ArticleLatest News

കുഞ്ഞേ, ലോകം മുഴുവന്‍ നിന്നോട് മാപ്പു പറയട്ടെ..- രതി നാരായണന്‍

ആ എഴുവയസുകാരന്‍ വിതുമ്പലോടെ സ്വയം ചോദിക്കുന്നുണ്ടാകും എന്തിനാണ് അയാള്‍ എന്നോട് ഇങ്ങനെ

രാഷ്ട്രീയകൊലപാതകങ്ങളുടെ കഥകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. അത് രാജ്യം മുഴുവന്‍ അറിയുന്ന വാസ്തവം. എന്നാല്‍ ഇപ്പോള്‍ ചെറിയ കുട്ടികള്‍ പോലും അതിക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ സാക്ഷരതയും സംസ്‌കാരവുമൊക്കെ കാലങ്ങളായി അലംകാരമായി കൊണ്ടുനടക്കുന്ന ഒരു സംസ്ഥാനം അപമാനത്തിന്റെയും നാണക്കേടിന്റെയും പടുകുഴിയിലേക്ക് വീണു കഴിഞ്ഞിരിക്കുന്നു. ഇതാദ്യമായല്ല കേരളത്തില്‍ ചെറിയ കുട്ടികളോട് കാടത്തം കാണിക്കുന്നത്. മുമ്പ് ഇടുക്കിയില്‍ ഷെഫീക്ക് എന്നൊരു കുഞ്ഞും അച്ഛന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനമേറ്റ് അവശനായി വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. അന്ന് ഷെഫീക്കിനെ ചേര്‍ത്തുപിടിക്കാന്‍ ഒരുപാട് പേരെത്തി. ഇപ്പോള്‍ തൊടുപുഴയില്‍ നിന്നാണ് മനസാക്ഷിയുള്ളവര്‍ക്കാര്‍ക്കും പൊറുക്കാനാകാത്ത മറ്റൊരു പീഡനകഥ.

രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തില്‍ തലയോട്ടി തകര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഒരു ഏഴുവയസുകാരന്‍. കൊഞ്ചിച്ചും ലാളിച്ചും ചോറുവാരിനല്‍കിയും ഓമനിക്കപ്പെടേണ്ട ഒരു കുഞ്ഞ് കൊടിയ മര്‍ദ്ദനം സഹിക്കാനാകാതെ ഈ ലോകത്ത് നിന്ന് തന്നെ വിട പറഞ്ഞുപോകാനൊരുങ്ങുന്നു. കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ, ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ്..ഒരു രണ്ടാംക്ലാസുകാന്റെ അവസ്ഥയാണിത്.

കുട്ടിയുടെ നാല് വയസ് മാത്രമുള്ള ഇളയ സഹോദരനും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അമ്മയുടെ സുഹൃത്ത് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദാണ് പൈശാചികമായ ഈ കൃത്യം ചെയ്തത്.ഇയാളെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ച മുമ്പാണ് മാതാവും കൂടെ താമസിക്കുന്ന യുവാവും ചേര്‍ന്ന് കുട്ടിയെ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി കട്ടിലില്‍ നിന്ന് വീണ് തലയ്ക്കു പരിക്കേറ്റതാണെന്നാണ് അരുണും കുട്ടിയുടെ അമ്മയും ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നി ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് മാത്രമല്ല ശരീരത്തിന്റെ മറ്റ് സ്ഥലങ്ങളിലും പരിക്കേറ്റതായി മനസിലായി. തുടര്‍ന്നാണ് കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

ബിടെക് ബിരുദധാരിയായ ഒരു സ്ത്രീയാണ് ഈ കുഞ്ഞുങ്ങളുടെ അമ്മ എന്നതാണ് ദുരന്തത്തിന്റെ ആഴം കൂട്ടുന്നത്. സ്വന്തം കുഞ്ഞുങ്ങളെ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്ന ഒരുത്തനെതിരെ പെരുവിരള്‍ പോലും അനക്കാതെ അവര്‍ കണ്ടുനിന്നു എന്നത് അക്ഷന്തവ്യമായ കുറ്റമാണ്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വാദിച്ചാല്‍ അവര്‍ക്ക് കൂടുതല്‍ ആക്രമണം ഏറ്റുവാങ്ങേണ്ടി വരുമന്നെ് ഭയന്നാണ് മിണ്ടാതിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. കുട്ടികളുടെ ശരീരത്തില്‍ കാണുന്ന പാടുകള്‍ പലപ്പോഴും അരവിന്ദ് ഇവരെ ഉപദ്രവിച്ചതിന്റെ വ്യക്തമായ തെളിവുകളാണ്. മാത്രമല്ല ഏഴുുവയസുകാരനെതിരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും ഇപ്പോള്‍ തെളിഞ്ഞു. ഇതൊക്കെ അമ്മ അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞാല്‍ അത് വിശ്വസനീയമല്ല. തന്നെ കുട്ടികളില്‍നിന്ന് അകറ്റാനാണ് അരുണ്‍ ശ്രമിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. ഭര്‍ത്താവിന്റെ മരണശേഷം, തുടര്‍ന്നുള്ള നിസ്സഹായാവസ്ഥയില്‍ സംരക്ഷകനായിട്ടാണ് ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണെത്തിയതെന്നും ഇവര്‍ പറയുന്നു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിനു വല്യമ്മയെ ഏല്‍പിച്ചിരിക്കുകയാണ്. യുവതിയുടെ ആദ്യ ഭര്‍ത്താവ് 10 മാസം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ അരുണ്‍ യുവതിക്കും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചതായാണ് പറയുന്നത്. ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് രണ്ട് കുഞ്ഞുങ്ങളുണ്ടായിട്ടും മറ്റൊരാളെ വിവാഹം കഴിക്കുകയും അയാള്‍ തന്റെ കുഞ്ഞുങ്ങളെ മൃഗീയമായി മര്‍ദ്ദിക്കുന്നത് നിശബ്ദയായി നോക്കിനില്‍ക്കുകയും ചെയ്യുന്ന ഒരു ബിടെക് ബിരുദധാരിയെക്കുറിച്ചോര്‍ത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍.

ഗാര്‍ഹിക പീഡനത്തെക്കാള്‍ ശക്തമാണ് ബാലപീഡനം. ശക്തമായ നിയമസംവിധാനങ്ങളുപയോഗിച്ച് ഈ കൊടുംകൃത്യം ചെയ്യുന്നവര്‍ക്ക് തക്ക ശിക്ഷ ഉറപ്പാക്കണം. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന് സംശയം തോന്നിയാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അമ്മയും അച്ഛനുമല്ലേ കുട്ടികളോട് എന്തുമാകാമല്ലോ എന്ന അയല്‍ക്കാരന്റെ മനശാസ്ത്രവും തിരുത്തപ്പെടണം. ഒരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞ് എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ പോലും കഴിയാതെ നിരന്തരം ആക്രമിക്കപ്പെടുന്നു എന്നത് എത്രമാത്രം നോവ് നല്‍കുന്ന വാര്‍ത്തയാണ്.  സ്വന്തം കുഞ്ഞുങ്ങളെ രാജകുമാരന്‍മാരായി വളര്‍ത്തുകയും ലാളിക്കുകയും ചെയ്യുന്നവര്‍ അപ്പുറത്തെ കുഞ്ഞിന്റെ കണ്ണുനീരും അടക്കിപിടിച്ച തേങ്ങലും കേട്ടില്ലെന്ന് നടിക്കരുത്. എന്തായാലും ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നാല്‍ വാരിപ്പുണരാന്‍ കാത്തിരിക്കുന്നുണ്ട് ഒരുപാട് അമ്മമാര്‍. നെഞ്ച് വിങ്ങാതെ അവന്റെ കഥ കേള്‍ക്കാന്‍ ഒരാള്‍ക്കും കഴിയില്ല. കൊടുംകുറ്റവാളിയായ ഒരുവനും പ്രതികരണശേഷി ഇല്ലാത്ത പെറ്റമ്മയും ചേര്‍ന്ന് നിനക്ക് സമ്മാനിച്ച ദുരന്തത്തിന് കുഞ്ഞേ, ലോകം മുഴുവന്‍ നിന്നോട് മാപ്പു പറയട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button