KeralaLatest News

പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയില്‍; അശ്വതിയുടെ രോഷം

ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാല്‍ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയില്‍? ഇങ്ങനെ ചോദിക്കാതിരിക്കാന്‍ കഴിയില്ല ഒരു അമ്മയ്ക്കും. അഞ്ച് വയസുകാരിയുടെ അമ്മയും അവതാരകയുമായ അശ്വതിയും അതുതന്നെയാണ് ചോദിക്കുന്നത്. തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരനെ കുറിച്ചും സ്വന്തം അമ്മ കൂട്ടുനിന്നതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് അശ്വതി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അശ്വതിയുടെ പ്രതികരണം. തൊടുപുഴയില്‍ കൊല്ലപ്പെട്ട കുഞ്ഞ് എന്റെ ഉറക്കത്തിന് നിരന്തരം വിലപറയുന്നു. വെറുമൊരോര്‍മ്മയില്‍ പോലും കണ്ണുകള്‍ കവിഞ്ഞൊഴുകുന്നു. എന്തെന്നില്ലാത്ത ഒരു പകപ്പോടെ എന്റെ അഞ്ചു വയസ്സുകാരിയെ കൂടുതല്‍ ചേര്‍ത്ത് പിടിക്കുന്നുവെന്ന് അശ്വതി കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുഞ്ഞിനെ മുറിയിൽ ഉറക്കി കിടത്തി ഡൈനിങ്ങ് ടേബിളിൽ വന്നു ഭക്ഷണം കഴിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? ഏതു നിമിഷവും ഓടിയെത്താൻ തയ്യാറായി പാതി ദേഹം മാത്രം കസേരയിൽ തൊട്ടാവും ഇരിപ്പ്‌ പോലും.
ഓരോ കുഞ്ഞനക്കങ്ങളും അവളെ ഞെട്ടിക്കും. കണ്ണും കാതും മനസ്സും കുഞ്ഞിന്റെ ചുറ്റും വിട്ട് വെറുമൊരു ദേഹവുമായാണ് കുഞ്ഞുറങ്ങുന്ന മുറിയിൽ നിന്നും ഓരോ അമ്മയും പുറത്തിറങ്ങാറ്. അങ്ങനെയൊരമ്മ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിൽ അടച്ച് രാത്രി ഭക്ഷണത്തിന് പുറത്തു പോകുന്നുവെന്ന് കേൾക്കുമ്പോൾ, നാലു വയസ്സുകാരനെ ഒറ്റയ്ക്കു വീട്ടിലടച്ച് ആശുപത്രിയിലേക്ക് പോയെന്ന് കേൾക്കുമ്പോൾ ഉള്ളിലൊരു വിറ പടരുന്നു.

കണ്ണ് നനയ്ക്കുന്ന വാർത്തകളിൽ നിന്ന് എപ്പോഴും ഒഴിഞ്ഞു മാറാറാണ് പതിവ്. എന്തിന് ! അത്തരം സിനിമകളിൽ നിന്നു പോലും.
പക്ഷേ തൊടുപുഴയിൽ കൊല്ലപ്പെട്ട കുഞ്ഞ് എന്റെ ഉറക്കത്തിന് നിരന്തരം വിലപറയുന്നു. വെറുമൊരോർമ്മയിൽ പോലും കണ്ണുകൾ കവിഞ്ഞൊഴുകുന്നു. എന്തെന്നില്ലാത്ത ഒരു പകപ്പോടെ എന്റെ അഞ്ചു വയസ്സുകാരിയെ കൂടുതൽ ചേർത്ത് പിടിക്കുന്നു.

എന്റെ നാട്ടിലാണത് സംഭവിച്ചത്. എന്റെ വീട്ടിൽ നിന്ന് ഏറിയാൽ പത്തു കിലോമീറ്റർ അകലത്തിൽ. എന്നിട്ടും അവന്റെ അമ്മ, എന്റെ അമ്മയുടെ സുഹൃത്തിന്റെ മകൾ ആണ് എന്ന് ഇന്നലെ മാത്രമാണ് തിരിച്ചറിഞ്ഞത്…എന്തൊക്കെ ചെയ്തിട്ടും കണ്ണും കാതും കൊട്ടിയടച്ചിട്ടും വല്ലാത്തൊരു മരവിപ്പാണ്.

അവന്റെ അമ്മയെ പലരും ന്യായീകരിച്ചു കണ്ടു…മനഃശാസ്ത്രജ്ഞർ ഉൾപ്പെടെ. വൈധവ്യം അംഗീകരിക്കാനുള്ള മനസ്സിന്റെ വിമുഖത കൊണ്ട് ഇറങ്ങി പോയതാവും എന്ന്… സ്വന്തം കുഞ്ഞിനെ ഒരുത്തൻ കാലിൽ തൂക്കി തറയിലടിക്കുമ്പോൾ പ്രതികരിക്കാനാവാത്ത വണ്ണം അവൾ മരവിച്ചു പോയതാകാം എന്ന്…
ഭർത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനൊപ്പം പോകണമെന്ന് ബന്ധുക്കളോട് പറഞ്ഞതാണവൾ. ഒന്നാലോചിച്ചാൽ ശരിയാണ്. സ്വബോധമുള്ള ഒരു സ്ത്രീയും പറയാത്ത കാര്യമാണ്. കുഞ്ഞിനെ ഉപദ്രവിച്ചപ്പോൾ മരവിച്ചു പോയെങ്കിലും ആശുപത്രിയിൽ എത്തിയപ്പോൾ അപകടമാണെന്ന് പറയാൻ കാണിച്ച ജാഗ്രതയോർക്കുമ്പോഴാണ് വീണ്ടും അതിശയം.
ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാൽ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാൾ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയിൽ…!

ഒരു വർഷം മുമ്പ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് തിരികെ വണ്ടിയിൽ കയറുമ്പോൾ പത്മയുടെ വിരൽ കാറിന്റ ഡോറിനിടയിൽ കുരുങ്ങി. അവളെയും കൊണ്ട് വണ്ടിയോടിച്ച് ഹോസ്പിറ്റൽ വരെ എത്തിയതെങ്ങനെയെന്ന് ഇന്നും എനിക്കറിയില്ല. കാര്യമായൊന്നും പറ്റിയിട്ടില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകുമായിരുന്നെങ്കിലും കുഞ്ഞിനേക്കാൾ ഉച്ചത്തിൽ കരഞ്ഞത് ഞാനാണെന്ന് പറഞ്ഞ് ഇന്നും വീട്ടുകാർ കളിയാക്കാറുണ്ട്. പരിസരം മറന്ന് നിലവിച്ചതോർത്ത് എനിക്ക് തന്നെ പിന്നീട് നാണക്കേട് തോന്നിയിട്ടുമുണ്ട്. പക്ഷേ അതങ്ങനെയാണ്…

എനിക്ക് നൊന്താൽ അച്ഛനും നോവും എന്ന് പണ്ട് അച്ഛൻ പറഞ്ഞ് പഠിപ്പിച്ചത് അക്ഷരാത്ഥത്തിൽ അങ്ങനെയാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു.
അത് തന്നെ എന്റെ മകളോടും ഞാൻ പറയാറുണ്ട്. കാല് വേദന വന്നാലോ തല എവിടെയെങ്കിലും മുട്ടി വേദനിച്ചാലോ അവൾ ഓടി വന്നു ചോദിക്കും അമ്മയ്ക്കും ഇപ്പോൾ അവിടെ വേദനിക്കുന്നില്ലേ എന്ന്… അവൾക്ക് നൊന്താൽ അമ്മയ്ക്ക് നോവും എന്ന് അവൾ അതിശക്തമായി വിശ്വസിക്കുന്നുണ്ട്…ആ വിശ്വാസമല്ലാതെ മറ്റെന്താണ് നമ്മൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുക ??

ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഒരു കുഞ്ഞിനെ പ്രസവിക്കാനും വളർത്താനും ശാരീരിക ക്ഷമത മാത്രമാണല്ലോ ഈ ലോകത്തിന്റെ മാനദണ്ഡം…മാനസികമായൊരു പരുവപ്പെടൽ ഏറ്റവും ആവശ്യമായ ഉത്തരവാദിത്വമാണ് അമ്മയും അച്ഛനുമാകൽ എന്നിരിക്കെ അതില്ലാവരുടെ ലോകത്തേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി കുഞ്ഞു ജീവനുകൾ ഇനിയും എത്തുകയും ഇതുപോലെ നരകയാതനകൾ അനുഭവിക്കുകയും ചെയ്യും!! അമ്മയോ അച്ഛനോ ആയതുകൊണ്ട് മാത്രം അവർ കുഞ്ഞിന്റെ പരമാധികാരികളെന്ന ചിന്ത നമുക്കും മാറേണ്ടിയിരിക്കുന്നു. ഓരോ കുഞ്ഞും അച്ഛനമ്മമാരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. ഏതെങ്കിലും തരത്തിൽ വികലമായ മനസ്സുള്ളവരാണ് മാതാ പിതാക്കളെന്നു അയൽക്കാർക്കോ, ബന്ധുക്കൾക്കോ ഡോക്ടർമാർക്കോ അദ്ധ്യാപകർക്കോ തോന്നിയാൽ കുഞ്ഞുങ്ങളെ വിധിയ്ക്ക് വിട്ട് കൊടുക്കാതെ ദയവായി അധികൃതരെ വിവരമറിയിക്കുക. മാനസിക വൈകല്യങ്ങളുടെ ഇരയായി പിന്നീടതിന്റ പിൻ തുടർച്ചക്കാരാവേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങൾ. വേണ്ടതിനും വേണ്ടാത്തതിനും സദാചാര പോലീസാവുന്ന നമ്മൾ അയൽ വീടുകളിൽ കേൾക്കുന്ന കുഞ്ഞു നിലവിളികൾക്ക് കൂടി കാതു കൊടുത്തിരുന്നെങ്കിൽ ചില ദുരന്തങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു…

കുഞ്ഞേ…മാപ്പ് ??

https://www.facebook.com/AswathyOfficial/posts/2214111395519586

shortlink

Related Articles

Post Your Comments

Related Articles


Back to top button