KeralaLatest News

വാക്കു പാലിച്ച് സോഹന്‍ റോയ് ; വീരമൃത്യു വരിച്ച മലയാളി ജവാന്റെ കുടുംബത്തിന് അടിയന്തര ധനസഹായം

കൊച്ചി•പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഏരീസിന്റെ ഇന്‍ഡിവുഡ് പദ്ധതിയിലൂടെ സഹായം നല്‍കി തുടങ്ങി. പുല്‍വാമയില്‍ വീരചരമം പ്രാപിച്ച മലയാളി ജവാന്‍ വസന്ത കുമാറിന്റെ ഭാര്യ സീനയ്ക്കും അമ്മ ശാന്തയ്ക്കും ധനസഹായത്തിന്റെ ആദ്യ ഗഡു സോഹന്‍ റോയ് കൈമാറി. കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍, വസന്തകുമാറിന്റെ മാതാവിന് പെന്‍ഷന്‍, ആശ്രിതര്‍ക്ക് ഏരീസ് ഗ്രൂപ്പില്‍ ജോലി തുടങ്ങി ധീരജവാന്റെ കുടുംബത്തിന് തന്നാല്‍ കഴിയുന്ന എല്ലാ വിധ സഹായങ്ങളും സോഹന്‍ റോയ് ഉറപ്പു നല്‍കി.

വീരമൃത്യു വരിച്ച 40 ജവാന്മാരുടെയും കുടുംബാംഗങ്ങള്‍ക്ക് സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന ഇന്‍ഡിവുഡിലൂടെ ഇത്തരത്തില്‍ സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഇന്‍ഡിവുഡ് ശതകോടീശ്വര ക്ലബ്ബിലെ അംഗങ്ങള്‍ വഴി സ്‌പോണ്‍സര്‍ഷിപ്പും ധനസഹായവും ലഭ്യമാക്കും. സ്‌പോണ്‍സര്‍മാരെ സൈനികരുടെ കുടുംബവുമായി ബന്ധിപ്പിക്കുക, കൃത്യമായി സഹായങ്ങള്‍ കൈമാറുക, അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുക തുടങ്ങി എല്ലാ നടപടികള്‍ക്കും സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന ഇന്‍ഡിവുഡാണ് വഴിയൊരുക്കുന്നത്.

ഇന്‍ഡിവുഡ് ശതകോടീശ്വര ക്ലബ് മുഖേന നടപ്പാക്കുന്ന പദ്ധതിയ്ക്ക് ആദ്യദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇന്‍ഡിവുഡിന്റെ ദുബായിലെ ബില്യണേഴ്‌സ് ക്ലബ്ബായ ഐക്കോണിലെ എല്ലാ അംഗങ്ങളും, ആദ്യ ഘട്ട സഹായമെന്ന നിലയില്‍ ഓരോ ലക്ഷം രൂപ വീതം സൈനികരുടെ കുടുംബങ്ങള്‍ക്ക് നേരിട്ടു കൈമാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതു കൂടാതെ നേരിട്ടുള്ള കൂടുതല്‍ സഹായങ്ങളും തൊഴിലവസരവും ലഭ്യമാക്കാന്‍ ഐക്കോണ്‍ ബില്ല്യണേഴ്‌സ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സി.ആര്‍.പി.എഫ് വെല്‍ഫെയറുമായി ബന്ധപ്പെട്ട് എല്ലാ ജവാന്മാരുടെ കുടുംബങ്ങള്‍ക്കും നേരിട്ട് സഹായം എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button