സലയുടെ തിരോധാനം; തിരച്ചിലിനായി പണം നല്‍കി എംബാപ്പെ

വിമാന യാത്രക്കിടെ കാണാതായ അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലക്ക് വേണ്ടിയുള്ള തിരച്ചിലിന് പണം നല്‍കി ഫ്രഞ്ചുതാരം കെയ്‌ലിയന്‍ എംബാപ്പെ. 24 ലക്ഷത്തോളം രൂപയാണ് താരം നല്‍കിയത്. കാണാതായി ഒരാഴ്ച്ച പിന്നിട്ടിട്ടും താരത്തെ കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും, പൊലീസ് തെരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെയും എന്‍.ജി.ഓകളുടെയും സഹായത്തോടെ തെരച്ചില്‍ തുടരാന്‍ അടുപ്പക്കാര്‍ തീരുമാനിച്ചിരുന്നു. കൂടാതെ സലാക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യമുന്നയിച്ച് കാമ്പയിന്‍ നടത്തുകയുമുണ്ടായി.

ഇതിന്റെ ഭാഗമായിട്ടാണ് എംബാപ്പെയും പണം നല്‍കിയത്. പി.എസ്.ജി താരം അഡ്രിയന്‍ റാബിയോട്ട്, മാഴ്‌സ താരം ദിമിത്രി പയേറ്റ് എന്നിവരും തുക നല്‍കിയിട്ടുണ്ട്.ഫ്രഞ്ച് ക്ലബായ നാന്റസിലെ കളിക്കാരനായിരുന്ന എമിലിയാനോ സല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി ശനിയാഴ്ച 19.3 ദശലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് ദുരൂഹമായി കാണാതായത്. അഞ്ചു വിമാനങ്ങളും രണ്ടു ലൈഫ് ബോട്ടുകളും ഉള്‍പ്പെട്ട രക്ഷാസംഘം ഉടന്‍ രംഗത്തെത്തി മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.

Share
Leave a Comment