KeralaLatest News

വികസനത്തിന് കേരളത്തിന് റോൾ മോഡലുകൾ ഇല്ല :എ.സമ്പത്ത് എം.പി

ആലപ്പുഴ: വികസനത്തിന് കേരളത്തിന് മുന്നിൽ റോൾ മോഡലുകൾ ഇല്ല. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളത്തിന് കേരളം തന്നെയാണ് റോൾ മോഡലെന്നും എം.സമ്പത്ത് എം.പി. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര സംസ്ഥാന ബജറ്റിലൂടെ കേരളം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രതീക്ഷിത പ്രായദൈർഘ്യം ദേശീയ ശരാശരിയെക്കാൾ 10 വർഷം കൂടുതലാണ്. നാല് വൈറോളജി ഇൻസ്‌ററിറ്റിയൂട്ടുകൾ നമുക്കുണ്ട്. ഊരാളുങ്കൽ പോലുള്ള സൊസൈറ്റികൾ നമുക്കുണ്ട്. പങ്കുചേരലിലൂടെ മലയാളിക്ക് അൽഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പുനർനിർമാണത്തിന് ആവശ്യമായ വിഹിതം കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താതെ പോയത് നിരാശാജനകമാണെന്ന് എ.സമ്പത്ത് എം.പി പറഞ്ഞു. കേരളത്തിന്റെ പ്രളയാന്തര വിഭവ സമാഹരണത്തിൽ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ഇത് വിലയിരുത്തേണ്ടത്.100 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തെ നേരിട്ട സർക്കാരിന് വേണ്ട പരിഗണന നൽകിയില്ല.ഇല്ലാത്ത നാളുകളെക്കുറിച്ച് വല്ലാത്ത സ്വപ്നങ്ങൾ നെയ്യുന്ന കേന്ദ്ര ബജറ്റ് പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റാണ് പണം കണ്ടെത്താൻ ശ്രമിക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുപോലും കരുതൽ ധനം എടുക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. ഇത് ആശാസ്യമല്ല. റിസർവ് ബാങ്ക് ചെയർമാൻ ഊർജ്ജിത് പട്ടേൽ രാജിവച്ച സ്ഥിതിപോലും ഉണ്ടായി. സഹകരണ ബാങ്കിൽ നിന്നുള്ള പണം പോലും കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായി. കേരളത്തിന് വെളിയിൽ 10 ശതമാനം മലയാളികൾ പണിയെടുക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഈ മലയാളികളുടെ ധനസഹായം പോലും നമുക്ക് നിഷേധിക്കുന്ന സാഹചര്യമുണ്ടായി. ഒരുലക്ഷം കോടി രൂപയിലധികം വരുന്ന വിദേശ നാണ്യമാണ് നമ്മുടെ സമ്പത്ത് ഘടനയ്ക്ക് ശക്തിപകരുന്നത്. തങ്ങളുടെ സംസ്ഥാനത്ത് ദുരന്ത സമയത്ത് വിദേശ പണം വാങ്ങിയവർ ദുരഭിമാനത്തിന്റെ പേരിൽ കേരളത്തോട് കാട്ടിയത് രാഷ്ട്രീയ പ്രശ്‌നം മാത്രമല്ല, ആത്മാഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്.

കേന്ദ്ര സർക്കാരിന്റെ പുതിയ ബജറ്റ് നയങ്ങൾ പല പുതുമകളും നിറഞ്ഞതാണ്. റയിൽവേ ബജറ്റ് തന്നെ അസ്തമിപ്പിച്ചു. സുതാര്യതയുടെ ഭാഗമായ സാമ്പത്തിക സർവേ റിപ്പോർട്ട് തന്നെ ഇല്ലാതാക്കി. ഭരണഘടനാപരമായ ബാധ്യത നിർവഹിക്കാൻ കഴിയാതെ ദേശീയ സ്ഥിതിവിവര കമ്മീഷൻ ചെയർമാൻ പടിയിറങ്ങുന്നത് നമ്മൾ കണ്ടു. ബജറ്റിന്റെ അടിസ്ഥാന ഘടകങ്ങളെ ഇല്ലാതാക്കി. എല്ലാ അധികാരങ്ങളും ജനങ്ങളിൽ നിന്ന് ഉൽഭവിക്കണമെന്ന ജനാധിപത്യ തത്വവും ഉത്തരവാദിത്തം ജനങ്ങളോടാണ് എന്ന തത്വവും തകർക്കപ്പെട്ടു.

ലഭിക്കാതെ പോയ റവന്യൂവിന്റെ  കണക്ക് പോലും ഇത്തവണ പാർലമെന്റ് അംഗങ്ങൾക്ക് ലഭിച്ചില്ല. ബജറ്റ് കോപ്പിപോലും മാധ്യമങ്ങൾക്ക് നൽകിയില്ല.സർക്കാരിന്റെ റവന്യൂ വേണ്ടന്ന് വച്ചത് ഔഷധങ്ങൾ ഇറക്കുമതി ചെയ്യാനല്ല, മറിച്ച് ജംസ് ആൻഡ് ജ്യുവലറികൾക്കാണ് എന്നത് കൂടി ചേർത്ത് വായിക്കണം. ഇത്തരത്തിൽ ഇന്ത്യൻ പാർലമെന്റ് കടന്നുപോകുന്ന ദുരവസ്ഥയെക്കുറിച്ച് വോട്ട് ചെയ്യുന്ന പൊതുജനം കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും എ.സമ്പത്ത് പറഞ്ഞു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ സ്ത്രീകളോട് ഏറ്റവും സൗഹൃദം പുലർത്തുന്ന ബജറ്റ് അവതരിപ്പിച്ചത് കേരളമാണ്. പാലിയേറ്റീവിനും ജീറിയാട്രിക് വിഭാഗത്തിനും ഏറ്റവും പ്രാധാന്യം നമ്മൾ നൽകുന്നു. വികസന പ്രവർത്തനങ്ങളുടെ സോഷ്യൽ ഓഡിറ്റിങ് വേണമെന്നാണ് നമ്മുടെ ബജറ്റ് ചൂണ്ടിക്കാട്ടുന്നത്-എം.പി.പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button