Latest NewsKerala

അനഭിമതനാക്കപ്പെടുമെന്നും അധിക്ഷേപിക്കപ്പെടുമെന്നുമറിഞ്ഞിട്ടും സ്വന്തം നട്ടെല്ലിന് ഉറപ്പുണ്ടെന്ന് കാട്ടിയ ധീരന്‍

ഡോ. വൈശാഖ് സദാശിവന്‍

Mr. ബിജു മേനോന്‍… താങ്കള്‍ മികച്ച ഒരു അഭിനേതാവാണ്.. സമ്മതിക്കുന്നു… പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ നടത്തുന്ന ചില പരാമര്‍ശങ്ങളില്‍ ‘ജാഗ്രത കുറവ്’ ഉണ്ടാകാതെ നോക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്… വാക്കുകള്‍ അളന്നു തൂക്കി ഉപയോഗിക്കണം.. ഇല്ലെങ്കില്‍ മലയാളികള്‍ പലതും പഠിപ്പിക്കും… കാരണം ” ഇത് കേരളമാണ്…..’

അഭിപ്രായ സ്വാതന്ത്ര്യത്തിനേറെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റേയുമൊക്കെ വിളനിലമാണ് ഈ കേരളമെന്ന ചൊല്ലു കേട്ട് ഇങ്ങനെ എടുത്തു ചാടാമോ മാഷേ… ഈ പറയുന്ന സ്വാതന്ത്ര്യങ്ങള്‍, ഇവിടത്തെ ഇടതന്റേയും വലതന്റെയും കാലു നക്കി, അവര്‍ക്കായി സ്തുതി പാടി നടക്കുന്നവര്‍ക്ക് മാത്രം ഉള്ള വണ്‍വേ ട്രാഫിക്ക് ആണെന്ന് താങ്കള്‍ തിരിച്ചറിയാതെ പോയല്ലോ.. സ്വന്തമായുള്ള നട്ടെല്ലു നിവര്‍ത്തി നില്‍ക്കുന്നവര്‍ക്ക്, നിലപാടുള്ളവര്‍ക്ക് അങ്ങനെ എന്തും വിളിച്ചു പറയാന്‍ ഇവിടെ സ്വാതന്ത്ര്യമില്ല എന്നോര്‍ക്കുക.. കാരണം ” ഇത് കേരളമാണ്…’

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ഗണേഷ് കുമാറിനു വേണ്ടി സാക്ഷാല്‍ മോഹന്‍ലാലിനു വോട്ടഭ്യര്‍ത്ഥിച്ചു ചെല്ലാം.. ഇന്നസെന്റിനു വേണ്ടി സുരേഷ് ഗോപിക്ക് ചെല്ലാം… അതൊക്കെ സഹപ്രവര്‍ത്തകരുടെ സൗഹൃദത്തിന്റെ ഭാഗമായി കാണണം… കാണും.. എന്നാല്‍ അതേ സഹപ്രവര്‍ത്തക സൗഹൃദത്തിന്റെ പേരില്‍ ബിജുമേനോന്, സുരേഷ് ഗോപിക്കു വേണ്ടി വോട്ടു ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ല.. കാരണം സുരേഷ് ഗോപി, BJP സ്ഥാനാര്‍ത്ഥിയാണ്.. സഹപ്രവര്‍ത്തകന്‍, BJP സ്ഥാനാര്‍ത്ഥിയായാല്‍ അദേഹത്തിനു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നത് മഹാപാപമാണെന്ന് തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിയാതെ പോയല്ലോ… ഇതിന്റെ പേരില്‍ സിനിമാലോകത്ത് താങ്കള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കപ്പെടുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു… കാരണം ” ഇത് കേരളമാണ്….”

സ്വന്തം അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ താങ്കളുടെ ഫേസ്ബുക്ക് പേജില്‍ വന്നു കിടന്ന് പുലഭ്യം പറയുന്ന ഇവിടത്തെ പ്രബുദ്ധ ജീവികള്‍ക്കെതിരെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവകാശപത്രം ഉയര്‍ത്തിക്കാട്ടി, താങ്കള്‍ക്ക് പിന്തുണ നല്‍കാന്‍ ഇവിടത്തെ മാധ്യമ ലോകമോ ബുദ്ധിജീവി വര്‍ഗ്ഗമോ വരില്ല… പകരം ”സുരേഷ് ഗോപിക്ക് വേണ്ടി വോട്ടു ചോദിച്ച ബിജു മേനോന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല…” എന്നൊക്കെ അച്ചു നിരത്തി ഇക്കൂട്ടരും ഇതിനെ ആഘോഷമാക്കും… അതില്‍ കൂടുതലൊന്നും താങ്കള്‍ പ്രതീക്ഷിക്കുകയുമരുത്… കാരണം ” ഇത് കേരളമാണ്….”

ഇത് കേരളമായതിനാല്‍ ഇവിടെ ജീവിച്ചു പോകാന്‍ ചില വ്യവസ്ഥകള്‍ ഉണ്ട്.. അതു പാലിച്ച് പഞ്ചപുച്ഛമടക്കി, പറയുന്നതും കേട്ട് അടങ്ങിയൊതുക്കി നിന്നാല്‍ നല്ലൊരു സിനിമാ ഭാവി താങ്കള്‍ക്ക് ഇവിടെ ചിലര്‍ ഔദാര്യമായി നല്‍കും.. അല്ലാതെ ആ ചിലര്‍ക്ക് ഇഷ്ടക്കേടുണ്ടാക്കുന്ന നിലയില്‍ അഭിപ്രായ പ്രകടനവുമായി വന്നാല്‍ കളി പഠിപ്പിക്കും.. അങ്ങനെ വന്ന പലരേയും കളി പഠിപ്പിച്ച ചരിത്രമാണുള്ളത്… കാരണം ” ഇത് കേരളമാണ്…”

അതു കൊണ്ട് സൂക്ഷിക്കുക… മറക്കരുത്…
” ഇത് കേരളമാണെന്ന്….”

സംഗതി ഇതൊക്കെയാണേലും ബിജുവേട്ടാ.. നിങ്ങള്‍ മുത്താണ്.. അനഭിമതനാക്കപ്പെടുമെന്നും അധിക്ഷേപിക്കപ്പെടുമെന്നുമറിഞ്ഞിട്ടും സ്വന്തം നട്ടെല്ലിന് ഉറപ്പുണ്ടെന്നു കാണിച്ച, സ്വന്തം അഭിപ്രായങ്ങള്‍ക്ക് വിലയുണ്ടെന്നു കാട്ടിയ ധീരന്‍… മലയാളിയുടെ ബോധമണ്ഡലത്തില്‍ മാറ്റത്തിന്റെ ചിന്തകള്‍ക്ക് വഴിമരുന്നിട്ട താങ്കളോട് ഇഷ്ടം മാത്രം.. മുന്നോട്ടു പോകുക… എണ്ണത്തില്‍ കുറവാണേലും നട്ടെല്ലു പണയം വയ്ക്കാന്‍ മനസ്സില്ലാത്ത ഞാനുള്‍പ്പെടുന്ന ഒരു ചെറിയ കൂട്ടം പിന്നിലുണ്ട്…

shortlink

Related Articles

Post Your Comments

Related Articles


Back to top button