Latest NewsSaudi Arabia

പ്രവാസികളുടെ മനസ്സറിഞ്ഞ ബജറ്റ്: നവയുഗം

ദമ്മാം: പ്രവാസിക്ഷേമത്തിന് മുൻഗണന നൽകി ബജറ്റ് അവതരിപ്പിച്ച കേരളസർക്കാരിനെ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു.

പ്രവാസലോകത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ചിലവ് മുഴുവൻ സർക്കാരുകൾ വഹിയ്ക്കണമെന്ന ആവശ്യം, പ്രവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്ന ഒന്നാണ്. പ്രവാസികളുടെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും എന്ന ബജറ്റിലെ പ്രഖ്യാപനം, അതിനാൽ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. കേന്ദ്രസർക്കാരോ, മറ്റു സംസ്ഥാന സർക്കാരുകളോ ഇന്ന് വരെ പരിഗണിയ്ക്കാൻ പോലും തയ്യാറാകാത്ത ആവശ്യമാണ്, കേരളസർക്കാർ നടപ്പാക്കിയത്. ഈ തീരുമാനം എടുത്തതിന് പ്രവാസലോകം സർക്കാരിന് മുന്നിൽ എന്നും കടപ്പെട്ടിരിയ്ക്കും.

നവകേരള നിർമ്മാണത്തിനോടൊപ്പം, പ്രവാസിക്ഷേമപദ്ധതികള്‍ക്കും പ്രാധാന്യം നൽകിയാണ് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ഉണ്ടാക്കിയ സാന്ത്വനം പദ്ധതിയിൽ 25 കോടി ഉൾപ്പെടുത്തിയതും, പ്രവാസിസംരംഭകര്‍ക്ക് പലിശ സബ്സിഡിക്ക് 15 കോടി വകയിരുത്തിയതും, പ്രവാസിക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേകനിക്ഷേപപദ്ധതി ആരംഭിച്ചതും, ഈ വർഷം തുടങ്ങുന്ന കേരളബാങ്കിൽ പ്രവാസികൾക്ക് നിക്ഷേപം നടത്താനുള്ള പദ്ധതികൾ രൂപീകരിയ്ക്കുമെന്നതും, പ്രവാസികള്‍ക്ക് നിക്ഷേപ ഡിവിഡന്റ് പദ്ധതി പ്രഖാപിച്ചതും, പ്രവാസി ചിട്ടി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിയ്ക്കുന്നതും സംസ്ഥാനസർക്കാർ പ്രവാസിക്ഷേമത്തിന് നൽകിയ പ്രത്യേക പരിഗണനയ്ക്ക് തെളിവാണ്.

നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് അവതരിപ്പിയ്ക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാരിന്റെ നാലാം ബജറ്റിൽ, പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി കഷ്ടത്തിലായ ജനങ്ങളുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്താന്‍ 4700 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കിട്ടുമായിരുന്ന വിദേശരാജ്യങ്ങളുടെ സഹായവും, ലോണും അടക്കമുള്ള വരുമാനമാർഗ്ഗങ്ങൾ ഇല്ലാതാക്കിയ കേന്ദ്രസർക്കാരിന്റെ പാരവയ്പ്പും, ദുരിതാശ്വാസത്തിനായി നടത്തിയ സാലറി ചലഞ്ചിനെ അട്ടിമറിയ്ക്കാൻ ബി.ജെ.പിയുമൊത്ത് ഒത്തുകളിച്ചു പ്രചാരണം നടത്തിയ യു.ഡി.എഫിന്റെ നെറികേടിനെയും, മറികടക്കുന്നതിനോടൊപ്പം, ജനങ്ങളുടെ മേൽ നേരിട്ട് വലിയ ബാധ്യത അടിച്ചേൽപ്പിയ്ക്കാത്ത വിധത്തിലുള്ള നികുതികൾ മാത്രം ചുമത്തിയും, ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ചും, ഒട്ടേറെ പുതിയ വികസന, ജനക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചും രൂപപ്പെടുത്തിയ കേരളബജറ്റ്, ധനമന്ത്രി ഡോ:തോമസ് ഐസക്കിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വൈദഗ്ധ്യം വെളിവാക്കുന്നു.

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥയെ കരകയറ്റാനുള്ള ലക്‌ഷ്യം മുൻനിർത്തി, വ്യക്തമായ വീക്ഷണത്തോടെയും, അതോടൊപ്പം അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിന് മുൻഗണന നൽകിയുമുള്ള ഈ ജനപ്രിയബജറ്റ് അവതരിപ്പിച്ച ഇടതുപക്ഷസർക്കാരിനെ എല്ലാ പ്രവാസികളുടെയും പേരിൽ അഭിവാദ്യം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും പത്രപ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button