവട്ടിലെക്കാണ്. വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അവിടെനിന്നും മുകളിലേക്കുള്ള പടവുകൾ കയറിയാൽ കരിങ്കല്ലിനാൽ തീർത്ത കവാടം കാണാം. അതിലൂടെ കടന്ന് രണ്ടു വലിയ പാറകളുടെ വിടവിലൂടെ മുന്നോട്ട് സഞ്ചരിച്ച് ക്ഷേത്രത്തിന്റെ മുന്നിലെയ്ക്കെത്താം.

ക്ഷേത്രത്തിന്റെ ചുവരുകളിൽ മഹാവീരന്റെ വിഗ്രഹരൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇടത് വശത്ത് ഒരു നാഗപ്രതിഷ്ഠയുണ്ട്. കരിങ്കൽ കൊത്തുപണികളുടെ അഭൂതപൂർവ്വമായ ചാരുതയെ സാക്ഷ്യപ്പെടുത്തുന്ന വേദിയാണ് ഈ ജൈന ക്ഷേത്രം. തനത് ജൈനശില്പകലാ രീതിയായ മാനസാര ശില്പശാസ്ത്രമനുസരിച്ചാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം. പ്രധാന മണ്ഡപത്തിലേക്ക് കടക്കുമ്പോൾ ഉള്ളിൽ മൂന്ന് ഗർഭഗൃഹങ്ങൾ കാണാം. നടുവിലത്തേതിൽ അവസാനത്തെ തീർഥങ്കരനായ വർദ്ധമാന മഹാവീരന്റെയും ഇടതുവശത് പാർശ്വനാഥന്റെയും വലത് പത്മാവതിയുടെയും പ്രതിഷ്ഠകൾ ഉറപ്പിച്ചിരിക്കുന്നു. ശിലാശില്പ സമ്പന്നത നിറഞ്ഞ ചുവരുകളും മച്ചും ഏകാകിയുടെ മനക്കരുത്തിന്റെ പ്രഭവകേന്ദ്രമായ നിശ്ശബ്ദതയാൽ മൂടപ്പെട്ടിരിക്കുന്നു. കണ്ണടക്കുമ്പോൾ “അഹിംസാ പരമോ ധർമ്മ” എന്നത് മനസിൽ നിറയുന്നത് പോലെ…!!

പ്രധാന ക്ഷേത്രത്തിന്റെ ഉള്ളിലുള്ള മണ്ഡപത്തിൽ പതിനാറു കൽത്തൂണുകളുണ്ട്. അതിൽ എട്ട് കൽത്തൂണുകൾ ചിത്രാലംകൃതമായി കാണപ്പെടുന്നു. ചുവരിൽ കൊത്തിവചിരിക്കുന്ന ചിത്രങ്ങൾ, തന്റെ പാരമ്പര്യത്തിൽ പെടാത്തതിനെ അശ്ലീലമായി ഗണിക്കുന്ന സംസ്‌കാരസ്‌നേഹികളെ തെല്ലോന്ന് നിരാശപ്പെടുത്തിയേക്കും.

മൂന്നു മുനിഗുഹകളുള്ളതിൽ മധ്യത്തിലുള്ളതാണ് ഭഗവതി മന്ദിരം. AD 889-ൽ ഒരു ജൈന സന്യാസിനി ഈ ഗുഹയിൽ ‘പത്മാവതി യക്ഷി’ വിഗ്രഹത്തെ പ്രതിഷ്ടിച്ചുവെന്ന് ജൈന ശാസനത്തിൽ പറയപ്പെടുന്നു. ഇതായിരിക്കാം പിന്നീടു “ഭഗവതിമന്ദിരം” എന്ന പേരിൽ അറിയപ്പെട്ടത്. അതല്ല ശ്രീമൂലം തിരുനാൾ രാജാവ്, പദ്മാവതിയെ മാറ്റി ഭഗവതിയെ കുടിയിരുത്തിയതെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. മറ്റ് രണ്ട് ഗുഹകളിൽ പാർശ്വനാഥ, മഹാവീര തീർത്ഥങ്കരന്മാരുടെ വിഗ്രഹങ്ങളുണ്ട്.

പുറത്തെ കാഴ്ചകളിൽ ആകർഷകമാവുന്നത് പാറകൂട്ടങ്ങൾക്ക് മുകളിലുള്ള മണ്ഡപങ്ങളും അതിനോട് ചേർന്ന ചെറിയകുളവും, താഴെ നോക്കെത്താ ദൂരം പടർന്നുകിടക്കുന്ന പച്ചപ്പുമൊക്കെയായി മറക്കാനാവാത്ത കാഴ്ചയാണ്. താഴെ നേർത്തൊരു പാദസരം പോലെ താമ്രപർണ്ണി നദിയും, അകലെ കാഴ്ചയിൽ മനോഹരമായ പശ്ചിമഘട്ടവും ചേരുന്ന അഴകാർന്ന ഭൂപ്രകൃതിയാണ് ചിതലാറിന്റെ അതിവിശേഷത. കന്യാകുമാരി ജില്ലയുടെ ഒരു ഏരിയൽ വ്യൂവും നമുക്ക് ഇവിടം സമ്മാനിക്കുന്നു. മനുഷ്യഹസ്തങ്ങളുടെ സഹായമില്ലാതെ പ്രകൃത്യാ സൃഷ്ടിക്കപ്പെട്ട കുളമാണ് ഇവിടത്തെ മറ്റൊരു ആകർഷണം.

പുരാതനലിപികളുടെ കല്ലെഴുത്തിലും കാലങ്ങളിലേക്ക് നമ്മെ പിറകെ വലിക്കുന്ന ചരിത്ര സാന്നിധ്യം ദർശിക്കാനാവും. ദിഗംബരർ നടന്നെത്തിയ ദിക്കുകളിൽ ഭൂമിയിൽ ജീവനുള്ള ഒന്നിനെയും നോവിക്കാതിരിക്കാനുള്ള പ്രബോധനം ചിത്രത്തൂണുകളിൽ ചേതനയാർന്ന് നിൽക്കുന്നുണ്ട്..! കരിങ്കല്ലിൽ കൊത്തിയ വട്ടെഴുത്തിലൂടെ ഒൻപതാം നൂറ്റാണ്ടിന്റെ ജൈനസംസ്‌കൃതിയുടെ നിറവിലേക്കാണ് ചൊക്കൻ തൂങ്ങിമലയിലെ ചിതറാൽ നമ്മെ കൂട്ടികൊണ്ട് പോവുക.

ആയ് രാജാവായ വിക്രമാദിത്യവരഗുണന്‍റെ 28-ാം ഭരണവര്‍ഷം (എ.ഡി. 926) എഴുതപ്പെട്ടതാണ് ഈ ശിലാശാസനം. ഈ ലിഖിതത്തില്‍, ഒരു വ്യക്തി ചിതറാൽ ജൈനക്ഷേത്രത്തിലേക്ക് വിലപിടിച്ച സ്വര്‍ണാഭരണങ്ങള്‍ ദാനം ചെയ്തതായി പറയുന്നു. ആദ്യ കാലത്ത് ക്ഷേത്രം ജൈന സന്യാസിമാരുടെ താവളമായിരുന്നുവെങ്കിലും ഹിന്ദുമതത്തിന്റെ കടന്നുവരവോടുകൂടി പതിമൂന്നാം നൂറ്റാണ്ടിൽ ഇതൊരു ഹിന്ദു ക്ഷേത്രമായി മാറുകയാണുണ്ടായത്.

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രവുമായി ദിഗംബര ജൈനന്മാരുടെ സംസ്‌കാരത്തിന്റെ ഓർമ്മകളും പേറി തലയുയർത്തി നിൽക്കുന്ന ചിതറാൽ സ്മാരകങ്ങൾ, ചരിത്രസ്‌നേഹികളെ തെല്ല് നിമിഷത്തെക്കെങ്കിലും ഭൂതകാലത്തിന്റെ ഗൃഹാതുരതയിലേയ്ക്ക് കൂട്ടികൊണ്ടുപോയിരിക്കും തീർച്ച !!

തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ, മാർത്താണ്ഡത്തു നിന്നും നാല് കിലോമീറ്ററോളം സഞ്ചരിച്ചാൽ ആറ്റൂർ എന്ന ഗ്രാമത്തിലെത്താം. അവിടെ നിന്ന് ഏകദേശം മൂന്നുകിലോമീറ്റർ കൂടി പോയാൽ ചിതറാലിലെത്താം. യാത്രയോടും ചരിത്രത്തോടും ഒരുപോലെ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഇടമാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴലാണ് ഇവിടം ഇപ്പോള്‍ പരിപാലിക്കുന്നത്. അടുത്തെങ്ങും കടകളോ ഹോട്ടലുകളോ ഇല്ലാത്തതിനാൽ  യാത്രികർ ലഘുഭക്ഷണവും ജലവും കയ്യിൽ കരുതുന്നതാവും ഉചിതം.

പിൻകുറി: തൃപ്പരപ്പ് വാട്ടർഫാൾ, പേച്ചിപ്പാറ ഡാം, ചിറ്റാർ ഡാം, മാത്തൂർ തൊട്ടിപ്പാലം [Aqueduct] (ഏഷ്യയിലേതന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റ്), ആദികേശവ പെരുമാള്‍ ക്ഷേത്രം. (ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ആദികേശവപെരുമാള്‍ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ്.) എന്നിവയാണ് സമീപത്തുള്ള മറ്റു ടൂറിസ്റ്റ് സ്പോട്ടുകൾ.

© Vijith Uzhamalakal

എഴുത്തുകാരനും സംഘവും ചിതാറില്‍ നിന്ന്..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button