Devotional

വൈക്കം മഹാദേവക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും

ഒരിക്കല്‍, ശിവലിംഗത്തിന്റെ അറ്റം കണ്ടെത്തിയതായി അസത്യം പറഞ്ഞ കുറ്റത്തിന് ഭഗവാന്‍ ശിവന്‍ ബ്രഹ്മാവിന്റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി. ഇതെത്തുടര്‍ന്ന് ഭഗവാനെ ബ്രഹ്മഹത്യാപാപം ബാധിച്ചു. ഇത് പരിഹരിയ്ക്കാനായി അദ്ദേഹം ബ്രഹ്മാവിന്റെ തലയോട്ടിയും കയ്യിലേന്തിക്കൊണ്ട് പാര്‍വ്വതീദേവിയ്‌ക്കൊപ്പം നാടുമുഴുവന്‍ നടന്ന് ഭിക്ഷ യാചിച്ചു. പലരും ഭഗവാന് ഭിക്ഷയായി പലതും കൊടുത്തു. എന്നാല്‍, തലയോട്ടി നിറഞ്ഞാല്‍ അത് അപ്പോള്‍ത്തന്നെ അദ്ദേഹം ഭസ്മമാക്കിക്കളഞ്ഞു. അങ്ങനെ, പന്ത്രണ്ടുവര്‍ഷം കഴിഞ്ഞു. ഭഗവാന്‍ ദേവിയോടൊപ്പം ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തെത്തി. അപ്പോഴും തലയോട്ടി നിറഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍, പതിവിന് വിപരീതമായി ഭഗവാന്‍, തലയോട്ടി വയ്ക്കാമെന്ന് പറഞ്ഞു. അങ്ങനെ, ‘വയ്ക്കാം’ എന്ന പ്രയോഗമാണ് വൈക്കം ആയതെന്ന് വിശ്വസിച്ചുവരുന്നു.

ക്ഷേത്രപ്രതിഷ്ഠയും നിര്‍മ്മാണവും

ഖരന്‍ എന്ന അസുരന്‍ മുത്തച്ഛനായ മാല്യവാനില്‍ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്തുപോയി ശിവനെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ഭക്തന്റെ തപസ്സില്‍ സംപ്രീതനായ ഭഗവാന്‍ അവന് മൂന്ന് ശിവലിംഗങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന്, ആകാശമാര്‍ഗ്ഗേണ യാത്ര ആരംഭിച്ച ഖരന്‍ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിയ്ക്കാനായി വൈക്കത്തെത്തി. തുടര്‍ന്ന്, തന്റെ വലതുകയ്യിലെ ശിവലിംഗം അവിടെ ഇറക്കിവച്ച് ഖരന്‍ വിശ്രമം ആരംഭിച്ചു. ഉണര്‍ന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാന്‍ നോക്കിയപ്പോള്‍ അത് എടുക്കാന്‍ സാധിയ്ക്കുന്നില്ല. താന്‍ താമസിയ്ക്കാന്‍ ഏറ്റവും ആഗ്രഹിയ്ക്കുന്ന സ്ഥലമാണതെന്ന് തത്സമയം ശിവഭഗവാന്റെ അശരീരിയും മുഴങ്ങി. തുടര്‍ന്ന്, ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദന്‍ എന്ന മഹര്‍ഷിയെ ഏല്പിച്ച് ഖരന്‍ മുക്തിയടഞ്ഞു. തുടര്‍ന്ന് തന്റെ ഇടതുകയ്യിലെ ശിവലിംഗം ഖരന്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. ഇന്നും മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദര്‍ശനം നടത്തുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു.

വ്യാഘ്രപാദന്‍ ശിവലിംഗം പൂജിച്ച് ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ഒടുവില്‍, ഒരു വൃശ്ചികമാസത്തില്‍ കറുത്തപക്ഷത്തിലെ അഷ്ടമിദിനത്തില്‍ ഏഴരവെളുപ്പിന് ശിവന്‍ പാര്‍വ്വതീസമേതനായി അദ്ദേഹത്തിന് ദര്‍ശനം നല്‍കി. ഈ ദിവസമാണ് വൈക്കത്തഷ്ടമിയായി ആചരിച്ചുവരുന്നത്. ഈ ശിവലിംഗത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ് സാക്ഷാല്‍ പരശുരാമനും തത്സമയം വൈക്കത്തെത്തി. ശിവലിംഗം കണ്ട പാടെ അദ്ദേഹം അതിനുമുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചു. തുടര്‍ന്ന്, ദേവശില്പിയായ വിശ്വകര്‍മ്മാവിനെ വിളിച്ചുവരുത്തിയ പരശുരാമന്‍ ഉടനെത്തന്നെ അദ്ദേഹത്തെക്കൊണ്ട് ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ആ ക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button