KeralaLatest NewsElection Special

ലോറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ : തൃശൂരില്‍ ഇരുമുന്നണികളെയും നിഷ്പ്രഭരാക്കി സുരേഷ് ഗോപി

രതി നാരായണന്‍

വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന നക്ഷത്രം എന്ന നിലയില്‍ അല്ല മനസില്‍ നന്‍മയുള്ള കലാകാരനായ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സുരേഷ് ഗോപി ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാകുന്നത്. ആ നന്‍മയും പ്രതിബദ്ധതയും അറിഞ്ഞാണ് ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതും. ജനപ്രതിനിധിയായി ലോക്‌സഭയിലെത്താന്‍ സുരേഷ് ഗോപി പോര്‍ത്തട്ടിലിറങ്ങുമ്പോള്‍ ശക്തമായ ത്രികോണമത്സരം കാഴ്ച്ച വയ്ക്കുന്ന മണ്ഡലമെന്ന നിലയില്‍ തൃശൂര്‍ ശ്രദ്ധേയമാകുകയാണ്. തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാല്‍ ബിജെപിക്ക് ഏറ്റവുമധികം സ്വാധീനമുള്ള മണ്ഡലങ്ങളുടെ പട്ടികയിലാണ് തൃശൂരിപ്പോള്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം വളരെ വൈകിയെടുത്ത തീരുമാനമാനമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.

sure

ബിഡിജെഎസിന് നല്‍കിയ തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തുഷാര്‍ വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്‌കാരികജില്ലയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ആഗ്രഹം പല പ്രമുഖ ബിജെപി നേതാക്കളും പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍ ആ ദൗത്യം ദേശീയ നേതൃത്വം സുരേഷ് ഗോപിയെ ഏല്‍പ്പിക്കുകയായിരുന്നു. രാജ്യസഭാ എംപിയായ അദ്ദേഹത്തെ ഡല്‍ഹിയില്‍ വിളിപ്പിച്ച് തൃശൂരില്‍ മത്സരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്് ഷാ തന്നെയാണ് ആവശ്യപ്പെട്ടത്.

പേരിനും പ്രശസ്തിക്കും വേണ്ടി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരുടെ ഇടയിലാണ് ഇതൊന്നും ആവശ്യമില്ലാതെ തന്നെ സുരേഷ് ഗോപി എന്ന നടന്‍ പൊതുപ്രവര്‍ത്തകന്റെ വേഷമണിഞ്ഞത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളുമായി അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ കയ്യടിച്ചവരും കല്ലെറിഞ്ഞവരുമുണ്ട്. എന്നാല്‍ കഷ്ടപ്പെടുന്ന മനുഷ്യനോട് ഉള്ളില്‍ നിന്നുയരുന്ന കാരുണ്യവും സ്‌നേഹവും എന്നുമുണ്ടായിരുന്നതിനാല്‍ സേവനപാതയില്‍ തന്നെയായിരുന്നു എപ്പോഴും സുരേഷ് ഗോപി. വെള്ളിത്തിരയില്‍ അനീതിക്കും അധര്‍മ്മത്തിനും എതിരെ പോരാടി കയ്യടിവാങ്ങി ജീവിതത്തില്‍ കണ്ണിന് മുന്നില്‍ നടക്കുന്ന അനീതികളും അക്രമമവും കണ്ടില്ലെന്ന് നടിക്കുന്നവരുടെ ലോകത്തില്‍ ഒറ്റയാള്‍പോരാട്ടമായിരുന്നു സുരേഷ് ഗോപിയുടേത്. വൈകിയാണെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തിലെത്തിയ സുരേഷ് ഗോപി ജനങ്ങള്‍ക്ക് ചിരപരിചിതനായതിനാല്‍ പരിചയപ്പെടുത്തലുകളോ ആമുഖമോ ഇല്ലാതെ ജനങ്ങള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.

സിനിമയിലെ കിടിലന്‍ ഡയലോടുകളെ വെല്ലുന്ന പ്രസ്താവനകളുമായി എതിരാളികളെ നിഷ്പ്രഭരാക്കുകയാണ് സുരേഷ് ഗോപി. ശക്തമായ പ്രചാരണങ്ങളുമായി ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ നിറഞ്ഞുനിന്ന് മണ്ഡലത്തില്‍ പൊടുന്നനേ സുരേഷ് ഗോപിയെന്ന പേര് മുഴങ്ങാന്‍ തുടങ്ങി. വന്‍ജനക്കൂട്ടമാണ് അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളിലെല്ലാം. മണ്ഡലത്തില്‍ രണ്ടാംവട്ട പര്യടനവും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഉത്സാഹവാനായി പ്രചാരണങ്ങള്‍ക്ക് ചടുലത പകരുകയാണ് ഈ സ്ഥാനാര്‍ത്ഥി.

സിറ്റിങ്ങ് എംപി സിഎന്‍ ജയദേവനെ ഒഴിവാക്കി പകരം അദ്ദേഹത്തിന് കൂടി താത്പര്യമുള്ള രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു സിപിഐ. ലോക്‌സഭയിലേക്കുള്ള രാജാജിയുടെ ആദ്യമത്സരമാണിത്. 2006-ല്‍ ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തി. എന്നാല്‍ 2011 ല്‍ ഇവിടെ പരാജയപ്പെടുകയും ചെയ്തു.ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടിഎന്‍ പ്രതാപനെത്തിയത്. നാട്ടികയില്‍ നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും രണ്ട് തവണ നിയമസഭയിലെത്തിയിട്ടുള്ള പ്രതാപനും ലോക്സഭയിലേക്കിത് കന്നിയങ്കമാണ്. സംസ്ഥാനസര്‍ക്കാരിന്റെ ഭരണനേട്ടം നിരത്തി ഇടത് മുന്നണി വോട്ട് പിടിക്കാനിറങ്ങുമ്പോള്‍ അക്രമരാഷ്ട്രീയവും പ്രളയ ദുരിതാശ്വാസത്തിലെ വീഴച്ചകളുമാണ് യുഡിഎഫിന്റെ തുറുപ്പ് ചീട്ട്. ഇവര്‍ക്കിടയില്‍ ഇരുമുന്നണികളുടെയും വീഴ്ച്ചകള്‍ നിരത്തി മോദി ഭരണത്തെ വാഴ്ത്തി എന്‍ഡിഎ പ്രചാരണം തകര്‍ക്കുമ്പോള്‍ സുരേഷ് ഗോപി അവസാനനിമിഷമല്ല ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയായി എ്രത്തേണ്ടിയിരുന്നു എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന ശൈലിയില്‍ അരങ്ങ് തകര്‍ക്കുകയാണ് സ്ഥാനാര്‍ത്ഥി.

വ്യക്തി എന്ന നിലയില്‍ സുരേഷ് ഗോപിയുടെ ഗുണങ്ങള്‍ വിളിച്ചുപറയുന്നുണ്ട്് ചലച്ചിത്രരംഗത്തെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍. നന്മകള്‍ മനസില്‍ സൂക്ഷിക്കുന്ന പൊതു പ്രവര്‍ത്തകനാണ് സുരേഷ് ഗോപിയെന്നാണ് പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്. രാഷ്ട്രീയത്തിനുപരിയായി നാടിന് നന്മ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അന്യരുടെ ദുഖത്തില്‍ വേദനിക്കുന്ന ഹൃദയമാണ് സുരേഷ് ഗോപിയുടേതെന്നും അന്തിക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. അതേ, ജനങ്ങള്‍ക്കായി എന്തൊക്കെ ചെയ്യും എന്ന് സുരേഷ് ഗോപിയെപ്പോലൊരു പൊതുപ്രവര്‍ത്തകന് വിളിച്ചുപറയേണ്ട കാര്യമില്ല. രാഷ്ട്രീയക്കാരന്റെ കുപ്പായമിടുന്നതിന് മുമ്പ് ജനസേവകനായതാണ് അദ്ദേഹം. അതുകൊണ്ട് തന്നെ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സമൂഹ നന്‍മ ആഗ്രഹിക്കുന്നവരെല്ലാം തനിക്കൊപ്പമുണ്ടാകുമെന്ന ഉറച്ച വിശ്വാസമുണ്ട് സുരേഷ് ഗോപിക്ക്

തൃശൂര്‍ വോട്ടുനില 2014

സിഎന്‍ ജയദേവന്‍ (സിപിഐ)
389209
ഭൂരിപക്ഷം 38227

കെപി ധനപാലന്‍ (കോണ്‍ഗ്രസ് )
350982

സാറാ ജോസഫ് (ആം ആത്മി)
44638

shortlink

Related Articles

Post Your Comments


Back to top button