Specials

ലവ് ഫ്രം യുവര്‍ വാലന്റൈന്‍ ; അതെ വീണ്ടുമൊരു പ്രണയദിനത്തില്‍ ഓര്‍മിയ്ക്കാന്‍…

പ്രണയത്തെ കുറിച്ച് എന്താണ് പറയേണ്ടത്. പ്രണയം അതെല്ലാവരുടേയും മനസ്സില്‍ തോന്നാവുന്ന ഒരു വികാരമാണ്. പലരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും പ്രണയം തന്നെയാണ്. എന്നാല്‍ പ്രണയിക്കാന്‍ ഒരു ദിനം ആവശ്യമുണ്ടോ? പ്രണയിക്കുന്നവര്‍ എന്നും, അല്ല ഓരോ നിമിഷവും പ്രണയിച്ചുകൊണ്ടിരിക്കുകയല്ലേ? എന്നൊക്കെ പറയാമെങ്കിലും പ്രണയത്തിനുമാകാം ഒരു ദിനം. പ്രണയിച്ചു മതിവരാത്തവര്‍ക്കായി പ്രണയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തവര്‍ക്കായി പ്രണയം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവര്‍ക്കായി ആഘോഷമായി ഒരു പ്രണയ ദിനംകൂടി .

സ്‌നേഹ വിശുദ്ധനായ വാലന്റൈന്‍ പ്രണയിക്കുന്നവരുടെ സാഫല്യത്തിനായി സ്വന്തം ജീവന്‍ ബലികൊടുത്ത ദിവസമാണല്ലോ നമ്മള്‍ വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്നത്. എല്ലാ തിരക്കുകള്‍ക്കിടയിലും വെറുതെ പ്രണയത്തെക്കുറിച്ച് ഓര്‍ക്കാന്‍ വാലന്റൈന്‍ നമുക്കായി സമ്മാനിച്ചതാണത്രെ ഈ പ്രണയദിനം.

പ്രണയത്തിനെതിരെ തിരിഞ്ഞ ചക്രവര്‍ത്തി ക്ലോഡിയസിന്റെ സര്‍വ്വാധിപത്യത്തിലായിരുന്നു റോം അന്ന്. യുദ്ധവിജയം മാത്രം ലക്ഷ്യം വച്ച ക്ലോഡിയസിന്റെ ഹൃദയം കഠിനമായിരുന്നു. ആണും പെണ്ണും കാണുകയോ പ്രണയിക്കുകയോ ചെയ്താല്‍ യുദ്ധവീര്യം കെട്ടുപോകുമെന്ന് വിശ്വസിച്ച പാമരന്‍. അങ്ങനെ അദ്ദേഹം റോമില്‍ വിവാഹങ്ങള്‍ക്ക് കര്‍ശനമായ വിലക്കേര്‍പ്പെടുത്തി. വിവാഹം ചെയ്യുന്നവരുടെ കഴുത്തറക്കാനായ് ഉത്തരവിട്ടു. യുവാക്കളെല്ലാം പട്ടാളത്തില്‍ ചേരണമെന്നും ഉത്തരവിട്ടു. ഇങ്ങനെ ഉള്ളസ്‌നേഹവും പ്രണയവുമെല്ലാം ഉള്ളില്‍ അടക്കിവച്ച് റോമിലെ യുവത്വം വീര്‍പ്പുമുട്ടി. അവര്‍ക്ക് സാന്ത്വനമായി വന്നയാളാണ് വാലന്റൈന്‍ എല്ലാ വിലക്കുകളെയും മറന്ന് പ്രണയിക്കുന്നവര്‍ക്ക് താലികെട്ടാന്‍ അദ്ദേഹം പള്ളിമേടയില്‍ ഇടമൊരുക്കി. തീര്‍ത്തും രഹസ്യമായി ഇതു നടന്നുപോന്നു.

ഇങ്ങനെ ഒരു ദിവസം ഫാദര്‍ വാലന്റൈന് വിവാഹിതരെ ആശീര്‍വദിക്കുന്നത് ക്ലോഡിയസിന്റെ സൈന്യം കണ്ടുപിടിച്ചു. ഫാദറിനെ സൈന്യം തടവിലാക്കി. കഴുത്തറുത്ത് കൊല്ലാനായിരുന്നു ക്ലോഡിയസ് ഉത്തരവിട്ടത്. തടവിലാക്കപ്പെട്ട അന്നുമുതല്‍ തങ്ങളുടെ പ്രിയ വാലന്റൈന് വേണ്ടി റോം നഗരത്തിലെ യുവാക്കളെല്ലാം സ്‌നേഹ വാക്കുകളുമായി ജയില്‍ അദ്ദേഹത്തെ കാണാനെത്തുക പതിവായി. ജയിലിലെ സൂപ്രണ്ടിന്റെ മകളും ഒരു ദിനം വാലന്റൈനെ കാണാനെത്തി. പുരോഹിതനുമായി അവള്‍ സംസാരിക്കുകയും പിന്നീട് അദ്ദേഹത്തിനു വേണ്ടി അവള്‍ രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. ഒടുവില്‍ വധിശിക്ഷയുടെ ദിവസം, അതൊരു ഫെബ്രുവരി 14 ആയിരുന്നു, ആ പെണ്‍കുട്ടിയ്ക്കുവേണ്ടി വാലന്റൈന്‍ ഇങ്ങനെ എഴുതിവച്ചു ലവ് ഫ്രം യുവര്‍ വാലന്റൈന്‍ ഇതാണ് പിന്നീട് ലോകം ഏറ്റുപാടിയത്.

പ്രണയത്തിന് വേണ്ടി ജീവന്‍ കളഞ്ഞ ഒരു പുരോഹിതന്റെ ഈ സ്‌നേഹസ്മരണയാണ് ഇന്നത്തെ വാലന്റൈന്‍ ദിനം. പക്ഷേ ഇന്ന് പ്രണയദിനം ആഘോഷിയ്ക്കുന്ന ആരെങ്കിലും ഇത്രയും വേദന നിറഞ്ഞ ഒരോരുത്തരും ഇതിന് പിന്നിലുണ്ടെന്ന് ഓര്‍ക്കാറുണ്ടോ എന്നത് അര്‍ത്ഥമില്ലാത്ത ഒരു ചോദ്യമാണ്. ആഘോഷങ്ങള്‍ക്കിടയില്‍ എന്ത് ഓര്‍മ്മദിനം. എങ്കിലും അറിയാതെ പ്രണയികള്‍ ആ വാക്ക് ഉരുവിടുകയാണ് വാലന്റൈന്‍ വാലന്റൈന്‍

വിദേശരാജ്യങ്ങളില്‍ അക്കാലം മുതല്‍ തന്നെ വാലന്റൈന്‍സ് ദിവസം ആഘോഷിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് എത്തിയിട്ട് കാലമേറെയായിട്ടില്ല. ഈ കടന്നുകയറ്റത്തിന്റെ ആഗോളവല്‍ക്കരണത്തെയും കച്ചവടവല്‍ക്കരണത്തെയുമൊക്കെ കുറ്റപ്പെടുത്താമെങ്കിലും പ്രണയദിനം ആഘോഷിച്ചതുകൊണ്ട് ആര്‍ക്കാണ് നഷ്ടം. പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രണയിയ്ക്കട്ടെ.

പ്രണയിക്കുന്നവര്‍ക്കായി ഈ ഓര്‍മ്മദിനം ഒത്തിരി ഓര്‍മ്മകള്‍ സമ്മാനിക്കുന്നതിനായ് കമ്പോളങ്ങളും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ഈ ദിവസത്തെ വരവേല്‍ക്കാന്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button