Latest NewsIndia

നിറങ്ങളുടെ ഉത്സവമായ ഹോളി ഇന്ന് : രാഷ്‌ട്രപതി രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു

ന്യൂഡല്‍ഹി: വസന്ത കാലത്തെ വരവേറ്റ് ഇന്ന് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം കൂടിയാണ് ഹോളി. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തേച്ച് നിറങ്ങളില്‍ നീരാടിയാണ് ഹോളി ആഘോഷങ്ങള്‍. ഹോളിയോട് അനുബന്ധിച്ചു ഉത്തരേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ്.

പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു.‘ഹോളിയുടെ ആഹ്ലാദപൂരിതമായ ഈ അന്തരീക്ഷത്തിൽ ദേശത്തും വിദേശത്തമുള്ള എല്ലാ ഭാരത പൗരന്മാർക്കും ഞാൻ ആശംസകൾ നേരുന്നു.ഈ ആഘോഷം വർണങ്ങളുടെ ആഘോഷമാണ്. ഇത് സാഹോദര്യത്തിന്റെയും പരസ്പര സൗമനസ്യത്തിന്റെയും ആഘോഷമാണ്. വർണങ്ങളുടെ പ്രഭാവം നമ്മുടെ കുടുംബങ്ങളിലും പൊതു സമൂഹത്തിലും പരമമായ ഊർജ്ജം കൊണ്ട് വരട്ടെ.’ പൊതുജനങ്ങൾക്ക് നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷങ്ങളെങ്കിലും ദക്ഷിണേന്ത്യയിലും ഹോളി ഇപ്പോള്‍ വിപുലമായി തന്നെ ആഘോഷിക്കുന്നുണ്ട്. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആരംഭിച്ചത്. വിഷ്ണു ഭക്തനായ പ്രഹ്ലാദനുമായി ബന്ധപ്പെട്ടതാണ് ഹോളി ആഘോഷം. നന്മയുടെ പ്രതീകമായ പ്രഹ്ലാദന്‍ തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരിക്കുകയും തിന്മയുടെ പ്രതീകം കത്തി ചാമ്പലായപ്പോള്‍ പ്രഹ്ലാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളിയുടെ പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button