KeralaLatest News

റോഡുകളിലെ അപകട മേഖലകളിൽ ജി. പി. എസ് അധിഷ്ഠിത വാഹന നിരീക്ഷണം: മുഖ്യമന്ത്രി

തിരുവനന്തപുരം•ദേശീയ, സംസ്ഥാന പാതകളിലെ അപകട സാധ്യതാ മേഖലകളിൽ ജി.പി.എസ്. അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനത്തിന് ഉടൻ തുടക്കം കുറിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ റോഡ് സുരക്ഷാവാരം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് 24 മണിക്കൂർ കർശന നിരീക്ഷണം ഏർപ്പെടുത്തുന്നത്. 2020 ഓടെ റോഡ് അപകടങ്ങൾ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളെ ഉപയോഗിച്ച് ബോധവത്കരണവും നടത്തും. ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പരിശോധനയും ശക്തിപ്പെടുത്തും. വാഹനങ്ങളുടെ മത്‌സരയോട്ടം, ബൈക്ക് റേസ്, പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് എന്നിവയെല്ലാം ഗൗരവമായി പരിശോധിക്കണം. റോഡ് നന്നാക്കിയാൽ അപകടം കുറയുമെന്നത് തെറ്റാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അപകട സാധ്യതാ മേഖലകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. അപകടത്തിൽപെട്ട് റോഡിൽ കിടക്കുന്നയാളെ കണ്ടെല്ലെന്ന് നടിച്ചു പോകുന്ന സ്ഥിതിയുണ്ട്. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നടപടിയാണിത്. അപകടത്തിൽപെട്ട് കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കുമ്പോഴും സൂക്ഷ്മത പാലിക്കണം. ശരിയായ രീതിയിലല്ല എടുക്കുന്നതെങ്കിൽ ശാരീരിക വൈകല്യം സംഭവിക്കാനിടയുണ്ട്. റോഡ് അപകടങ്ങൾ കുറയ്ക്കാൻ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്. അമിത വേഗതയും അശ്രദ്ധയും മൂലമാണ് 90 ശതമാനം അപകടങ്ങളും സംഭവിക്കുന്നതെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാഹന നിരീക്ഷണ സംവിധാനം 20ന് കോഴിക്കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. റോഡ് അപകടങ്ങൾ ഭീതിജനകാംവിധം വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷം 4500 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. ഒരു ദിവസം 12 പേർ വീതം മരിക്കുന്നു. ഇതിന്റെ 12 ഇരട്ടിയിലധികം പേർക്ക് പരിക്കേൽക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ മാർഗരേഖ മന്ത്രി പ്രകാശനം ചെയ്തു.

റോഡു സുരക്ഷാ പ്രതിജ്ഞ കെ. മുരളീധരൻ എം. എൽ. എ ചൊല്ലിക്കൊടുത്തു. ട്രാൻസ്‌പോർട്ട് സെക്രട്ടറി കെ. ആർ ജ്യോതിലാൽ, ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ. പദ്മകുമാർ, റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണർ ശങ്കർ റെഡ്ഡി, കൗൺസിലർ പാളയം രാജൻ എന്നിവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button