Latest NewsInternational

രണ്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ചൈനയിലേക്ക്

 

ബെയ്ജിംങ്: ഇന്ത്യയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ചൈനയിലേക്ക്. ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ നാവികസേനയുടെ രണ്ട് പടക്കപ്പലുകള്‍ ചൈനീസ് തുറമുഖത്ത് എത്തിയത്. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ശക്തി എന്നീ കപ്പലുകളാണ് ചൈനയിലെത്തിയത്. ചൈനയുടെ കിഴക്കന്‍ തുറമുഖമായ ഖിന്‍ദാവോയിലെത്തിയത്. ഇന്ത്യയ്ക്ക് പുറമെ പന്ത്രണ്ടോളം രാജ്യങ്ങള്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നുണ്ട്.

റഡാര്‍ കണ്ണുകളെ വെട്ടിച്ച് ആക്രമണം നടത്തുന്ന കപ്പലുകളെയും വിമാനങ്ങളെയും ആക്രമിക്കാന്‍ കെല്‍പ്പുള്ളതാണ് ഐഎന്‍എസ് കൊല്‍ക്കത്ത. അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും ഉള്‍ക്കൊള്ളുന്നതാണ് ഈ പടക്കപ്പല്‍. ഒരേസമയം വ്യോമ, നാവിക, അന്തര്‍വാഹിനി ആക്രമണങ്ങളെ തിരിച്ചറിയാനും പ്രത്യാക്രമണം നടത്താനും കൊല്‍ക്കത്തയ്ക്ക് സാധിക്കും. യുദ്ധക്കപ്പലുകള്‍ക്ക് പടക്കോപ്പുകള്‍, ഇന്ധനം എന്നിവ വിതരണം ചെയ്യാനായാണ് പ്രധാനമായും ഐഎന്‍എസ് ശക്തി എന്ന യുദ്ധക്കപ്പല്‍ ഉപയോഗിക്കുന്നത്. രണ്ടു യുദ്ധക്കപ്പലുകള്‍ക്കും നിരവധി ഹെലികോപ്റ്ററുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്.
അന്തര്‍വാഹിനികളെ ആക്രമിക്കാനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായും രണ്ട് കപ്പലുകളും ഉപയോഗിക്കാറുണ്ട്.

ഏപ്രില്‍ 22 മുതല്‍ 25 വരെയാണ് പരിപാടികള്‍ നടക്കുക. സ്വന്തം നാവികസേനാ ശക്തി പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയാണ് ചൈന ഫ്ളീറ്റ് റിവ്യു നടത്തുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി നിലവില്‍ വന്നിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ചൈന ഇത് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button