Latest NewsSaudi ArabiaGulf

കോബാറിലെ കമ്പനിയിൽ പതിനൊന്നു മാസമായി ശമ്പളമില്ല; നരകയാതനയിൽ മുന്നൂറോളം തൊഴിലാളികൾ

അൽകോബാർ: ജോലി ചെയ്തിരുന്ന കമ്പനി പാപ്പരായതോടെ, പതിനൊന്നു മാസമായി ശമ്പളം കിട്ടാതെ ഇന്ത്യക്കാർ ഉൾപ്പെടെ മുന്നൂറോളം തൊഴിലാളികൾ ബുദ്ധിമുട്ടിലായിരിയ്ക്കുന്നു. അൽ കോബാറിൽ റാക്ക കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന നാസിർ ബിൻ ഹസ്സ കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്. മുൻപ് ലാഭകരമായി പ്രവർത്തിച്ചിരുന്ന ഈ വലിയ കമ്പനി, സ്ഥാപകഉടമസ്ഥന്റെ മരണശേഷം മക്കൾ ഏറ്റെടുത്ത് നടത്താൻ തുടങ്ങിയ ശേഷമാണ്, മാനേജ്‌മെന്റ് പിടിപ്പുകേട് മൂലം നഷ്ടത്തിലേയ്ക്ക് കൂപ്പ് കുത്തിയത്. കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ആയതോടെ ജോലിക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ കൊടുക്കാൻ കഴിയാതെ, അടച്ചു പൂട്ടലിന്റെ വക്കിലെത്തിയിരിയ്ക്കുകയാണ് കമ്പനി.

ഇന്ത്യ, നേപ്പാൾ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യക്കാരായ ഇരുന്നൂറോളം ജോലിക്കാരാണ്, സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്യാമ്പുകളിൽ, ശമ്പളം കിട്ടാത്തതിനാൽ, ആഹാരത്തിനു പോലും പണമില്ലാതെ വിഷമിയ്ക്കുന്നത്. ഇൻഷുറൻസ് പുതുക്കാത്തതിനാൽ രോഗികളായവർക്ക് ചികിത്സ ലഭിയ്ക്കുന്നില്ല. സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നിരവധി തൊഴിലാളികൾ ലേബർ കോടതിയിൽ കേസ് നൽകിയെങ്കിലും, കമ്പനി സൗദി സർക്കാരിന് പാപ്പർ ഹർജി നൽകി സാവകാശം വാങ്ങി, കേസുകൾ അനന്തമായി നീട്ടികൊണ്ടു പോകുകയാണ്.

പരാതിയുമായി നവയുഗം സാംസ്ക്കാരികവേദി ഹെൽപ്പ് ഡെസ്ക്കിൽ എത്തിയ തൊഴിലാളികളുടെ അഭ്യർത്ഥനയെത്തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറും, നവയുഗം രക്ഷാധികാരി ഷാജി മതിലകവും കേസിൽ ഇടപെട്ടു, ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധയിൽ പ്രശ്‌നം കൊണ്ടുവന്നു. ഇന്ത്യൻഎംബസ്സിയും സൗദി തൊഴിൽ മന്ത്രാലയ അധികൃതരുമായി ഈ തൊഴിലാളികളുടെ പ്രശ്നം പരിഹരിയ്ക്കാൻ സർക്കാർ തലത്തിലുള്ള ചർച്ചകൾ നടന്നു വരുന്നു. എത്രയും പെട്ടെന്ന് ഈ വിഷയം പരിഹരിയ്ക്കാൻ നടപടികൾ എടുക്കണമെന്ന് നവയുഗം ജീവകാരുണ്യവിഭാഗം സൗദി അധികൃതരോട് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button